യൂറോപ്പിന്റെ ക്രിസ്തീയ വേരുകള്‍ തിരിച്ചറിയുക, അത് കാത്തുസൂക്ഷിക്കേണ്ട യാഥാര്‍ത്ഥ്യം: രാഷ്ട്രീയ നേതാക്കളോട് ലെയോ പാപ്പ

 
LEO PAPA 123


വത്തിക്കാന്‍ സിറ്റി: യൂറോപ്പില്‍ ക്രിസ്തീയതയുടെ പങ്കിനെ അംഗീകരിക്കേണ്ടതും ക്രിസ്തീയ വേരുകള്‍ കാത്തുസൂക്ഷിക്കേണ്ടതും അനിവാര്യമാണെന്നു ലെയോ പാപ്പ. 

ഇന്നലെ ഡിസംബര്‍ 10 ബുധനാഴ്ച യൂറോപ്യന്‍ പാര്‍ലമെന്റിലെ മധ്യ വലതുപക്ഷ രാഷ്ട്രീയ വിഭാഗമായി കണക്കാക്കപ്പെടുന്ന യാഥാസ്ഥിതിക, പുരോഗമന ഗ്രൂപ്പില്‍നിന്നുള്ള പ്രതിനിധികള്‍ക്ക് വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ച വേളയില്‍ സംസാരിക്കുകയായിരിന്നു പാപ്പ. 

യൂറോപ്പിന്റെ ക്രൈസ്തവ പാരമ്പര്യം ഉള്‍പ്പെടെയുള്ള പൈതൃകം ഉയര്‍ത്തിക്കാട്ടുന്നത്, പ്രദേശത്തുള്ള ക്രൈസ്തവ സമൂഹങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടി മാത്രമല്ല, മറിച്ച് യൂറോപ്പ് എന്താണെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നതിന്റെ കൂടി ഭാഗമാണെന്ന് പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു.

യൂറോപ്പിന്റെ വ്യക്തിത്വം മനസ്സിലാക്കേണ്ടത്, അതിന്റെ യഹൂദ ക്രൈസ്തവ വേരുകളുടെ പശ്ചാത്തലത്തില്‍ വേണമെന്ന് മുന്‍ പാപ്പമാര്‍ പറഞ്ഞിരുന്ന കാര്യവും പാപ്പ അനുസ്മരിച്ചു. 

ദാരിദ്ര്യം, സാമൂഹികമായ ഒറ്റപ്പെടുത്തല്‍, കാലാവസ്ഥ പ്രതിസന്ധികള്‍, അക്രമങ്ങള്‍ തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങളുടെ മുന്നില്‍ ക്രിസ്തീയത ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മ്മികതയും മൂല്യങ്ങളും വലുതാണെന്ന കാര്യവും പാപ്പ പറഞ്ഞു. 

പൊതുനന്മ ലക്ഷ്യമാക്കി യൂറോപ്പിലെ ക്രൈസ്തവ സമൂഹം ചെയ്യുന്ന പ്രവര്‍ത്തികളുടെ സദ്ഫലങ്ങള്‍, അവിടെയുള്ള പൊതുസമൂഹവും സ്വീകരിക്കുന്നുണ്ടെന്ന് മറക്കരുതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.


വലിയ കത്തീഡ്രല്‍ ദേവാലയങ്ങള്‍, ഉന്നതമായ കലയും സംഗീതവും, ശാസ്ത്രത്തിലുള്ള പുരോഗതി, ബൗദ്ധികതലത്തെ വളര്‍ത്തുന്നതിനായി നിരവധി യൂണിവേഴ്‌സിറ്റികള്‍ തുടങ്ങി വിവിധ മേഖലകളില്‍ യൂറോപ്പിലെ ക്രൈസ്തവ പൈതൃകം സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് പാപ്പ പ്രസംഗത്തില്‍ വിശദീകരിച്ചു.

 യൂറോപ്പിന്റെ ചരിത്രത്തില്‍നിന്ന് ക്രിസ്തീയതയെ മാറ്റി നിറുത്താനാകില്ലെന്ന കാര്യം എടുത്തുപറഞ്ഞ പരിശുദ്ധ പിതാവ്, ഇത് ആഘോഷിക്കപ്പെടേണ്ടതും കാത്തുസൂക്ഷിക്കപ്പെടേണ്ടതുമായ ഒരു യാഥാര്‍ത്ഥ്യമാണെന്നും ഓര്‍മ്മിപ്പിച്ചു.

 റോമില്‍ നടക്കുന്ന ത്രിദിന കോണ്‍ഫറന്‍സിന്റെ കൂടി പശ്ചാത്തലത്തിലാണ് യാഥാസ്ഥിതിക, പുരോഗമന പാര്‍ട്ടിയില്‍നിന്നുള്ള പ്രതിനിധികള്‍ വത്തിക്കാനില്‍ കഴിഞ്ഞ ദിവസം എത്തിയത്.

Tags

Share this story

From Around the Web