ഡിഗ്രിയുണ്ട്, ജോലി എവിടെ? ഇന്ത്യയിലെ ബിരുദധാരികളില്‍ 8.25% പേര്‍ക്ക് മാത്രം യോഗ്യതയ്‌ക്കൊത്ത ജോലി

 
degree

ന്യൂഡല്‍ഹി: ഒരു ഡിഗ്രി നേടിയാല്‍ ജോലി ഉറപ്പെന്ന ധാരണയ്ക്ക് തിരിച്ചടിയായി നിതി ആയോഗിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ബിരുദം പൂര്‍ത്തിയാക്കിയവരില്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്വന്തം വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുയോജ്യമായ ജോലി നേടിയത് വെറും 8.25 ശതമാനം പേര്‍ മാത്രമാണെന്ന് 'റീഇമാജിനിങ് സ്‌കില്ലിങ് ഫോര്‍ വിക്‌സിത് ഭാരത്@2047' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

കൂടുതല്‍ പേരും തൊഴില്‍രഹിതരായി തുടരുകയോ വിദ്യാഭ്യാസ നിലവാരത്തിന് താഴെയുള്ള ജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നു.

ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം അതിവേഗം ഉയര്‍ന്നിട്ടും അതിനനുസരിച്ച് തൊഴില്‍ വിപണി വളര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 

നിലവില്‍ രാജ്യത്ത് ഏകദേശം 3.4 കോടി വിദ്യാര്‍ഥികളാണ് ബിരുദ കോഴ്‌സുകളില്‍ പഠിക്കുന്നത്. ഇതില്‍ 1.3 കോടിയിലധികം പേര്‍ ബി.എ. പഠിക്കുന്നവരാണ്.

ബി.എ., ബി.എസ്.സി., ബി.കോം. വിദ്യാര്‍ഥികളെ ഒരുമിച്ച് പരിഗണിച്ചാല്‍ എണ്ണം രണ്ട് കോടിയിലേറെയാണ്. എന്നാല്‍, ഈ പരമ്പരാഗത ബിരുദങ്ങള്‍ തൊഴില്‍ വിപണിയുടെ നിലവിലെ നൈപുണ്യ ആവശ്യങ്ങളുമായി പലപ്പോഴും പൊരുത്തപ്പെടുന്നില്ല.

വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രശ്‌നവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏകദേശം 80 ശതമാനം വിദ്യാര്‍ഥികള്‍ക്കും പ്രായോഗിക അറിവും വ്യവസായ മേഖലയിലെ പരിചയവും കുറവാണെന്നാണ് കണ്ടെത്തല്‍. 

പാഠപുസ്തകങ്ങളിലെയും സിദ്ധാന്തങ്ങളിലെയും അറിവുണ്ടെങ്കിലും അത് തൊഴില്‍ മേഖലയില്‍ എങ്ങനെ പ്രയോഗിക്കണമെന്നതില്‍ പലര്‍ക്കും പരിചയക്കുറവുണ്ട്.

 34 ശതമാനം പേര്‍ നൈപുണ്യക്കുറവാണ് പ്രധാന വെല്ലുവിളിയെന്ന് പറഞ്ഞപ്പോള്‍, 18 ശതമാനം പേര്‍ക്ക് ജോലി അഭിമുഖങ്ങള്‍ക്ക് എങ്ങനെ തയ്യാറെടുക്കണമെന്നുപോലും അറിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 

സ്വകാര്യ മേഖലയിലെ അവസരങ്ങള്‍ പ്രയാസകരമാകുമ്പോള്‍ സര്‍ക്കാര്‍ ജോലിയിലേക്ക് തിരിയുന്നവരുടെ എണ്ണവും ഉയരുന്നു. 

2024 നവംബര്‍ മുതല്‍ 2025 ജൂലൈ വരെ വെറും 55,000 സര്‍ക്കാര്‍ ഒഴിവുകളിലേക്ക് 1.86 കോടിയിലധികം അപേക്ഷകളാണ് ലഭിച്ചത്.

അതിനാല്‍, ബി.എ., ബി.കോം., ബി.എസ്.സി. തുടങ്ങിയ ബിരുദങ്ങള്‍ മാത്രം തൊഴില്‍ ഉറപ്പാക്കുന്ന കാലം മാറുകയാണെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. അക്കാദമിക് യോഗ്യതയ്‌ക്കൊപ്പം തൊഴില്‍ വിപണിക്ക് ആവശ്യമായ നൈപുണ്യവും നേടേണ്ടതുണ്ട്.

 കോളേജ് കാലത്തുതന്നെ ഡിജിറ്റല്‍ നൈപുണ്യം, ഇന്റേണ്‍ഷിപ്പ്, പ്രോജക്ടുകള്‍, പ്രായോഗിക പരിശീലനം എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 കൂടുതല്‍ ബിരുദധാരികളെ സൃഷ്ടിക്കുന്നതിലല്ല, യഥാര്‍ഥത്തില്‍ തൊഴില്‍ നേടാന്‍ കഴിയുന്ന യുവാക്കളെ സൃഷ്ടിക്കുന്നതിലാണ് ഇനി വിദ്യാഭ്യാസ മേഖലയുടെയും തൊഴില്‍ മേഖലയുടെയും ശ്രദ്ധ വേണ്ടത്.
 

Tags

Share this story

From Around the Web