കപ്പ് പോയിട്ട് പന്ത് പോലും കിട്ടിയില്ലല്ലോ.സ്പാനിഷ് കീപ്പര്‍ വല വിരിച്ച് ഉറങ്ങിയെന്നാ കേട്ടത്; അര്‍ജന്റീനയുടെ തോല്‍വിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍

 
spain troll

ഫിഫ ലോകകപ്പ് 2026 ഫൈനലില്‍ അര്‍ജന്റീനയെ വീഴ്ത്തി കപ്പില്‍ മുത്തമിട്ടിരിക്കുകയാണ് സ്‌പെയിന്‍. സ്‌പെയിനുമായുള്ള ആവേശകരമെന്ന് കരുതിയ മത്സരമാണ് അര്‍ജന്റീന ദയനീയമായി തോറ്റത്. 


കളി കണ്ടവര്‍ക്ക് ഇടയ്‌ക്കെങ്കിലും തോന്നിയ സംശയം ആവാം അര്‍ജന്റീന താരങ്ങള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയത് ഫുട്‌ബോള്‍ കളിക്കാനാണോ അതോ സ്‌പെയിന്‍കാര്‍ പന്ത് തട്ടുന്നത് നോക്കി നില്‍ക്കാനാണോ എന്നത്. 

കാരണം പന്ത് പോലും അര്‍ജന്റീനക്ക് കിട്ടാത്ത തരത്തിലുള്ള കളിയാണ് സ്‌പെയിന്‍ കാഴ്ച്ച വെച്ചത്.

എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 1-0 എന്ന സ്‌കോറിനേക്കാള്‍ അര്‍ജന്റീനയ്ക്ക് നാണക്കേടായത് അവരുടെ മത്സര കണക്കുകളാണ്. മത്സരത്തിലുടനീളം സ്‌പെയിനിന്റെ ഗോള്‍ പോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും തൊടുക്കാന്‍ അര്‍ജന്റീനന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് ആരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. 

ആകെ എടുത്ത മൂന്ന് ഷോട്ടുകള്‍ എങ്ങോട്ടാണ് പോയതെന്ന് ഇപ്പോഴും അറിയില്ല. സ്‌പെയിന്‍ 68% പൊസഷനുമായി 803 പാസ്സുകള്‍ നല്‍കി കളം നിറഞ്ഞപ്പോള്‍, പന്തിന് പിന്നാലെ ഓടി അര്‍ജന്റീനക്കാര്‍ക്ക് വെറും 32% പൊസഷന്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പാസ്സ് ആക്യുറസിയിലാകട്ടെ സ്‌പെയിന്‍ 90% നേടിയപ്പോള്‍ അര്‍ജന്റീന 78%-ല്‍ ഒതുങ്ങി.


പന്ത് കിട്ടാത്തതിന്റെ വിഷമം അര്‍ജന്റീനന്‍ താരങ്ങള്‍ തീര്‍ത്തത് ഫൗളുകള്‍ ചെയ്താണ് എന്ന് വേണം കരുതാന്‍. 24 ഫൗളുകളും 5 മഞ്ഞക്കാര്‍ഡുകളും വാരിക്കൂട്ടിയ അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസ് 90+3 മിനിറ്റില്‍ ചുവപ്പ് കാര്‍ഡും വാങ്ങി ഗ്രൗണ്ടിന് പുറത്തായി. സ്‌പെയിന്‍ 20 ഷോട്ടുകള്‍ അടിച്ചപ്പോള്‍ അര്‍ജന്റീനയ്ക്ക് ആകെ കഴിഞ്ഞത് വെറും മൂന്നെണ്ണം മാത്രം.

ഫുട്‌ബോള്‍ കളിക്കാന്‍ വന്നവര്‍ ഗുസ്തി കഴിഞ്ഞ് മടങ്ങിയ ലക്ഷണമാണ് സ്റ്റാറ്റിസ്റ്റിക്‌സ് കണ്ടാല്‍ തോന്നുക. സ്‌പെയിനിന്റെ 11 ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റ് ആയപ്പോള്‍ അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ക്ക് കുറച്ചെങ്കിലും പണി കിട്ടി, എന്നാല്‍ സ്പാനിഷ് കീപ്പര്‍ക്ക് ഒന്ന് വിയര്‍ക്കാന്‍ പോലും അര്‍ജന്റീന സമ്മതിച്ചില്ല.

കളിക്ക് പിന്നാലെ ട്രോളുകളും നിറഞ്ഞു. സ്പാനിഷ് കീപ്പര്‍ക്കാണ് ഇവിടെ കോളടിച്ചത്, ഇന്നേവരെ ഫൈനലില്‍ ഒരു ഗോളിക്കും ഇതുപോലെ റസ്റ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല, പുള്ളി അവിടെ ആ ഗോള്‍ വല വിരിച്ച് ഉറങ്ങുകയായിരുന്നു, കപ്പ് കിട്ടിയില്ലെങ്കിലും പന്തെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു എന്ന് പോകുന്നു ആ കമന്റുകള്‍. എന്തായാലും അര്‍ജന്റീന ആരാധകര്‍ നിരാശരാണ്.
 

Tags

Share this story

From Around the Web