ഇടുക്കി ഹൈറേഞ്ചിലെ തോട്ടം മേഖലയില്‍ വട്ടിപ്പലിശക്കാരെ പൂട്ടാന്‍ ഓപ്പറേഷന്‍ ഷൈലോക്കുമായി പൊലീസ്

ഇടുക്കി: ഹൈറേഞ്ചിലെ തോട്ടം മേഖലയില്‍ വട്ടിപ്പലിശക്കാരെ പൂട്ടാന്‍ ഓപ്പറേഷന്‍ ഷൈലോക്കുമായി പൊലീസ്. ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലടക്കം വട്ടി പലിശക്കാര്‍ക്കായി വലവിരിച്ചിരിക്കുകയാണ് പൊലീസ്.
ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ഓപ്പറേഷന്‍ ഷൈലോക്കിന്റെ ഭാഗമായി പൊലീസ് റെയ്ഡുകള്‍ നടത്തി. നെടുങ്കണ്ടം ചക്കകാനത്തുനിന്നും ഒരാളെ പൊലീസ് പിടികൂടി
സാധാരണക്കാരെ കുത്തിപ്പിഴിഞ്ഞു കൊള്ളയടിക്കുന്ന വട്ടി പലിശക്കാര്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ ഷൈലോക്കിന് പോലീസ് രൂപം നല്‍കിയത്. ഇടുക്കി ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളും ഉള്‍ഗ്രാമ പ്രദേശങ്ങളും കേന്ദ്രീകരിച്ച് വട്ടി പലിശക്കാര്‍ പിടിമുറുക്കുന്നതിന്റെ സാഹചര്യം മനസ്സിലാക്കിയ പോലീസ് ഒരേസമയം വിവിധ ഇടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.
നെടുങ്കണ്ടം, കട്ടപ്പന, രാജാക്കാട്, ഉടുമ്പഞ്ചോല, മൂന്നാര്‍, കുമളി, തൊടുപുഴ തുടങ്ങിയ സ്റ്റേഷന്‍ പരിധിയിലാണ് പരിശോധന നടത്തിയത്. ഇതില്‍ നെടുങ്കണ്ടം ചക്കക്കാനത്തുനിന്നുമാണ് ഒരാള്‍ പിടിയിലായത്.
കൊന്നക്കാപറമ്പില്‍ ബാലകൃഷ്ണന്‍ നായരുടെ മകന്‍ സുധീന്ദ്രനാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ഒന്‍പത് ലക്ഷത്തി എമ്പത്തിആറായിരത്തി എണ്ണൂറ് (9,86,800) രൂപയും മൂന്ന് ചെക്കുകളും ഒപ്പിട്ടു വാങ്ങിയ മുദ്രപത്രങ്ങളും, പണം നല്‍കിയതിന് ഈടായി വാങ്ങിയ ഒറിജിനല്‍ പട്ടയവും വാഹനത്തിന്റെ ആര്‍സി ബുക്കുമടക്കം കണ്ടെടുത്തു.
ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. തോട്ടം തൊഴിലാളികള്‍ക്കിടയില്‍ വട്ടിപ്പലിശക്ക് പണം വിതരണം നടത്തുന്ന തമിഴ്നാട്ടില്‍ നിന്നുള്ള സംഘങ്ങളെക്കുറിച്ചടക്കം ഓപ്പറേഷന്‍ ഷൈലോക്കിന്റെ ഭാഗമായി വിശദമായി അന്വേഷണം നടത്തുന്നുണ്ട്.
വരുംദിവസങ്ങളിലും ജില്ലയുടെ വിവിധ ഇടങ്ങളില്‍ മിന്നല്‍ പരിശോധന തുടരുമെന്നാണ് ലഭിക്കുന്ന വിവരം.