സുവിശേഷം പ്രഘോഷിക്കുന്നതിന്റെ പേരിൽ ആരെങ്കിലും എന്നെ വിമർശിക്കുന്നെങ്കിൽ അത് സത്യസന്ധമായി ചെയ്യട്ടെ: ലെയോ പാപ്പ

 
Papa spain

സുവിശേഷം പ്രഘോഷിക്കുന്നതിന്റെ പേരിൽ തന്നെ വിമർശിക്കുന്നവർ അത് സത്യസന്ധമായി ചെയ്യണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ​ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതിനെ മാർപാപ്പ പിന്തുണയ്ക്കുന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പാപ്പ. കാസിൽ ഗാൻഡോൾഫോയിലെ വേനൽക്കാല വസതിയിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങുന്നതിനു മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

“​സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് സഭയുടെ പ്രാഥമിക ലക്ഷ്യം; അതിൽ വിട്ടുവീഴ്ചയില്ല. വർഷങ്ങളായി ആണവായുധങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് സഭ സ്വീകരിച്ചുവരുന്നത്. ഇതിൽ യാതൊരു അവ്യക്തതയുമില്ല. തന്നെ വിമർശിക്കുന്നവർ വസ്തുതകൾ മനസ്സിലാക്കി സത്യസന്ധമായി പ്രതികരിക്കാൻ തയ്യാറാകണം” – പാപ്പ പറഞ്ഞു.


അതേസമയം, ​അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി മെയ് ഏഴിന് നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ചും മാർപാപ്പ പരാമർശിച്ചു. വിശ്വാസത്തിലും തുറന്ന മനസ്സിനോടും കൂടി നടത്തുന്ന സംഭാഷണങ്ങളിലൂടെ പരസ്പരധാരണയിലെത്താൻ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച പാപ്പ, സമാധാനത്തിന്റെ വചനങ്ങൾ ലോകം ശ്രദ്ധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web