ഇടുക്കി മാങ്കുളത്ത് കാപ്പി വിളവെടുപ്പിനിടെയുണ്ടായ കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്കേറ്റു
Jan 7, 2026, 21:16 IST
ഇടുക്കി മാങ്കുളത്ത് കാപ്പി വിളവെടുപ്പിനിടെയുണ്ടായ കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. താളുകണ്ടംകുടി സ്വദേശി സതീശൻ പി. കെ. ആണ് ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച രാവിലെ തോട്ടത്തിൽ കാപ്പി പറിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് കാട്ടാനക്കൂട്ടം സതീശന്റെയും മറ്റ് തൊഴിലാളികളുടെയും മുന്നിലെത്തിയത്.
ആനകളെ കണ്ട് ഭയന്നോടിയ സതീശൻ തോട്ടത്തിൽ തെന്നിവീഴുകയായിരുന്നു. ഓടിയെത്തിയ കാട്ടാന നിലത്തുകിടന്ന സതീശന്റെ കാലിൽ ചവിട്ടി. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഒച്ചവെച്ചും മറ്റും ആനകളെ തുരത്തിയതിനാലാണ് വലിയൊരു അപകടം ഒഴിവായത്. ഉടൻ തന്നെ അദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മാങ്കുളം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നത് പ്രദേശവാസികളിൽ വലിയ ഭീതിയാണ് പടർത്തുന്നത്.