യൂറോപ്പില്‍ ഉടനീളം സീറോ മലബാര്‍ സഭ കൈവരിച്ച വളര്‍ച്ചയില്‍ ഞാനും കര്‍ത്താവിന് നന്ദി പറയുന്നു: ലെയോ പാപ്പ

 
leo papa

വത്തിക്കാന്‍ സിറ്റി: യൂറോപ്പില്‍ ഉടനീളം സീറോ മലബാര്‍ സഭ കൈവരിച്ച വളര്‍ച്ചയില്‍ കര്‍ത്താവിന് നന്ദി പറയുകയാണെന്ന് ലെയോ പാപ്പ. 

ഇന്ന് ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുമിച്ച് കൂടിയ ആയിരകണക്കിന് വിശ്വാസികളെ സംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. 


സീറോ - മലബാര്‍ വിശ്വാസികളെയും അവരുടെ ഇടയന്മാരെയും സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രിയ സുഹൃത്തുക്കളേ, യൂറോപ്പിലുടനീളം നിങ്ങളുടെ സമൂഹങ്ങള്‍ കൈവരിച്ച വളര്‍ച്ചയ്ക്കായി, നിങ്ങളോടൊപ്പം ചേര്‍ന്ന് ഞാനും കര്‍ത്താവിന് നന്ദി അര്‍പ്പിക്കുകയാണെന്നും പാപ്പ പറഞ്ഞു.

യൂറോപ്പില്‍ താമസിക്കുന്ന സീറോമലബാര്‍ സഭയിലെ വിശ്വാസികളുടെ ആത്മീയവും അജപാലനപരവുമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വത്തിക്കാന്‍ നിയമിച്ച പ്രത്യേക സംവിധാനമായ സീറോ മലബാര്‍ സഭ അപ്പസ്‌തോലിക് വിസിറ്റേഷന് പത്തു വര്‍ഷം തികഞ്ഞ പശ്ചാത്തലത്തിലാണ് പാപ്പയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. 

അപ്പസ്‌തോലിക് വിസിറ്റേഷന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്നലെ റോമില്‍ പ്രൗഢഗംഭീരമായ തുടക്കം കുറിച്ചിരിന്നു.


റോമിലെ ചരിത്രപ്രസിദ്ധമായ സാന്താ അനസ്താസിയ ബസിലിക്കയിലാണ് ദശവത്സരാഘോഷങ്ങള്‍ നടക്കുന്നത്. പത്താം വാര്‍ഷികത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിശ്വാസികളുടെയും വൈദികരുടെയും സാന്നിധ്യമുണ്ട്. 

സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെയുള്ളവര്‍ റോമില്‍ എത്തിചേര്‍ന്നിട്ടുണ്ട്.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന സീറോമലബാര്‍ വിശ്വാസികള്‍ക്ക് ആരാധനാക്രമവും പൈതൃകവും നഷ്ടപ്പെടാതെ പ്രാര്‍ത്ഥനകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കുമുള്ള സൗകര്യങ്ങള്‍ ഒരുക്കുക, മിഷന്‍ കേന്ദ്രങ്ങളും പുതിയ ഇടവകകളും രൂപീകരിക്കുക എന്നിവയാണ് അപ്പസ്‌തോലിക് വിസിറ്റേഷന്റെ പ്രധാന ലക്ഷ്യം. 

പത്തുവര്‍ഷം മുന്‍പ് 89 കുര്‍ബാന കേന്ദ്രങ്ങളില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്ന വിശ്വാസി സമൂഹം, ഇന്ന് യൂറോപ്പിലെ 26 രാജ്യങ്ങളിലായി 180 സജീവ വിശ്വാസി സമൂഹങ്ങളായി വളര്‍ന്നിരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. 2016-ല്‍ 42 വൈദികര്‍ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 102 വൈദികര്‍ യൂറോപ്പിലുടനീളം അജപാലന ശുശ്രൂഷകളില്‍ പങ്കാളികളാകുന്നുണ്ട്.

Tags

Share this story

From Around the Web