മൂഴിയാര്‍ തുറന്നാല്‍ ആറന്മുളയില്‍ സ്ഥിതി ഗുരുതരമാകും; പമ്പയിലെ ജലനിരപ്പ് ഉയരുന്നു,റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ എപ്പോള്‍ വേണമെങ്കിലും അണക്കെട്ട് തുറക്കാം
പത്തനംതിട്ട: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പമ്പയാറ്റിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്നു. മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ എപ്പോള്‍ വേണമെങ്കിലും അണക്കെട്ട് തുറന്നേക്കാം.
ഡാമിന്റെ പരമാവധി സംഭരണശേഷിയായ 192 അടിയിലേക്ക് ജലനിരപ്പ് എത്തിയതോടെ ഏതുസമയവും ഷട്ടറുകള്‍ തുറന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്താനുള്ള സാധ്യതയുണ്ട്, ഇത് കക്കാട്ടാറിലും പമ്പയാറിലും ജലനിരപ്പ് വീണ്ടും ഉയരാന്‍ കാരണമാകും.
പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആറന്മുള മേഖലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. റാന്നിയില്‍നിന്നുള്ള വെള്ളം എത്തുന്നതിനൊപ്പം മൂഴിയാര്‍ ഡാം കൂടി തുറക്കുന്നത് സ്ഥിതിഗതികള്‍ ഗുരുതരമാക്കുമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ അറിയിച്ചു.
ഇവിടെ മത്സ്യബന്ധന ബോട്ടുകളും എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. 20-ലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ ആറന്മുളയില്‍ ഇതിനകം തുറന്നു. വീടുകളുടെ ഒന്നാം നിലയില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
വീടുകളില്‍ വെള്ളം കയറിയിട്ടും പലരും മാറിതാമസിക്കാന്‍ മടിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. പലയിടങ്ങളിലും ആളുകളെ ജെസിബിയിലും ബോട്ടുകളിലുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്.
പമ്പയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.
അതേസമയം, കക്കി ഉള്‍പ്പെടെയുള്ള വലിയ ഡാമുകള്‍ തുറക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അട്ടത്തോട് ഭാഗത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് നിലക്കലില്‍നിന്നുള്ള ഭക്തര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ എരുമേലി വഴി എത്തുന്ന ഭക്തര്‍ക്കും പ്രവേശനത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. ശബരിമലയും പരിസര പ്രദേശങ്ങളിലും പെയ്യുന്ന അതിശക്തമായ മഴയെത്തുടര്‍ന്ന് പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
പുഴയിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഭക്തര്‍ പമ്പയില്‍ ഇറങ്ങി ബലിതര്‍പ്പണമോ സ്നാനമോ നടത്തുന്നത് തടഞ്ഞിട്ടുണ്ട്. നിലവില്‍ സന്നിധാനത്തുള്ളവര്‍ക്കും ദര്‍ശനത്തിന് എത്തുന്നവര്‍ക്കും മഴക്കെടുതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ബാധകമാണ്. അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചു മാത്രമേ ഭക്തര്‍ മുന്നോട്ട് പോകാവൂ എന്ന് നിര്‍ദ്ദേശമുണ്ട്.
ശക്തമായ മഴയില്‍ റാന്നി ടൗണില്‍ വെള്ളം കയറിയത് വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ഓണം പ്രമാണിച്ച് എത്തിച്ച സ്റ്റോക്കുകള്‍ പലയിടത്തും നശിച്ചു. മുന്‍കൂട്ടി ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടുവെന്ന് വ്യാപാരികള്‍ ആരോപിച്ചു.
നദിയിലെ മണ്ണും ചെളിയും നീക്കം ചെയ്യാത്തതാണ് വെള്ളം പെട്ടെന്ന് കയറാന്‍ കാരണമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പെരുന്നാട്, വടശ്ശേരിക്കര, നാരായണപുരം മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കോഴഞ്ചേരി, തിരുവല്ല റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ഗതാഗതം സ്തംഭിച്ചു.