ഇടുക്കി ജില്ലയിലെ നിര്‍മ്മാണ നിരോധനം നീക്കണമെന്ന ആവശ്യവുമായി ഇടുക്കി രൂപത

ഇടുക്കി: ഇടുക്കി ജില്ലയിലെ നിര്‍മ്മാണ നിരോധനം നീക്കുന്നതിനുള്ള ചട്ടങ്ങളാണ് അടിയന്തിരമായി ഉണ്ടാകേണ്ടതെന്ന് ഇടുക്കി രൂപത.
ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങളുടെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ 1964ലെ ചട്ട പ്രകാരം പതിച്ചു നല്‍കിയ ഭൂമിയില്‍ വാണിജ്യാവശ്യത്തിന് കെട്ടിടം നിര്‍മ്മിക്കാന്‍ പുതിയ ചട്ടത്തിലും അനുമതിയില്ലെന്ന് രൂപതാ വക്താവ് ഫാ. ജിന്‍സ് കാരയ്ക്കാട്ട് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഇടുക്കിയില്‍ ഭൂരിഭാഗവും 1960ലെ ഭൂപതിവ് നിയമവും 1964ലെ ഭൂപതിവ് ചട്ടപ്രകാരവും അനുവദിച്ച പട്ടയങ്ങളാണ്. ഈ ഭൂമിയില്‍ കൃഷിക്കും താമസിക്കുന്നതിനുള്ള വീട് നിര്‍മ്മിക്കുന്നതിനും മാത്രമാണ് അനുമതിയുള്ളത്.
2024 ജൂണ്‍ 7 വരെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഫീസ് അടച്ച് ക്രമവല്‍ക്കരി ക്കാനുള്ള ഭൂപതിവ് നിയമഭേദഗതി ചട്ടം ഏഴാം വകുപ്പിലെ ഒഎ (ഉപകവകുപ്പ്1) ചട്ടമാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.
പട്ടയ ഭൂമിയില്‍ വാണിജ്യാവശ്യത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുന്നത് ഭൂപതിവ് നിയമം ഭേദഗതി ഏഴാം വകുപ്പിന്റെ ഒബി ചട്ടപ്രകാരമാണ്.
ഈ ചട്ടങ്ങള്‍ രൂപീകരിക്കാതെ മലയോര മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്ക പ്പെടുകയില്ല. മലയോര നിവാസികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതും ഇതുതന്നെയാണ്. മലയോര മേഖലയിലെ നിര്‍മ്മാണ നിരോധനം മറികടക്കുന്ന തിനും ഒബി വ്യവസ്ഥ പ്രകാരമുള്ള ചട്ടങ്ങളാണ് പ്രഥമ പരിഗണന നല്‍കി പുറപ്പെടുവിക്കേ ണ്ടിയിരുന്നത്.
നിര്‍മ്മാണ നിരോധനവും വന്യമൃഗ ശല്യവുമാണ് മലയോര മേഖല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍. നിര്‍മ്മാണ നിരോധനം മലയോര മേഖലയിലെ സമഗ്ര മേഖലയെയും സാരമായി ബാധിച്ചിരിക്കെ നിര്‍മ്മാണ നിരോധനം മറികടക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉണ്ടാക്കുന്നത് ഇനിയും താമസിക്കുന്നത് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. നിര്‍മ്മാണ നിരോധനം നിലനില്‍ക്കുന്നിടത്തോളം കാലം ഭൂമിയുടെ മൂല്യം കുറയുകയും ടൂറിസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ഹൈറേഞ്ചിന്റെ സമ്പത്ത് ടൂറിസവും റിയല്‍ എസ്റ്റേറ്റ് വാല്യൂവുമാണ്. ഈ മേഖലയിലുള്ള ഇടിവ് ഹൈറേഞ്ചിന്റെ വളര്‍ച്ചയെ പിറകോട്ടടിക്കും. ആയതിനാല്‍ ഒബി ചട്ടങ്ങള്‍ എത്രയും വേഗം രൂപീകരിച്ച് മലയോര പ്രദേശത്തെ ഭൂവിഷയങ്ങളില്‍ ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ ഗവണ്‍മെന്റ് ഇച്ഛാശക്തി കാണിക്കണം.
പിഴയടച്ചുള്ള ക്രമവല്ക്കരണം അഴിമതിയിലേക്ക് വഴിമാറാതിരിക്കാനുള്ള ജാഗ്രതയും ശ്രദ്ധയും ഉണ്ടാകണമെന്നും ഫാ. ജിന്‍സ് കാരയ്ക്കാട്ട് പറഞ്ഞു.