തന്റെ മകന്റെ വിശുദ്ധ പാത പിന്തുടരുവാന്‍ എനിക്ക് സാധിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുകയാണെന്ന് വിശുദ്ധ കാര്‍ളോ അക്യുട്ടിസിന്റെ അമ്മ അന്റോണിയ സല്‍സാനോ

വത്തിക്കാന്‍ സിറ്റി: തന്റെ മകന്റെ വിശുദ്ധ പാത പിന്തുടരുവാന്‍ എനിക്ക് സാധിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുകയാണെന്ന് വിശുദ്ധ കാര്‍ളോ അക്യുട്ടിസിന്റെ അമ്മ അന്റോണിയ സല്‍സാനോ. വിശുദ്ധ പദവിയ്ക്കു പിന്നാലെയാണ് അമ്മയുടെ പ്രതികരണം. ചെറുപ്പം മുതല്‍ കാര്‍ളോ കാത്തുസൂക്ഷിച്ച ദിവ്യകാരുണ്യ ഭക്തിയും, പ്രാര്‍ത്ഥനാജീവിതവും ഇന്ന് അനേകര്‍ക്ക് മാനസാന്തരത്തിന്റെ പാത തുറന്നുകൊടുക്കുന്നതിലുള്ള സന്തോഷം വിശുദ്ധ കാര്‍ളോയുടെ അമ്മ പങ്കുവച്ചു. കാര്‍ളോ നിരവധി ഹൃദയങ്ങളെ സ്പര്‍ശിക്കുന്നുവെന്നും അവന്‍ യേശുവിലേക്കുള്ള ഒരു പാലമാണെന്നും അന്റോണിയ അനുസ്മരിച്ചു.
തന്റെ മാതൃകയിലൂടെയും, പങ്കുവയ്ക്കുന്ന വിശ്വാസത്തിലൂടെയും, കാര്‍ളോ നിരവധി ഹൃദയങ്ങളെയും ജീവിതങ്ങളെയും സ്പര്‍ശിക്കുന്നുണ്ട്. അത് തങ്ങള്‍ക്ക് ഏറെ സന്തോഷം പ്രദാനം ചെയ്യുന്നു. കച്ചേരിയും ഫുട്‌ബോള്‍ മത്സരവും കാണാന്‍ ആളുകളുടെ മൈലുകള്‍ നീളമുള്ള വരികളുണ്ടെങ്കിലും, കര്‍ത്താവിങ്കലേക്കുള്ള വരികളില്‍ ആളുകള്‍ ഇല്ലാത്തത് കാര്‍ളോയുടെ വലിയ വിഷമങ്ങളില്‍ ഒന്നായിരുന്നു. അതിനാല്‍ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യം ആളുകള്‍ മനസ്സിലാക്കുന്നതിന് ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനത്തിനായി കാര്‍ളോ, രാപകല്‍ അധ്വാനിക്കുമായിരിന്നുവെന്ന് അമ്മ പറയുന്നു.
കാര്‍ളോയുടെ മാധ്യസ്ഥം വഴി ഏവര്‍ക്കും ലഭിക്കുന്ന നിരവധിയായ അനുഗ്രഹങ്ങളില്‍ വിശ്വാസികള്‍ ഏറെ സന്തോഷിക്കുന്നുവെന്നും അമ്മ പറഞ്ഞു. ഈ വിശുദ്ധ പദവി എല്ലാ വിശ്വാസികള്‍ക്കും, പ്രത്യേകമായി, ചൈന, ജപ്പാന്‍, വടക്കേ അമേരിക്ക ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലുള്ളവര്‍ക്ക് കൂടുതല്‍ ഫലങ്ങള്‍ നല്‍കുമെന്നും അമ്മ പ്രത്യാശ പ്രകടിപ്പിച്ചു. നാമകരണ ചടങ്ങില്‍, കാര്‍ളോയുടെ മാതാപിതാക്കളും, സഹോദരങ്ങളും സന്നിഹിതരായിരുന്നു. മകന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് മാതാപിതാക്കള്‍ സാക്ഷികളാകുകയെന്ന തിരുസഭ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവത്തിനു കൂടിയാണ് കഴിഞ്ഞ ഞായറാഴ്ച വത്തിക്കാന്‍ സാക്ഷ്യം വഹിച്ചത്.