പിതാവിന്റെ ഘാതകരോടു ഞാന്‍ യേശു നാമത്തില്‍ ക്ഷമിക്കുന്നു; മണിപ്പൂരില്‍നിന്നൊരു സുവിശേഷ സാക്ഷ്യം
ഇംഫാല്‍: ‘എന്റെ കര്‍ത്താവും രക്ഷകനുമായ യേശുവിന്റെ നാമത്തില്‍, എന്റെ പിതാവിന്റെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും ജീവനെടുത്തവരോട് ഞാന്‍ ക്ഷമിക്കുന്നു.’ പിതാവിന്റെ മൃതദേഹത്തിനടുത്തുനിന്നായിരുന്നു ആ ചെറുപ്പക്കാരന്റെ അസാധാരണമായ വാക്കുകള്‍. തോക്കുകളേക്കാള്‍ ശക്തി ഉണ്ടായിരുന്നു ക്ഷമയുടെ വാക്കുകള്‍ക്ക്.
മണിപ്പൂരിലെ താഡോ ബാപ്റ്റിസ്റ്റ് അസോസിയേ ഷന്‍ പ്രസിഡന്റ് റവ. ഡോ. വി. സിറ്റ്ലൗവിന്റെ മകന്‍ ഹാമിന്‍ലുന്‍ സിത്ലൗ ആണ് തന്റെ പിതാവിന്റെ ഘാതകരോടു ക്ഷമിച്ചത്. മണിപ്പൂരിലെ കാംഗ്‌പോക്പി ജില്ലയിലെ മോത്ബുങ് ഗ്രാമം ഡോ. സിറ്റ്ലൗവിന്റെ വേര്‍പാടില്‍ വിതുമ്പുകയായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ചുറ്റും ഉണ്ടായിരുന്നവരെ നോക്കിയായിരുന്നു കൊലപാതകികള്‍ക്ക് മാപ്പുനല്‍കിയത്.
മണിപ്പൂരിലെ സമാധാന ശ്രമങ്ങള്‍ക്കു മുന്നില്‍നിന്നു പ്രവര്‍ത്തിച്ചിരുന്ന പ്രശസ്ത സഭാ നേതാവ് റവ. ഡോ. വി. സിത്ലൗവും മറ്റ് രണ്ട് പാസ്റ്റര്‍മാരും തീവ്ര വാദികളുടെ ഒളിയാക്രമണത്തില്‍ കൊല്ലപ്പെട്ടത് മെയ് 13-നാണ്. സഭാ നേതാക്കള്‍ വര്‍ഗീയ കലാപത്തിന്റെ ഇരകളായി മാറിയപ്പോള്‍ സംസ്ഥാനത്ത് ചോരപ്പുഴ ഒഴുകുമോ എന്ന ആശങ്ക ഉയര്‍ന്ന സമയത്താണ് ഹാമിന്‍ലുന്‍ ക്ഷമയുടെ സുവിശേഷം പ്രഘോഷിച്ചത്.
തടവിലാക്കപ്പെട്ട കുക്കി വിഭാഗത്തില്‍പ്പെട്ടവരെ സുരക്ഷിതമായി മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് നാഗാ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളോട് ഹാമിന്‍ലുന്‍ അഭ്യര്‍ത്ഥിച്ചു. ആ നിലവിളിക്കുള്ള ഉത്തരംപോലെ തട്ടിക്കൊണ്ടുപോയ 38 പേരില്‍ രണ്ട് സലേഷ്യന്‍ ബ്രദേഴ്‌സ് ഉള്‍പ്പെടെ 28 പേരെ മോചിപ്പിച്ചു കഴിഞ്ഞു.