ഇടുക്കി രൂപതയില്‍ 19ന് ജൂബിലി പ്രാര്‍ത്ഥനാ ദിനം
ഇടുക്കി: ആഗോള കത്തോലിക്കാ സഭയിലെ ക്രിസ്തു ജയന്തി ജൂബിലി വര്‍ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇടുക്കി രൂപതയില്‍ ഡിസംബര്‍ 19ന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു.
രൂപതയിലെ എല്ലാ പള്ളികളിലും രാവിലെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് അഖണ്ഡ ആരാധനയും ബൈബിള്‍ പാരായണവും നടക്കും.
ഇടവകകളില്‍ വിശ്വാസ സമൂഹത്തിന്റെ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്തി കൂട്ടായ്മ അടിസ്ഥാനത്തിലാണ് ആരാധനയും ബൈബിള്‍ പാരായണവും ക്രമീകരിച്ചിട്ടുള്ളത്.
ജൂബിലിയുടെ പ്രത്യേക തീര്‍ത്ഥാടന കേന്ദ്രമായി നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദൈവാലയത്തെ രൂപതാ മെത്രാന്‍മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പ്രഖ്യാപിച്ചു.
നെടുങ്കണ്ടം കരുണ ആനിമേഷന്‍ സെന്ററില്‍ നിന്നും തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് ചെറിയ സംഘങ്ങളായി തീര്‍ത്ഥാടനം നടത്തുന്നതിനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.
തീര്‍ത്ഥാടനം നടത്തി തീര്‍ത്ഥാടന ദൈവാലയത്തില്‍ ക്രമീകരിച്ചിട്ടുള്ള ജൂബിലി കവാടത്തിലൂടെ പ്രവേശിക്കുന്നവര്‍ക്ക് സഭ നല്‍കുന്ന ദണ്ഡവിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്.
19ന് വൈകുന്നേരം മൂന്നിന് രൂപതാ മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ കരുണ ആനിമേഷന്‍ സെന്ററില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനുശേഷം തീര്‍ത്ഥാടനങ്ങള്‍ക്ക് തുടക്കം കുറിക്കും.
ജൂബിലി ആഘോഷങ്ങളുടെ ഇടുക്കി രൂപതാതല സമാപനം വിപുലമായ പരിപാടികളോടെ ജനുവരി രണ്ടിന് നെടുങ്കണ്ടത്ത് നടക്കുമെന്ന് ഇടുക്കി രൂപതാ വക്താവ് ഫാ. ജിന്‍സ് കാരയ്ക്കാട്ട് അറിയിച്ചു.