'വര്‍ഗീതയ്ക്കെതിരെ ധീരമായി പോരാടും, മുന്നില്‍ നിന്ന് വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ച് കിടക്കും, പിന്തിരിഞ്ഞോടില്ല': വെള്ളാപ്പള്ളിക്ക് മറുപടിയുമായി വി ഡി സതീശന്‍

 
 v d


എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വ്യക്തി അധിക്ഷേപങ്ങള്‍ക്ക് അതുപോലെ തിരിച്ച് പറയാനില്ലെന്നും വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളോടാണ് തന്റെ എതിര്‍പ്പെന്നും വ്യക്തിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. 


ശ്രീനാരായണ ഗുരുദേവന്‍ എന്ത് പറയരുതെന്ന് പറഞ്ഞോ അത് തന്നെയാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. ഇത് ഗുരുനിന്ദയാണ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഇടത് തന്ത്രത്തിനുള്ള ഉപകരണമായി വെള്ളാപ്പള്ളി നടേശന്‍ മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വര്‍ഗീയതയ്ക്കും വിദ്വേഷപ്രചരണത്തിനുമെതിരായ യുഡിഎഫ് നിലപാടില്‍ മാറ്റമില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. വര്‍ഗീയതയ്ക്ക് എതിരെ ധീരമായി പോരാടും. മുന്നില്‍ നിന്ന് വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ച് കിടക്കും. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ സാരമില്ലെന്ന് വയ്ക്കും.


 എങ്കിലും ആ പോരാട്ടത്തില്‍ പിന്തിരിഞ്ഞ് ഓടില്ല. ന്യൂനപക്ഷ വര്‍ഗീയതയേയും ഭൂരിപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

ജമാഅത്തെ ഇസ്ലാമി ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 42 വര്‍ഷക്കാലം അവര്‍ സിപിഐഎമ്മിന്റെ കൂടെയായിരുന്നില്ലേ എന്ന് വി ഡി സതീശന്‍ തിരിച്ചടിച്ചു. 

എസ്എന്‍ഡിപി- എന്‍എസ്എസ് വിഷയത്തിലേക്ക് മുസ്ലീം ലീഗിന്റെ പേര് വെള്ളാപ്പള്ളി വലിച്ചിഴയ്ക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ ഊളമ്പാറയില്‍ വിടണമെന്ന അധിക്ഷേപ പരാമര്‍ശം നടത്തുമ്പോള്‍ അതെല്ലാം ജനങ്ങള്‍ കാണുന്നുവെന്ന് ഓര്‍ക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

 വര്‍ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളിക്ക് പൊന്നാടയിടുന്ന മുഖ്യമന്ത്രി എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. 

മതേതരവാദികളായ ജനങ്ങളാണ് യുഡിഎഫിന്റെ ശക്തി. വര്‍ഗീയവാദികള്‍ക്ക് അവര്‍ ചുട്ടമറുപടി കൊടുക്കും. കേരളത്തിലെ ജനങ്ങള്‍ സെക്കുലറാണ് ചില സമുദായനേതാക്കള്‍ അവരെ ചീത്തയാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web