'ആര്‍ക്കെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ തിരുത്തട്ടെ'; കോര്‍കമ്മിറ്റി ചേരാത്തതില്‍ അതൃപ്തി പരസ്യമാക്കി ദീപ്തി മേരി വര്‍ഗീസ്

 
deepthi


കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പ്രതികരിച്ച് ദീപ്തി മേരി വര്‍ഗീസ്. കെപിസിസി നിര്‍ദേശിച്ച മന്ദണ്ഡങ്ങള്‍ പാലിച്ചില്ല. തര്‍ക്കം ഉണ്ടെങ്കില്‍ കെപിസിസി നിരീക്ഷകന്‍ എത്തി പരിഹരിക്കണം എന്നാണ് മാനദണ്ഡം. 


കോര്‍ കമ്മിറ്റി വിളിക്കുമെന്നാണ് പറഞ്ഞിട്ട് വിളിച്ചില്ല. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കാര്യം കെപിസിസി പ്രസിഡന്റിനോട് അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനത്തിനു മുന്‍പ് ആശയവിനിമയം നടത്തിയില്ല. കൂടുതല്‍ കൂടിയാലോചനകള്‍ ഉണ്ടാകണമായിരുന്നു. 

ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പിന്തുണ ലഭിച്ചു. കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ഒരു വിഷമവുമില്ല. കെപിസിസി തീരുമാനത്തിന് ഒപ്പം നില്‍ക്കും. 

ആര്‍ക്കെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ തിരുത്തട്ടെയെന്നും ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കി.

ദീപ്തി മേരി വര്‍ഗീസിന്റെ പേരായിരുന്നു ഏറ്റവു കൂടുതല്‍ മേയര്‍ സ്ഥാനത്തേക്ക് കേട്ടിരുന്നത്. എന്നാല്‍ വി.കെ മിനി മോളും ഷൈനി മാത്യുവും മേയര്‍ പദം പങ്കിടുമെന്നാണ് ഒദ്യോഗിക പ്രഖ്യാപനം വന്നത്.

ആദ്യത്തെ രണ്ടര വര്‍ഷം മിനിമോളും പിന്നീടുള്ള രണ്ടര വര്‍ഷം ഫോര്‍ട്ട്‌കൊച്ചി ഡിവിഷനില്‍നിന്ന് വിജയിച്ച ഷൈനി മാത്യുവും മേയറാകും. 


ഡപ്യൂട്ടി മേയര്‍പദവിയും വീതംവയ്ക്കും. ദീപക് ജോയ് ആദ്യം ഡപ്യൂട്ടി മേയറാകും. കെവിപി കൃഷ്ണകുമാര്‍ രണ്ടരവര്‍ഷത്തിനുശേഷം ഡപ്യൂട്ടി മേയറാകും.

ഇന്നലെ ചേര്‍ന്ന പാര്‍ലമെന്റെ പാര്‍ട്ടി യോഗത്തില്‍ വികെ മിനി മോള്‍ക്കും ഷൈനി മാത്യുവിനുമാണ് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത്. വികെ മിനി മോള്‍ക്ക് 17 പേര്‍ പിന്തുണ നല്‍കിയപ്പോള്‍ ഷൈനി മാത്യുവിന് 19 പേരും പിന്തുണച്ചു.

 ദീപ്തി മേരി വര്‍ഗീസിന് നാല് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. എ, ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദമാണ് ദീപ്തിയ്ക്കു വിനയായത്. 

നിയമസഭ തിരഞ്ഞെടുപ്പില്‍ ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാമെന്ന ധാരണയും ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.

Tags

Share this story

From Around the Web