കിട്ടാത്തതില്‍ വിഷമമൊന്നുമില്ല; ജീവനുകള്‍ രക്ഷിക്കുന്നത് അദ്ദേഹം തുടരും :  നൊബേല്‍ കൈവിട്ടു പോയതില്‍ പ്രതികരണവുമായി വൈറ്റ് ഹൗസ്

 
Trumph

വാഷിംഗ്ടണ്‍:പോയിടത്തെല്ലാം സമാധാന നൊബേല്‍ ചോദിച്ചു നടന്ന യുഎസ് പ്രസിഡന്റ് അവസാനം പുരസ്‌കാരം കൈവിട്ടു പോയതിന്റെ നിരാശയിലാണ്. 

ട്രംപിന് പകരം വെനിസ്വേലയുടെ മരിയ കൊറിന മച്ചാഡോയ്ക്ക് സമാധാന സമ്മാനം നല്‍കി കൊണ്ടുള്ള നോബല്‍ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ വൈറ്റ് ഹൗസ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

 അവാര്‍ഡ് കിട്ടിയില്ലെങ്കിലും, 'സമാധാന കരാറുകള്‍ ഉണ്ടാക്കുന്നതും, യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതും, ജീവന്‍ രക്ഷിക്കുന്നതും' അദ്ദേഹം തുടരുമെന്ന് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവന്‍ ച്യൂങ് എക്സ് പോസ്റ്റില്‍ കുറിച്ചു.

'ഒരു മനുഷ്യസ്നേഹിയുടെ ഹൃദയമാണ് അദ്ദേഹത്തില്‍ തുടിക്കുന്നത്. തന്റെ ഇച്ഛാശക്തി കൊണ്ട് പര്‍വതങ്ങള്‍ പോലും ചലിപ്പിക്കാന്‍ കഴിയുന്ന അദ്ദേഹത്തെപ്പോലെ മറ്റൊരാളും ഉണ്ടാകില്ല' എന്നും സ്റ്റീവന്‍ ച്യൂങ് എഴുതി.

 അധികാരത്തിലേറി ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യ  പാകിസ്ഥാന്‍ സംഘര്‍ഷം അടക്കം നിരവധി രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ അവസാനിപ്പിച്ചു എന്നായിരുന്നു ട്രംപിന്റെ അവകാശവാദം.

യു എന്‍ പൊതുസഭയില്‍ സംസാരിക്കുമ്പോഴും തനിക്ക് സമാധാന നൊബേല്‍ തരണമെന്ന ആവശ്യമുന്നയിച്ചത് അമേരിക്കയെ അന്താരാഷ്ട്ര തലത്തില്‍ നാണം കെടുത്തിയിരുന്നു. 

ട്രംപിനുള്ള ജനപ്രീതി ഇടിയാന്‍ ഇത് വന്‍തോതില്‍ കാരണമായി. സമ്മാനം നേടിയെടുക്കാന്‍ കിണഞ്ഞു പരിശ്രമിച്ച അദ്ദേഹം അവസാനമായി ഗാസയിലെ സമാധാന കരാറിനാണ് ചുക്കാന്‍ പിടിച്ചത്.

വെനിസ്വേലന്‍ രാഷ്ട്രീയ പ്രവര്‍ത്തകയും പ്രതിപക്ഷ നേതാവുമായ മരിയ കൊറീന മച്ചാഡോക്കാണ് ഈ വര്‍ഷത്തെ സമാധാന നൊബേല്‍. സമാധാന നൊബേല്‍ നേടുന്ന ഇരുപതാമത്തെ വനിതയാണ് മച്ചാഡോ.

Tags

Share this story

From Around the Web