ഞാനൊരു പത്ത് മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍ കുട്ടികളും ഞാനുമടക്കം ആരും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല: 900 കുട്ടികളുടെ ജീവന്‍ രക്ഷിച്ച രാജേന്ദ്ര ദവാഡി 

 
rajendra davadi

 നേപ്പാളിലെ ഒരു വന്‍ ദുരന്തം ഒഴിവായതിന്റെ ഞെട്ടലിലാണ് രാജേന്ദ്ര ദവാടി. നൂവകോട്ടിലെ ത്രിഭുവന്‍ ത്രിശൂലി സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ രാജേന്ദ്ര ദവാടിയുടെ സമയോചിതമായ ഇടപെടലില്‍ 900 കുട്ടികളുടെ ജീവനാണ് മരണമുഖത്തുനിന്ന് തിരിച്ചുകൊണ്ടുവരാനായത്. വെള്ളം ഇരച്ചെത്തുന്നതിന് വെറും പത്ത് മിനിറ്റ് മുമ്പാണ് അദ്ദേഹം സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചത്.


പ്രാദേശിക സമയം രാവിലെ 9:10 ത്തോടെയാണ് രാജേന്ദ്ര ദവാഡിയെ തേടി അടുത്തടുത്തായി നാല് ഫോണ്‍ കോളുകള്‍ എത്തിയത്. വലിയൊരു ദുരന്തം വരുന്നുണ്ടെന്ന മുന്നറിയിപ്പായിരുന്നു അവ. ഇതിനിടയില്‍ ഒരു രക്ഷിതാവ് തന്റെ മകളെ കൂട്ടിക്കൊണ്ടുപോകാന്‍ തിടുക്കത്തില്‍ സ്‌കൂളിലെത്തിയത് അദ്ദേഹത്തിന്റെ ആശങ്ക ഇരട്ടിപ്പിച്ചു. 

രക്ഷിതാക്കള്‍ അകാരണമായി അടിയന്തിരമായി എത്തുകയില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഒരു നിമിഷം പോലും പാഴാക്കാന്‍ തയ്യാറായില്ല.

ക്ലാസുകള്‍ തീരുന്നതുവരെ കാത്തുനില്‍ക്കാതെ അദ്ദേഹം സ്‌കൂളില്‍ അടിയന്തിര ഒഴിപ്പിക്കല്‍ പ്രഖ്യാപിച്ചു. കുട്ടികളോട് എത്രയും പെട്ടെന്ന് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ഓടാന്‍ ആവശ്യപ്പെടുകയും, കുട്ടികളുമായി എത്തിയ സ്‌കൂള്‍ ബസുകളോട് ഉടന്‍തന്നെ തിരികെ പോകാന്‍ ഉത്തരവിടുകയും ചെയ്തു. 

''ഞാന്‍ ആ സമയത്ത് വേഗത്തില്‍ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കില്‍, അതൊരു പത്ത് മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍ കുട്ടികളും ഞാനുമടക്കം ആരും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല,'' രാജേന്ദ്ര ദവാഡി പറയുന്നു.

പ്രളയത്തില്‍ നേപ്പാളില്‍ ഇതിനകം 794 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 2,426 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ചയുണ്ടായ കനത്ത പ്രളയത്തില്‍ രാജേന്ദ്ര ദവാഡിയുടെ സ്‌കൂള്‍ കെട്ടിടവും പരിസരവും പൂര്‍ണ്ണമായും ചെളിയിലും അവശിഷ്ടങ്ങളിലും മൂടിപ്പോയി. പുഴയോരത്തു നിന്ന് വെറും നൂറ് മീറ്റര്‍ മാത്രം അകലെയുള്ള ഹോസ്റ്റല്‍ കെട്ടിടം നിമിഷനേരം കൊണ്ടാണ് വെള്ളത്തിനടിയിലായത്.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ യുനിഷ അമാത്യയും കൂട്ടുകാരും രക്ഷപ്പെട്ടത് വെറും പത്ത് സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ്. ''ക്ലാസിലായിരിക്കുമ്പോഴാണ് അധ്യാപകര്‍ പെട്ടെന്ന് വന്ന് പ്രളയത്തെക്കുറിച്ച് പറയുന്നതും ഉടന്‍ വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുന്നതും.

 സ്‌കൂളിന്റെ പിന്‍വശത്തുള്ള ഇടുങ്ങിയ ഗോവണിയിലൂടെയാണ് ഞങ്ങള്‍ കൂട്ടത്തോടെ കുന്നിന്‍മുകളിലേക്ക് ഓടിക്കയറിയത്.

 നിമിഷനേരം കൊണ്ട് സ്‌കൂളിന് ചുറ്റുമുള്ള ബസാര്‍ പ്രളയത്തില്‍ ഒലിച്ചുപോയി,'' യുനിഷ അനുസ്മരിക്കുന്നു. മറ്റ് വഴികളിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച പലരും കുത്തൊഴുക്കില്‍ പെട്ടുപോയെന്നും ഈ വിദ്യാര്‍ഥിനി കൂട്ടിച്ചേര്‍ക്കുന്നു.

പ്രളയവാര്‍ത്ത പരന്നതോടെ യുനിഷയുടെ മാതാപിതാക്കള്‍ ആടിയുലഞ്ഞുപോയി. മകളെ ഫോണില്‍ കിട്ടാതെവന്നതോടെ എന്തുചെയ്യണമെന്നറിയാതെ പിതാവ് യുബരാജ് അമാത്യ സ്‌കൂട്ടറുമായി പ്രളയത്തെ വകവയ്ക്കാതെ സ്‌കൂളിലേക്കു പാഞ്ഞു. കണ്‍മുന്നില്‍ എല്ലാം ഒലിച്ചുപോയത് കണ്ട് മകള്‍ ജീവനോടെയില്ലെന്ന് അദ്ദേഹം ഭയന്നുപോയി. ഒടുവില്‍, ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം മകളെ ഫോണില്‍ കിട്ടുകയും ഇരുവരും ഫോണില്‍ സംസാരിച്ച് പൊട്ടിക്കരയുകയും ചെയ്തു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് യുനിഷയ്ക്ക് വീട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞത്.


ദുരന്തത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും തന്റെ തുടര്‍പഠനത്തെക്കുറിച്ചുള്ള ആശങ്കയിലാണ് യുനിഷ ഇപ്പോള്‍. തന്റെ സ്‌കൂളും കൂട്ടുകാരെയുമെല്ലാം നഷ്ടപ്പെട്ടതില്‍ ഈ പെണ്‍കുട്ടി സങ്കടപ്പെടുന്നു. ഇത്തരം പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി നേരിടാന്‍ സൈറണുകളും കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങളും ഉണ്ടായിരുന്നെങ്കില്‍ ജനങ്ങളെ കൂടുതല്‍ വേഗത്തില്‍ സുരക്ഷിതരാക്കാന്‍ കഴിയുമായിരുന്നു എന്നാണ് ഹെഡ്മാസ്റ്റര്‍ രാജേന്ദ്ര ദവാഡിയുടെ പക്ഷം. എന്തായാലും ആ സമയത്ത് താന്‍ എടുത്ത ധീരമായ തീരുമാനം നൂറുകണക്കിന് കുഞ്ഞുങ്ങളുടെ ജീവനാണ് രക്ഷിച്ചതെന്ന അഭിമാനത്തിലാണ് ഈ പ്രധാന അധ്യാപകന്‍.

Tags

Share this story

From Around the Web