'മദര്‍ തെരേസ ജീവിച്ചിരുന്നെങ്കില്‍ അവരെയും കൈവിലങ്ങ് അണിയിച്ചേനേ'. രൂക്ഷ വിമര്‍ശനവുമായി ജോസ് കെ. മാണി എം.പി. രാജ്യത്തിനകത്ത് തിരുവസ്ത്രം ഉപയോഗിച്ച് സഞ്ചരിക്കാനാകാത്ത അവസ്ഥ

റായ്പൂര്‍: കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പറയുന്നു. എന്നിട്ടും എന്തിനാണ് ഇവര്‍ക്കെതിരെ ഇത്രഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചുമത്തിയത്.
കേസ് റദ്ദാക്കണമെന്നു ജോസ് കെ. മാണി എം.പി. ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് എതിരെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ഉള്‍പ്പെടയുള്ള കുറ്റങ്ങള്‍ ചുമത്തിയത് രാഷ്ട്രീയ പ്രേരിതമാണ്.
ദേഹോപദ്രവത്തെക്കാള്‍ ക്രൂരമായി കന്യാസ്ത്രീകളെ മാനസികമായി പീഡിപ്പിച്ചു. കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്‍ഗിലെ ജയിലില്‍ എത്തി കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ. മാണി. കന്യാസ്ത്രീകളോട് അനീതി കാട്ടിയത് ഭരണകൂടമാണെന്നു ജോസ് കെ. മാണി പറഞ്ഞു.
ഇത് നേരത്തെ ആസൂത്രണം ചെയ്ത തിരക്കഥയ്ക്കനുസരിച്ചുണ്ടാക്കിയ രാഷ്ട്രീയ പ്രേരിതമായ കേസാണ്. ദേഹോപദ്രവം നടത്തുന്നതിനെക്കാള്‍ മോശമായിട്ടാണ് അവര്‍ കന്യാസ്ത്രീകളോട് പെരുമാറിയത്. രാജ്യത്തിനകത്ത് തിരുവസ്ത്രം ഉപയോഗിച്ച് സഞ്ചരിക്കാനാകാത്ത അവസ്ഥയാണുള്ളത്. അവരെ സംശയത്തിന്റെ ദൃഷ്ടിയില്‍ നിര്‍ത്തിയിരിക്കുകയാണ് ഭരണകൂടം.
രാജ്യത്ത് വിശുദ്ധയായി പ്രഖ്യാപിച്ച അല്‍ഫോന്‍സയുടെ മദര്‍ തെരേസയുടെ പിന്‍മുറക്കാരാണ് അവര്‍. മദര്‍ തെരേസ ജീവിച്ചിരുന്നെങ്കില്‍ അവരെ കൈവിലങ്ങ് അണിയിച്ചേനേയെന്നും ജോസ് കെ മാണി പറഞ്ഞു. അവര്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണ് ഇവരും ചെയ്യുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി ജോസ് കെ. മാണി ഛത്തിസ്ഗഡില്‍ തുടരുകയാണ്. ഇടത് എംപിമാര്‍ക്കും നേതാക്കള്‍ക്കും ഒപ്പം തടവിലായ സിസ്റ്റേഴ്സുമാരായ സി.വന്ദന ഫാന്‍സിനെയും ,സി.പ്രീതി മേരിയയും സന്ദര്‍ശിക്കുവാന്‍ ശ്രമം നടത്തിയെങ്കിലും സര്‍ക്കാര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ അനുമതി നല്‍കിയില്ല.
പിന്നീട് എം.പിമാര്‍ പ്രതിഷേധിക്കുയും, തടവിലാക്കപ്പെട്ട സിസ്റ്റേഴ്സിനെ കണ്ട് അവരുടെ ആരോഗ്യ വിവരങ്ങള്‍ അറിഞ്ഞതിനു ശേഷം മാത്രമേ മടങ്ങൂ എന്നു തീരുമാനിക്കുകയായിരുന്നു. തുടന്ന് ഇന്നാണ് എം.പിമാര്‍ക്ക് കന്യാസ്ത്രീകളെ കാണാന്‍ സാധിച്ചത്.