"ഒരു അധ്യാപകന് വീഴ്ച വന്നാൽ ഒരു തലമുറ നശിക്കും"; ലഹരിക്കേസിലെ അധ്യാപകരുടെ അറസ്റ്റും മലയാളിയുടെ സാമൂഹിക മനസ്സാക്ഷിയും, കുട്ടികൾക്ക് വെളിച്ചമാകേണ്ടവർ ഇരുട്ട് വിതറരുത്- അഡ്വ. ചാർളിപോൾ

 
323444

കുട്ടികൾക്ക് വെളിച്ചമാകേണ്ടവർ ഇരുട്ട് വിതറരുത്.


------ --------------- --
അഡ്വ. ചാർളിപോൾ
--------------------------

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കവാടത്തിലെ വാചകം ഇങ്ങനെയാണ് ; "ഒരു ഡോക്ടർക്ക് വീഴ്ച വന്നാൽ ഒരു രോഗി മരിച്ചേക്കാം ,ഒരു എൻജിനീയർക്ക് വീഴ്ച വന്നാൽ ഒരു പാലമോ കെട്ടിടമോ തകർന്നു കുറച്ചുപേർ മരിച്ചേക്കാം, എന്നാൽ ഒരു അധ്യാപകന് വീഴ്ച വന്നാൽ ഒരു തലമുറയാണ് നശിക്കുക " കോഴിക്കോട് പേരാമ്പ്ര ബിആർസി (ബ്ലോക്ക് റിസോഴ്‌സ് സെൻ്റർ)യിലെ മൂന്ന് അധ്യാപകരെ ലഹരി കേസിൽ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ കേരളം അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു.പുതിയ തലമുറയ്ക്ക് മൂല്യാവബോധം പകർന്നു നൽകേണ്ട അധ്യാപകർ എതിർ സാക്ഷ്യമായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ആർക്കും പൊറുക്കാനാവാത്ത വീഴ്ചയാണ് അധ്യാപകർക്ക് സംഭവിച്ചിരിക്കുന്നത്. സമഗ്ര ശിക്ഷ കേരളയിൽ സ്പെഷലിസ്റ്റ് എജ്യുക്കേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് ഈ അധ്യാപകർ ജോലി ചെയ്തിരുന്നത്. ഇവരെ മൂന്ന് പേരെയും സർവ്വീസിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിട്ടു.

അധ്യാപക പരിശീലനം, പ്രൈമറി സ്കൂളുകൾക്ക് അക്കാദമിക പിന്തുണ എന്നിവ നൽകുന്ന അധ്യാപകരായകൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കെ കാവ്യ , മരുതോങ്കര സ്വദേശിനി കാഞ്ഞിര കുന്നുമ്മൽ കീർത്തന, ആവള കുട്ടോത്ത് വലിയപറമ്പിൽ നീഷ്മ എന്നവരെയാണ് ലഹരിക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത് . ഇവരെ കൂടാതെ പ്രദേശത്തെ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ജിജിൻ കുര്യാക്കോസിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇനിയും പ്രതികൾ ഉണ്ടാകാം. അറസ്റ്റ് തുടരുകയാണ്.
മാരക ലഹരിയായ എം.ഡി.എം.എ യുടെ, ലക്ഷങ്ങൾ വരുന്ന ഇടപാടുപണം ഇവരുടെ ബാങ്ക്  അക്കൗണ്ടുകളിലൂടെ വിനിമയം ചെയ്യപ്പെട്ടതായിട്ടാണ് പോലീസ് കണ്ടെത്തിയത്. എം.ഡി.എം എ യുടെ മൊത്തക്കച്ചവടക്കാരുമായി ഇവർക്ക് ബന്ധം ഉണ്ടെന്നാണ് അനുമാനം.  കോഴിക്കോട് വടകരയിൽ രണ്ട് ഗ്രാം എം.ഡി എം. എ യുമായി പിടിയിലായ സഫ്വാൻ എന്ന യുവാവിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. അറു മാസമായി ലഹരി മാഫിയക്ക് വേണ്ടി ഇവർ പണം സ്വീകരിക്കുന്നതായി പോലീസ് പറയുന്നു. ഇവർ ആദ്യം മാംഗ്ളൂർ സ്വദേശിയായ സുഹൃത്ത് നല്കിയ എം.ഡി എം.എ ഉപയോഗിക്കുകയും പിന്നീട് വിൽപനക്കാരായി മാറുകയുമാണ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി ഇടപാടുകാരെ കണ്ടെത്തുകയായിക്കുന്നു. നിരവധി യുവാക്കളും വിദ്യാർത്ഥികളും ലഹരി ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് കരുതുന്നു.
അധ്യാപക സമൂഹത്തിനാകെ വലിയ മാനക്കേടാണ് ഇവർ സൃഷ്‌ടിച്ചിരിക്കുന്നത്. 

എം.ഡി. എം. എ യുടെ ആവശ്യക്കാർ കീർത്തനയുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നു. പണം ലഭിച്ചാൽ ഫോണിൽ ലൊക്കേഷൻ അയച്ചുകൊടുക്കും. ഇവിടെ മറ്റൊരാൾ ലഹരി കൈമാറും . ഇങ്ങനെ കീർത്തനയുടെ അക്കൗണ്ടിൽ എത്തിയ പണം പിന്നീട് മറ്റുള്ളവരുടെ അക്കൗണ്ടിലേക്ക് പോയതായി അന്വേഷണത്തിൽ കണ്ടെത്തി. ലഹരി മാഫിയയുടെയും ആവശ്യക്കാരുടെയും ഇടയിലെ കണ്ണിയായി ഇവർ പ്രവർത്തിച്ചതായിട്ടാണ് വ്യക്തമാകുന്നത്. ഇവർ മൂവരും സമൂഹത്തിൽ ബഹുമാന്യ പദവിയുള്ള അധ്യാപകരാണെന്ന വസ്തുത ആരിലും അന്ധാളിപ്പുണ്ടാക്കും.

ലഹരിക്കെതിരെ നാട്ടിലെ സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾക്കും സുംബാ ഡാൻസിനും നേതൃത്വം നൽകുന്ന കായിക അധ്യാപികയാണ് കീർത്തന .യോഗ ക്ലാസും ഇവർ നടത്തിയിരുന്നു. മൂന്നാമതായി അറസ്റ്റ് ചെയ്യപ്പെട്ട നീഷ്‌മ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളയാളാണ്.സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ വിദ്യാഭ്യാസവും വിലയും നിലയും ഉള്ള അധ്യാപകർ, ഡോക്ടർമാർ എന്നിവരെയൊക്കെയാണ് ലഹരി മാഫിയ വളരെ ആസൂത്രിതമായി അവരുടെ കണ്ണികളായി മാറ്റുന്നത്. സമൂഹത്തിൽ വ്യത്യസ്ത തലങ്ങളിൽ ലഹരി മാഫിയ അവരുടെ വേരുകൾ ആഴ്ത്തിയിരിക്കുന്നുവെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകേണ്ടതുണ്ട്. " ഓപ്പറേഷൻ തൂഫാൻ " അതിശക്തമായി ലഹരിയുടെ തായ് വേര് അറുത്തു മാറ്റാനുള്ള പോരാട്ടം തുടരണം .എല്ലാ കണ്ണികളിലേക്കും അന്വേഷണം എത്തിച്ചേരട്ടെ.


ഒരിക്കലും ഒരു അധ്യാപകൻ ലഹരി വിൽപ്പന ശൃംഖലയിൽ ഉണ്ടാകുമെന്ന് ആരും കരുതാറില്ല. ആ വിശ്വാസവും ഇവിടെ തകർന്നു തരിപ്പണമായി.
അധ്യാപകൻ സർവ്വ ഗുണങ്ങളുടെയും വിളനിലമായിരിക്കണം എന്നാണ് ഭാരതീയ സങ്കല്പം. "തൈത്തരീയ ഉപനിഷത്തിൽ " അധ്യാപകൻ ദൈവത്തിൻ്റെ പ്രതീകമാണ്. "കഠോപനിഷത്തിന്റെ "കാഴ്ചപ്പാട് അനുസരിച്ച് ഗുരു ദൈവത്തിൻ്റെ പ്രകാശ വാഹകനാണ്. ആർഷമായ അനുശാസനങ്ങളിൽ അത്യന്തം ശ്രദ്ധേയങ്ങളാണ് "മാതൃദേവോ ഭവ , " , പിതൃദേവോ ഭവ , "" ആചാര്യ ദേവോ ഭവ " എന്നിവ. ഇവയിൽ ആദ്യത്തെ രണ്ടെണ്ണം സൃഷ്ടിപരവും ഒടുവിലത്തേത് പുഷ്ടിപരവുമാണ്. ഇവ മൂന്നും ഒരു അധ്യാപകനിൽ സമന്വയിക്കണം.നിത്യ നന്മകളുടെ ഉറവിടമാകണം അധ്യാപകർ. അറിവും ആത്മബോധവും കൊണ്ട് സമൂഹത്തെ മുന്നിൽ നിന്ന് നയിക്കാൻ കെല്പുള്ളവരാകണം  അധ്യാപകർ. ഒരു രാജ്യത്തിൻ്റെ ഭാവിഭാഗധേയം നിർണയിക്കപ്പെടുന്നത് ക്ലാസ് മുറികളിലൂടെയാണ് .അവിടെ മൂല്യശോഷണവും കർമ്മശോഷണവും ധർമ്മ ശോഷണവും സംഭവിച്ചു കൂടാ.

ജീൻ സൈബിലസ് എന്ന തത്വചിന്തകൻ പറയുന്നു; "അധ്യാപകൻ തലമുറകളുടെ ശില്പിയാണ് ". വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം കേവലം വിജ്ഞാന വിനിമയവും വിജ്ഞാനമാർജിക്കലും അല്ല , മറിച്ച് മൂല്യബോധം പുതുതലമുറയ്ക്ക് പകർന്നു നൽകി, നല്ലൊരു തലമുറയെ വാർത്തെടുക്കലാണ്. നന്നായി ജീവിക്കേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കേണ്ട വരും ജീവിച്ചു കാണിക്കേണ്ടവരുമാണ് അധ്യാപകർ. ഏറ്റവും മൂല്യമുള്ള സത്പ്രവൃത്തി ആയിട്ടാണ് അധ്യാപനത്തെ കാണുന്നത്.
 സത്യത്തിലേക്കുള്ള വഴികാട്ടിയും ചൂണ്ടുപലകയും ആകണം അധ്യാപകർ. സാമൂഹ്യപ്രതിബദ്ധതയും സന്മാർഗ ബോധവുമുള്ള  പൗരസമൂഹത്തെ സൃഷ്ടിച്ചെടുക്കാനുള്ള ദൗത്യം മാതാപിതാക്കൾക്കൊപ്പം അധ്യാപകർക്കും ഉണ്ട്. അധ്യാപകരുടെ വ്യക്തിത്വം, സ്വഭാവ സവിശേഷതകൾ, ജീവിതവിശുദ്ധി, വിജ്ഞാനം, അർപ്പണബോധം, ആത്മാർത്ഥത, പ്രതിബദ്ധത, ധാർമികത, പൗരബോധം എന്നിവയെല്ലാം കുട്ടികളെ സ്വാധീനിക്കും. പാഠ്യ
പദ്ധതികൾക്കും പാഠപുസ്തകങ്ങൾക്കും അപ്പുറത്തേക്ക് ഇറങ്ങിച്ചെന്ന് ജീവിതമൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകാൻ അധ്യാപകർക്ക് കടമയുണ്ട്. അധ്യാപകരുടെ നൈതികത കൈവിട്ടുകളഞ്ഞാൽ പൊതു സമൂഹത്തിൽ സംഭവിക്കാവുന്ന ദുരന്തമായി അത് മാറും. വിദ്യാഭ്യാസരംഗത്തെ മൂല്യബോധത്തിന് ആഘാതം ഏൽപ്പിക്കുന്ന ഒന്നും ഇനിമേൽ സംഭവിക്കാതിരിക്കട്ടെ. (8075789768)


( അഭിഭാഷകനുംട്രെയ്നറും മെൻ്ററുമായ  ലേഖകൻ,കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിൽ പരിശീലകനാണ്. 8075789768 )

Tags

Share this story

From Around the Web