'ഞാന്‍ നിന്നെ സ്‌നേഹിച്ചു''; ലെയോ പാപ്പയുടെ പ്രഥമ അപ്പോസ്‌തോലിക പ്രബോധനം ഒക്ടോബര്‍ 9നു പ്രകാശനം ചെയ്യും

വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയുടെ പ്രഥമ അപ്പോസ്‌തോലിക പ്രബോധനം ''ദിലേക്‌സി തേ'' അഥവാ ''ഞാന്‍ നിന്നെ സ്‌നേഹിച്ചു'' ഒക്ടോബര്‍ 9നു പ്രകാശനം ചെയ്യും.
തന്റെ പ്രഥമ അപ്പസ്‌തോലിക പ്രബോധനം ഒപ്പുവെച്ചുക്കൊണ്ടുള്ള ലെയോ പതിനാലാമന്‍ പാപ്പയുടെ ചിത്രം ഇന്നു വത്തിക്കാന്‍ പുറത്തുവിട്ടു. വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ തിരുനാള്‍ ദിനം കൂടിയായ ഇന്നു അപ്പസ്‌തോലിക ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയില്‍വെച്ചായിരിന്നു ഒപ്പിടല്‍.
വത്തിക്കാന്‍ സംസ്ഥാന കാര്യാലയത്തില്‍ പൊതുകാര്യവിഭാഗത്തിന്റെ ചുമത ലവഹിക്കുന്ന ആര്‍ച്ച് ബിഷപ്പ് എഡ്ഗാര്‍ പെഞ്ഞാ പരയുടെ സാന്നിധ്യത്തിലായിരിന്നു ഒപ്പിട്ടത്. ഒക്ടോബര്‍ 9 വ്യാഴാഴ്ച വത്തിക്കാന്റെ വാര്‍ത്താകാര്യാലയത്തില്‍വെച്ചാണ് പ്രകാശനം ചെയ്യുക.
ലോകത്തിലെ ദരിദ്രരുടെ ആവശ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന പ്രബോധനമായിരിക്കും ഇതെന്ന് വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ 'ദിലെക്‌സിറ്റ് നോസ്' (അവന്‍ നമ്മെ സ്‌നേഹിച്ചു) എന്ന പേരിന്റെ തുടര്‍ച്ചയെ സൂചിപ്പിക്കാന്‍ ലെയോ പാപ്പ ആഗ്രഹിക്കുന്നുവെന്നാണ് തലക്കെട്ടില്‍ നിന്നു വ്യക്തമാകുന്നത്.
മെയ് 8ന് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലെയോ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക പ്രബോധനം എന്ന ശ്രദ്ധേയമായ വിശേഷണവും 'ദിലേക്‌സി തേ'യ്ക്കുണ്ട്.