പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു'; വിദ്യാര്‍ഥികളോട് പാകിസ്താനിലേക്ക് പോകൂവെന്ന പരാമര്‍ശത്തെ ന്യായീകരിച്ച് സ്‌കൂള്‍ ഉടമ
തൃശൂര്‍: സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികളോട് പാകിസ്താനിലേക്ക് പോകൂവെന്ന പരാമര്‍ശത്തെ ന്യായീകരിച്ച് തൃശൂര്‍ മാള രാജു ഡേവിസ് ഇന്റര്‍നാഷണല്‍ ആന്‍ഡ് സൈനിക് സ്‌കൂള്‍ ഉടമ ഡോക്ടര്‍ രാജു ഡേവിസ്.
സ്വാതന്ത്ര്യ ദിനത്തില്‍ സ്‌കൂളില്‍ വരാത്ത കുട്ടികളോട് ശത്രു രാജ്യത്തിലേക്ക് പോകാനാണ് പറഞ്ഞത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നെന്നാണ് പ്രതികരണം. വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സ്‌കൂള്‍ ഉടമ വിവാദ പരാമര്‍ശം പങ്കുവെച്ചത്
പരാമര്‍ശം ഏതെങ്കിലും മത വിഭാഗത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ല. 1947 മുതല്‍ പാകിസ്താന്‍ ഇന്ത്യയുടെ ശത്രു രാജ്യമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ പങ്കെടുക്കാത്തവര്‍ ശത്രു രാജ്യത്തിലേക്ക് പോകുന്നതാണ് നല്ലത് എന്നാണ് സൂചിപ്പിച്ചതെന്ന് രാജു ഡേവിസ് പറയുന്നു.
വൃത്തിക്കെട്ട മനസിനുടമകളാണ് ഇത്തരത്തില്‍ വിവാദം ഉണ്ടാക്കുന്നതെന്നും അദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ വീട്ടിലിരുന്നവര്‍ പാക്കിസ്താനിലേക്ക് പോകണമെന്നായിരുന്നു സ്‌കൂള്‍ ഉടമയുടെ പരാമര്‍ശം.
സ്‌കൂളിലെ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്താത്ത വരെ ക്ലാസില്‍ കയറ്റില്ല. അവധി ദിനം സ്‌കൂളിലെത്താത്തവര്‍ വിശദീകരണം നല്‍കണമെന്നും സ്‌കൂള്‍ ഉടമയായ ഡോ. രാജു ഡേവിസ് വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളെ സ്‌കൂളില്‍ എത്തിക്കാല്‍ പലഭാഗത്തേക്കും സ്‌കൂള്‍ ബസ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പകുതി രക്ഷിതാക്കളും കുട്ടികളെ സ്‌കൂളിലേക്ക് അയച്ചില്ല. തുടര്‍ന്നാണ് സ്‌കൂള്‍ ഉടമ വിവാദ സന്ദേശം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത്.