ഉറക്കമരുന്ന് കഴിച്ചു. കോക്പിറ്റില്‍ നിലത്തിരുന്നു. എയര്‍ ഇന്ത്യ വിമാനം താഴ്ന്ന സംഭവത്തില്‍ പൈലറ്റിനെതിരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. പൈലറ്റിന് ഉറക്ക സംബന്ധമായ പ്രശ്‌നങ്ങള്‍
തായ്ലന്‍ഡിലെ ഫുക്കറ്റില്‍നിന്ന് ഡല്‍ഹിയിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനം ആകാശത്ത് നിയന്ത്രണം വിട്ടു താഴേക്കു പതിച്ച സംഭവത്തില്‍ പൈലറ്റിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍.
പൈലറ്റിന് ഉറക്ക സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അതിനായി അദ്ദേഹം മരുന്നു കഴിച്ചിരുന്നെന്നും വിമാനക്കമ്പനിയുടെ ആഭ്യന്തര സുരക്ഷാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം ഉറക്കം ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുംബ ഡോക്ടറാണ് ഈ മരുന്നുകള്‍ നല്‍കിയതെന്നും, ഡ്യൂട്ടികള്‍ക്കിടയിലെ വിശ്രമവേളകളില്‍ ഉറങ്ങാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ലെന്നും പൈലറ്റ് മൊഴി നല്‍കിയിട്ടുണ്ട്.
ഈ സംഭവത്തിന് മുന്നോടിയായി നടത്തിയ ലഹരിപരിശോധനകളില്‍ പൈലറ്റ് മരിജുവാന ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
ഡല്‍ഹിയില്‍നിന്ന് ഫുക്കറ്റിലേക്കുള്ള യാത്രയ്ക്കിടെ ജീവനക്കാരനോട് കയര്‍ത്തു സംസാരിച്ച പൈലറ്റ്, പ്രശ്‌നം പരിഹരിക്കാനായി ഫുക്കറ്റില്‍ വെച്ച് ക്രൂ അംഗങ്ങള്‍ക്ക് പാര്‍ട്ടി നല്‍കിയിരുന്നു.
അവിടെവെച്ചും പൈലറ്റ് ലഹരി ഉപയോഗിച്ചതായി സഹപ്രവര്‍ത്തകര്‍ വിമാനക്കമ്പനിക്ക് വിവരം നല്‍കിയിട്ടുണ്ട്.
കൂടാതെ, വിമാനം അപകടത്തില്‍ പെട്ട സമയത്ത് പൈലറ്റ് സീറ്റിലുണ്ടായിരുന്നില്ലെന്നും കോക്പിറ്റില്‍ നിലത്തിരിക്കുകയായിരുന്നെന്നും, ആ സമയത്ത് കോ പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം നാലിന് 137 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ബസ് എ320 വിമാനം ഒഡീഷയ്ക്കു മുകളില്‍വച്ച് പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തില്‍ നാല് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരുക്കേറ്റു.
ആദ്യം വിമാനം ആകാശച്ചുഴിയില്‍പെട്ടതാണെന്നായിരുന്നു വിശദീകരിച്ചതെങ്കിലും, പൈലറ്റിന്റെ ലഹരി ഉപയോഗവും അസ്വാഭാവിക പെരുമാറ്റവും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി മാറുകയായിരുന്നു.
അതേസമയം, പൈലറ്റിന്റെ പിഴവുകൊണ്ടല്ലെന്നും ഹൈഡ്രോളിക് സംവിധാനങ്ങളിലുണ്ടായ തകരാറാണ് അപകടത്തിനു കാരണമെന്ന വാദവും ഉയരുന്നുണ്ട്.
എയര്‍ബസ് എ320 നിയോ വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും ഒരേ സമയത്ത് പരാജയപ്പെട്ടതാണ് വിമാനം നിയന്ത്രണം വിടാന്‍ കാരണമെന്ന് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
വിമാനത്തിലെ ക്രൂ അംഗങ്ങളില്‍ നിന്നും മറ്റും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.