ആണവായുധങ്ങളുടെ നിയന്ത്രണം എ.ഐയ്ക്ക് നല്കിയാല് അത് ലോകാവസാനമാകും: റിപ്പോര്‍ട്ട്

ആണവായുധ സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കൃത്രിമബുദ്ധി (AI) ഉപയോഗിക്കുന്നത് മനുഷ്യരാശിക്ക് ഏറെ വിനാശകരമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനമായ SIPRI. 2025 ല്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക മാഗസിനിലാണ് കൃത്രിമ ബുദ്ധി മനുഷ്യന് എതിരെ പ്രവര്‍ത്തിക്കും എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. ന്യൂക്ലിയര്‍ ആയുധശേഖരങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം AI-യിലേക്ക് നയിക്കുമെന്നും ഇത് മനുഷ്യരാശിയെ വലിയ അപകടത്തിലാക്കുമെന്നും സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) മുന്നറിയിപ്പ് നല്കി.
ഭൗമരാഷ്ട്രീയത്തിന് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും ഒരു പുതിയ ആണവായുധ മത്സരം ഉടലെടുക്കുന്നതിനും ഇത് കാരണമാകുമെന്നും SIPRI ഡയറക്ടര്‍ ഡാന്‍ സ്മിത്ത് വാര്‍ഷിക പുസ്തകത്തിന്റെ ആമുഖത്തില്‍ പറഞ്ഞു. ആണവായുധങ്ങള്‍ വിക്ഷേപിക്കാനുള്ള തീരുമാനം എപ്പോഴെങ്കിലും പൂര്‍ണ്ണമായും AI-ക്ക് കൈമാറിയാല്‍, നമ്മള് യഥാര്‍ത്ഥ ലോകാവസാന സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.
അമേരിക്ക, റഷ്യ, ബ്രിട്ടണ്, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാകിസ്ഥാന്, ഉത്തരകൊറിയ, ഇസ്രയേല്‍ എന്നീ ഒമ്പത് ആണവായുധ രാജ്യങ്ങളില്‍ 2024-ല്‍ തീവ്രമായ ആണവ ആധുനികവല്‍ക്കരണ പരിപാടികള്‍ തുടര്‍ന്നു. മാത്രമല്ല ഇവയില്‍, നിലവിലുള്ള ആയുധങ്ങള്‍ നവീകരിക്കുകയും പുതിയ പതിപ്പുകള്‍ ചേര്‍ക്കുകയും ചെയ്തുവെന്ന് SIPRI റിപ്പോര്‍ട്ട് പറയുന്നു.
2025 ജനുവരിയിലെ കണക്കനുസരിച്ച് ആഗോളതലത്തില്‍ ആകെ 12,241 വാര്‍ഹെഡുകള്‍ ഉണ്ടെന്നും, അതില്‍ ഏകദേശം 9,614 എണ്ണം ഉപയോഗത്തിനായി ആയുധ സംഭരണശാലകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ആ യുദ്ധമുനകളില് 3,912 എണ്ണം മിസൈലുകളിലും വിമാനങ്ങളിലും വിന്യസിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവ ആയുധ സംഭരണശാലകളിലാണെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, റഷ്യയുടെയും അമേരിക്കയുടെയും കൈവശമാണ് ആകെയുള്ള ആണവായുധങ്ങളുടെ 90 ശതമാനവും ഉള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു.