എനിക്ക് വൈദികനാകണം'; പാപ്പയുടെ ബലിയര്‍പ്പണത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരെ അമ്പരപ്പിച്ച് അര്‍ജന്റീനിയന്‍ യുവാവ്
ബ്യൂണസ് അയേഴ്സ്: ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അര്‍ജന്റീന സന്ദര്‍ശനം അവിസ്മരണീയമായ നിരവധി നിമിഷങ്ങള്‍ സമ്മാനിക്കുമ്പോള്‍, പത്തൊന്‍പതുകാരന്റെ സാക്ഷ്യം മാധ്യമ ശ്രദ്ധ നേടുന്നു.
മാര്‍പാപ്പയെ നേരില്‍ കണ്ടതിന് പിന്നാലെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് ലാ പ്ലാറ്റ സ്വദേശിയായ ബെഞ്ചമിന്‍ വാസിംഗര്‍.
തനിക്ക് ഒരു കത്തോലിക്കാ വൈദികനാകണമെന്നും അടുത്ത വര്‍ഷം സെമിനാരിയില്‍ ചേരുമെന്നുമാണ് ഈ പത്തൊന്‍പതുകാരന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്
ബ്യൂണസ് അയേഴ്സിലെ 'മോനുമെന്റോ എ ലോസ് എസ്പാനിയോള്‍സ്' സ്മാരകത്തിന് സമീപം ലെയോ പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയത് ഏതാണ്ട് 25 ലക്ഷത്തോളം വിശ്വാസികളാണ്. ജനസമുദ്രത്തിനിടയില്‍ തോളില്‍ അര്‍ജന്റീനിയന്‍ പതാകയും കഴുത്തില്‍ ജപമാലയും ധരിച്ച് നിന്ന ബെഞ്ചമിനെ സമീപിച്ച 'ഇ5ച' വാര്‍ത്താ ചാനല്‍ പ്രതിനിധിയോട് സംസാരിക്കവേയാണ് തന്റെ മനസ്സില്‍ പെട്ടെന്ന് ആഴ്ന്നിറങ്ങിയ ഭാവി സ്വപ്നം ബെഞ്ചമിന്‍ പങ്കുവെച്ചത്.
'ലെയോ പാപ്പ ഇവിടെയെത്തി, എനിക്ക് ഒരു വൈദികനാകണം. എനിക്ക് പൗരോഹിത്യം സ്വീകരിക്കണം, അടുത്ത വര്‍ഷം തന്നെ സെമിനാരിയില്‍ ചേരാനാണ് ആഗ്രഹം.
ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ സന്തോഷവാനാണ്,'' ബെഞ്ചമിന്‍ പുഞ്ചിരിയോടെ പറഞ്ഞു. സ്വന്തം തീരുമാനത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ, ദൈവവിളി തിരിച്ചറിയാന്‍ യുവതലമുറ മടിക്കരുതെന്ന സന്ദേശവും ബെഞ്ചമിന്‍ മാധ്യമങ്ങളോട് പങ്കുവെച്ചു.
''പൗരോഹിത്യ വിളികള്‍ക്കായി പ്രാര്‍ത്ഥിക്കുക, ആ ദൈവവിളിക്ക് കാതോര്‍ക്കാനും പരീക്ഷിക്കാനും ആരും ഭയപ്പെടരുത്'. വിശ്വാസികളെയും മാധ്യമപ്രവര്‍ത്തകരെയും ഒരുപോലെ അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ബെഞ്ചമിന്റെ വാക്കുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.