'എസ്എഫ്‌ഐക്കാരുടെ മുന്നില്‍ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് വേദി വിട്ടത്, പറഞ്ഞ് തീര്‍ക്കാതെ ഒരു വേദിയില്‍ നിന്നും ഇറങ്ങുകയുമില്ല'; മന്ത്രി റോജി എം.ജോണ്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദദാനച്ചടങ്ങിനിടയിലെ എസ്എഫ്‌ഐ പ്രതിഷേധത്തില്‍ മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍. ''ഇരുപത് മിനിറ്റോളം എസ്എഫ്‌ഐക്കാരുടെ മുന്നില്‍ തന്നെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് വേദി വിട്ടത്. പറയാനുള്ളത് പറഞ്ഞ് തീര്‍ക്കാതെ മഹാരാജാസ് കോളജിന്റേത് എന്നല്ല, ഒരു വേദിയില്‍ നിന്നും ഇറങ്ങുകയുമില്ല'' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കാലടി സര്‍വകലാശാലയിലെ 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്.മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായി വേദിയിലെത്തുകയായിരുന്നു. വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ നടപടിയുമായി ബന്ധപ്പെട്ട് സദസ്ല്‍നിന്ന് വിദ്യാര്‍ഥികള്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. പ്രസംഗത്തിനുശേഷം മറുപടി നല്‍കാമെന്ന് മന്ത്രി അറിയിച്ചെങ്കിലും വിദ്യാര്‍ഥികള്‍ ചോദ്യംചോദിക്കുന്നത് തുടര്‍ന്നു.
തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ചോദ്യംചോദിച്ച വിദ്യാര്‍ഥിനിയെ നീക്കംചെയ്യാന്‍ ശ്രമിച്ചതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മഹാരാജാസ് കോളേജ് പോലൊരു കലാലയത്തില്‍, വര്‍ഷങ്ങളുടെ അധ്വാനം പൂര്‍ത്തിയാക്കി അഭിമാനത്തോടെ ബിരുദം ഏറ്റുവാങ്ങാന്‍ കാത്തിരുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂര്‍ത്തത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ എസ്എഫ്‌ഐ അലങ്കോലമാക്കാന്‍ ശ്രമിക്കരുതായിരുന്നു. ഓരോ പ്രതിഷേധത്തിനും രാഷ്ട്രീയമായ വ്യക്തതയും സമരങ്ങള്‍ക്ക് ജനാധിപത്യപരമായ മര്യാദയും ഉണ്ടായിരിക്കണം. ഒരു പരിപാടിയില്‍ പ്രതിഷേധിക്കുമ്പോള്‍ അതിന്റെ ലക്ഷ്യവും കാരണവും കൂടെയുള്ള വിദ്യാര്‍ഥികള്‍ക്ക് എങ്കിലും ബോധ്യപ്പെടണം. അല്ലാതെ ഒരുകൂട്ടം വിദ്യാര്‍ഥികളുടെ സ്വപ്നങ്ങളെ തകര്‍ത്തുകൊണ്ട് ആകരുത് പ്രതിഷേധങ്ങള്‍.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ തന്നെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന ഒരു ജനപ്രതിനിധിയെന്ന നിലയില്‍, ആരോഗ്യകരമായ വിയോജിപ്പുകളെയും ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും എപ്പോഴും ഞാന്‍ മാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബാനര്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചവരോട്, 'നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താം, ചടങ്ങ് ഭംഗിയായി പൂര്‍ത്തിയാക്കിയ ശേഷം ഏത് ചോദ്യത്തിനും മറുപടി തന്നിട്ടേ മടങ്ങൂ' എന്ന് വ്യക്തമായി പറഞ്ഞത്. ''സഖാവേ ഒരു ചോദ്യം'' എന്ന് സദസില്‍ നിന്നും ഒരു പാര്‍ട്ടിക്കാരന്‍ പറഞ്ഞപ്പോള്‍ അതങ്ങ് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന അധികാരത്തിന്റെ അഹങ്കാരം ഞാന്‍ ആ വേദിയില്‍ കാണിച്ചില്ല. നിങ്ങളുടെ പ്രതിഷേധിക്കാനും ബാനര്‍ ഉയര്‍ത്തി അവിടെ തുടരാനുമുള്ള അവകാശത്തെ തികഞ്ഞ രാഷ്ട്രീയ ബഹുമാനത്തോടെ അംഗീകരിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ വേദിക്ക് കിലോമീറ്ററുകള്‍ അകലെ നില്‍ക്കുന്നവരുടെ പോലും കറുത്ത വസ്ത്രവും കറുത്ത മാസ്‌കും അഴിപ്പിച്ച പിണറായിക്കാലമല്ല കേരളത്തില്‍.
ചോദ്യങ്ങളോടോ, സമരങ്ങളോടോ ഭയമോ അസഹിഷ്ണുതയോ ഇല്ല. എന്നാല്‍ ആ കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷം തകര്‍ക്കാനുള്ള അഹന്തയ്ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കാന്‍ കഴിയില്ല എന്നതായിരുന്നു എന്റെ നിലപാട്. അത് തന്നെ ആണ് ഇപ്പോഴും നിലപാട്. നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി താണ്ഡവമാടുകയും, കസേരകളും മൈക്കുകളും തല്ലിത്തകര്‍ത്ത് ഒടുവില്‍ നടുത്തളത്തില്‍ വീണുരുളുകയും ചെയ്ത ചരിത്രമുള്ള മുന്‍ വിദ്യാഭ്യാസ മന്ത്രി മാലോകര്‍ മുഴുവന്‍ ലൈവ് കണ്ട സംഭവം ഉണ്ടായിട്ടേയില്ലെന്ന് ഒടുവില്‍ കോടതിയില്‍ പറഞ്ഞതുപോലെ ഞാന്‍ മാറ്റിപ്പറയുമെന്ന് പ്രതീക്ഷിക്കേണ്ട.
വിദ്യാര്‍ഥികളുടെ സന്തോഷം തല്ലിക്കെടുത്തി, സമരമെന്ന പേരില്‍ തോന്നിയത് പോലെ ചെയ്യാമെന്ന് കരുതിയിട്ടുണ്ടെങ്കില്‍ ആ വിരട്ടലിന് മുന്നില്‍ വ്യക്തിപരമായി ഞാനോ ഉന്നതവിദ്യാഭ്യാസ വകുപ്പോ വിറയ്ക്കില്ല. ഇരുപത് മിനിറ്റോളം എസ്എഫ്‌ഐക്കാരുടെ മുന്നില്‍ തന്നെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് വേദി വിട്ടത്. പറയാനുള്ളത് പറഞ്ഞ് തീര്‍ക്കാതെ മഹാരാജാസ് കോളജിന്റേത് എന്നല്ല, ഒരു വേദിയില്‍ നിന്നും ഇറങ്ങുകയുമില്ല. വിദ്യാര്‍ഥികളുടെ ഭാവിക്കും കലാലയങ്ങളിലെ ജനാധിപത്യത്തിനും മേല്‍ ഒരു രാഷ്ട്രീയ കൊടിക്കും അഴിഞ്ഞാടാനുള്ള ലൈസന്‍സുമില്ല.