സര്‍ക്കാര്‍ തീരുമാനത്തിന് എതിരായി ഒന്നും പറഞ്ഞിട്ടില്ല. ഡിജിപി നിയമന വിവാദത്തില്‍ വിശദീകരണവുമായി പി. ജയരാജന്‍. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും പി. ജയരാജന്‍

തിരുവനന്തപുരം:സംസ്ഥാന ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിലെ വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം നേതാവ് പി. ജയരാജന്‍. താന്‍ സംസാരിച്ചത് റവഡ ചന്ദ്രശേഖറിന്റെ നിയമനത്തെ അംഗീകരിച്ച് തന്നെയാണ്.
മന്ത്രിസഭ യോഗത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സര്‍ക്കാര്‍ തീരുമാനത്തിന് എതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും പി. ജയരാജന്‍ പറഞ്ഞു.
'സര്‍ക്കാരിന്റെ തീരുമാനത്തില്‍ മറുപടി പറയേണ്ടത് സര്‍ക്കാരാണ്. പാര്‍ട്ടിയല്ല സര്‍ക്കാരിനോട് നിര്‍ദേശിക്കേണ്ടത്.കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച മൂന്ന് പേരുകളില്‍ ഒരാളെ മെറിറ്റ് അടിസ്ഥാനത്തില്‍ നിയമിച്ചു. അതിനെതിരായ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല.
വലതുപക്ഷ മാധ്യമങ്ങള്‍ എക്കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടത്തിയിട്ടുണ്ട്. ഡിജിപിയായി ആരെ സര്‍ക്കാര്‍ നിയമിക്കണമെന്നാണ് ഇപ്പോള്‍ ഇത്തരം മാധ്യമങ്ങള്‍ പറയുന്നത്. അങ്ങനെ നിര്‍ദേശം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലന്നും പി ജയരാജന്‍ പറഞ്ഞു.
കൂത്തുപറമ്പ് വെടിവെപ്പ് ഉണ്ടായ കാലത്ത് തലശ്ശേരി എസിപി ആയിരുന്ന റവാഡ ചന്ദ്രശേഖറിനെ പുതിയ പൊലീസ് മേധാവിയായി നിയമിച്ചതില്‍ പി. ജയരാജന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംഘര്‍ഷത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ റവാഡയുണ്ടായിരുന്നു.
മന്ത്രി എത്തിയതിനെ തുടര്‍ന്നാണ് കൂത്തുപറമ്പില്‍ സംഘര്‍ഷം രൂക്ഷമായതെന്ന് പി. ജയരാജന്‍ പറഞ്ഞിരുന്നു. അപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. റവാഡ ചന്ദ്രശേഖര്‍ ഒറ്റയ്ക്കല്ല മറ്റ് ഉദ്യോഗസ്ഥര്‍കൂടി ചേര്‍ന്നാണ് അന്ന് ലാത്തിച്ചാര്‍ജും വെടിവെപ്പും ഉള്‍പ്പെടുന്ന സംഘര്‍ഷം ഉണ്ടായതെന്നും ജയരാജന്‍ പറഞ്ഞിരുന്നു.