എന്റെ പിള്ളയെ ഞാൻ കൊന്നു കുഞ്ഞമ്മേ...; കുഞ്ഞിനെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാൻ പ്ലാനിട്ടു. മാതാവ് ക്രിസ്റ്റിയുടെ ഞെട്ടിക്കുന്ന മൊഴി. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും
തിരുവനന്തപുരം: മലയിൻകീഴ് വിളവൂർക്കലിൽ ഒന്നര വയസ്സുകാരി ഇവാന (അന്ന)യെ സ്വന്തം അമ്മ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് വിമുക്തരാകാതെ ബന്ധുക്കളും നാടും.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന കുഞ്ഞിന്റെ പിതാവ് അഭിജിത്തിന്റെ മാതൃസഹോദരിയാണ് കൊലപാതകത്തിന് തൊട്ടുപിന്നാലെ മുറിയിൽ നിന്നുള്ള ഭയാനകമായ ദൃശ്യങ്ങൾ പോലീസിനോട് വെളിപ്പെടുത്തിയത്.
കരച്ചിൽ കേട്ട് ക്രിസ്റ്റിയുടെ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ ചോരവാർന്ന് അസ്വാഭാവിക നിലയിൽ കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടതെന്ന് ഇവർ പറയുന്നു. എന്തുപറ്റിയെന്ന് പരിഭ്രാന്തിയോടെ ചോദിച്ചപ്പോൾ, ‘എന്റെ പിള്ളയെ ഞാൻ കൊന്നു കുഞ്ഞമ്മേ...’ എന്ന് ക്രിസ്റ്റി അലറിവിളിക്കുകയായിരുന്നു.
"കുഞ്ഞിനെ എനിക്ക് തന്നുകൂടായിരുന്നോ, ഞാൻ നോക്കുമായിരുന്നല്ലോ, എന്തിനാ കൊന്നുകളഞ്ഞത്..." എന്ന് നിലവിളിച്ചുകൊണ്ട് വിതുമ്പുകയാണ് ഈ മാതൃസഹോദരി.
വിളവൂർക്കൽ ഗവ. ആശുപത്രിക്ക് സമീപം പുലവണ്ണിയൂർക്കോണം കിഴക്കുംകര പുത്തൻവീട്ടിൽ അഭിജിത്ത്–ക്രിസ്റ്റി ദമ്പതികളുടെ ഏക മകളാണ് കൊല്ലപ്പെട്ട ഇവാന. സംഭവത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത ക്രിസ്റ്റിയെ വിഷം കഴിച്ചെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിയേക്കും.
കുടുംബപ്രശ്നങ്ങളും ദാമ്പത്യകലഹവുമാണ് ഈ അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭർത്താവ് അഭിജിത്തിന് തന്നെ എപ്പോഴും സംശയമായിരുന്നെന്നും സ്വന്തം വീട്ടിലേക്ക് പോലും വിട്ടിരുന്നില്ലെന്നും ചോദ്യം ചെയ്യലിൽ ക്രിസ്റ്റി മൊഴി നൽകി.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കാനായിരുന്നു പദ്ധതിയെന്നും, എന്നാൽ കഴുത്തറുത്ത കുഞ്ഞ് നിലത്ത് വീണ് പിടയുന്നത് കണ്ട് പരിഭ്രാന്തയായതോടെ ആത്മഹത്യ ചെയ്യാൻ കഴിഞ്ഞില്ലെന്നും ഇവർ പോലീസിനോട് സമ്മതിച്ചു.
മെഡിക്കൽ റപ്രസന്റേറ്റീവായ അഭിജിത്തും കുന്നുകുഴി സ്വദേശിയായ ക്രിസ്റ്റിയും രണ്ട് വർഷം മുൻപാണ് വിവാഹിതരായത്. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു കുഞ്ഞ് ഇവാനയുടെ ഒന്നാം പിറന്നാൾ വിപുലമായി ആഘോഷിച്ചത്.
കൊലപാതകം നടക്കുന്നതിന് തലേദിവസവും ദമ്പതികൾ തമ്മിൽ കടുത്ത വഴക്കുണ്ടായതായി നാട്ടുകാർ പോലീസിനെ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.