'എനിക്കെന്റെ ലോകം നഷ്ടപ്പെട്ടു'; ന്യൂയോര്‍ക്കില്‍ കൊല്ലപ്പെട്ട മകളെക്കുറിച്ച് ഇന്ത്യക്കാരന്റെ വാക്കുകള്‍, അമ്മ അറസ്റ്റില്‍
 

 
daughter1


 

'ഞാനെന്റെ മകളെ കൊന്നു' എന്നായിരുന്നു ന്യൂയോര്‍ക്കിലെ ഫ്രാന്‍സിസ് കാബെല്ലോയെന്ന യുവതി കുഞ്ഞിന്റെ കൊലപാതകവിവരം അറിഞ്ഞെത്തിയ പൊലീസിനോട് പറഞ്ഞത്. ഒക്ടോബര്‍ 14നാണ് ക്യൂന്‍സിലെ റിച്ച്മണ്ട് ഹില്ലിനു സമീപത്തുള്ള വീട്ടില്‍വച്ച് അഞ്ചുവയസുകാരി ഫാബിയാന കബെല്ലോ അമ്മയുടെ കൈകളാല്‍ കൊല്ലപ്പെട്ടത്. പൊലീസെത്തി ഉടന്‍ തന്നെ കുഞ്ഞിനെ ജമൈക്ക മെഡിക്കല്‍ സെന്ററിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അമ്മ ഫ്രാന്‍സിസ് കബെല്ലോയെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ സംസ്‌കാരച്ചടങ്ങിനായി പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ് പിതാവ് ഇന്ത്യന്‍ വംശജനായ കുല്‍ദീപ് സിങ്.

പൊലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ വന്ന കോളിലൂടെയാണ് കുഞ്ഞിന്റെ മരണവിവരം പുറത്തറിയുന്നത്. ഉടന്‍ വീട്ടിലെത്തിയ പൊലീസിനോട് താന്‍ മകളെ കൊന്നുവെന്ന് അമ്മ പറഞ്ഞു, പിന്നാലെ കുട്ടിയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തി, മൂക്കില്‍ നിന്നും രക്തം വരുന്ന അവസ്ഥയിലായിരുന്നു കുഞ്ഞ്. കുട്ടിയുടെ മരണത്തിനിടയാക്കിയ കാര്യം എന്താണെന്ന് പൊലീസിനു വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടിയുടെ മുഖത്തെല്ലാം പോറലുകളും കണ്ണുകളിലും,ഹൃദയം, ശ്വാസകോശം എന്നിവിടങ്ങളില്‍ രക്തസ്രാവത്തിന്റെ അടയാളങ്ങളും ലഭിച്ചിട്ടുണ്ട്. ശ്വാസംമുട്ടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ലക്ഷണങ്ങളാണിതെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 

അതേസമയം കുട്ടിയുടെ അമ്മ ഫ്രാന്‍സിസ് കബെല്ലോയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഫ്രാന്‍സിസിന്റെ പിതാവ് ഫ്രാങ്ക്‌ലിന്‍ കബെല്ലോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എങ്കിലും മകള്‍ കുട്ടിയെ ഉപദ്രവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. മാനസിക പ്രശ്‌നത്തിനുള്ള മരുന്ന് നിര്‍ത്താന്‍ ഡോക്ടര്‍ അനുവദിച്ചെന്ന് മകള്‍ തന്നോട് പറഞ്ഞിരുന്നതായും പിതാവ് പറയുന്നു. 
 
അതേസമയം മകളുടെ സംസ്‌കാര ചടങ്ങിനായുള്ള പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് കുല്‍ദീപ് സിങ്. ഗോഫണ്ട്മീ വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. മകളെ നഷ്ടപ്പെട്ടതോടെ തന്റെ ലോകം നഷ്ടപ്പെട്ടെന്നും ഇദ്ദേഹം ഗോഫണ്ട്മീ കാംപെയിന്റെ ഭാഗമായുള്ള കുറിപ്പില്‍ വ്യക്തമാക്കുന്നു. വാടകയ്‌ക്കെടുത്ത കാറില്‍ ഊബര്‍ ഡ്രൈവറായ തനിക്ക് മകളുടെ സംസ്‌കാരത്തിനായുളള 17 ലക്ഷം രൂപ കണ്ടെത്താന്‍ പറ്റാത്ത സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഈ ഘട്ടത്തെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള സഹായം ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. കുട്ടിയുടെ മരണം അറിഞ്ഞ ഞെട്ടലിലാണ് ബന്ധുക്കളും സമീപവാസികളും. 

Tags

Share this story

From Around the Web