ആഗ്രഹത്തിന് അവരുടെ ജീവന്റെ വിലയുണ്ടാകുമെന്ന് ചിന്തിച്ചില്ല. ഡാന്‍സ് ക്ലാസില്‍ പോകണം, ഭക്ഷണമുണ്ടാക്കാന്‍ പറ്റില്ലെന്ന് ഭാര്യ; മര്‍ദിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

 
nagpoor


നാഗ്പുര്‍: താന്‍ താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയിലെ ഡാന്‍സ് ക്ലാസില്‍ പങ്കെടുക്കണമെന്ന് ആ സ്ത്രീ അതിയായി ആഗ്രഹിച്ചിരുന്നു, എന്നാല്‍ ആ ആഗ്രഹത്തിന് അവരുടെ ജീവന്റെ വിലയുണ്ടാരുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. മഹാരാഷ്ട്രയിലെ നാഗ്പുരില്‍, വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് പകരം ഡാന്‍സ് ക്ലാസില്‍ പോകാന്‍ തീരുമാനിച്ച 38-കാരി ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു.

യാമിനി കൃഷ്ണലാല്‍ എന്ന യുവതിക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പ്രതിയായ 41-കാരന്‍ കൃഷ്ണലാല്‍ യാദവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ക്കെതിരെ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ ദമ്പതികള്‍ക്ക് രണ്ട് ചെറിയ കുട്ടികളുണ്ട്. വ്യാഴാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്.

പോലീസ് നല്‍കുന്ന വിവരമനുസരിച്ച്, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണലാല്‍ തനിക്കും കുട്ടികള്‍ക്കുമായി ഭക്ഷണം തയ്യാറാക്കാന്‍ യാമിനിയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഹൗസിങ് സൊസൈറ്റിയിലെ ഡാന്‍സ് ക്ലാസില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുകയായിരുന്ന യാമിനി ഭക്ഷണം പാകം ചെയ്യാന്‍ വിസമ്മതിച്ചു.
ഇതിനെച്ചൊല്ലി ദമ്പതികള്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ സമയം മദ്യലഹരിയിലായിരുന്ന കൃഷ്ണലാല്‍, തന്റെ രണ്ട് മക്കളുടെയും മുന്നില്‍വെച്ച് യാമിനിയുടെ കഴുത്തിലും വയറിലും ക്രൂരമായി മര്‍ദിച്ചതായി പോലീസ് പറഞ്ഞു.
മര്‍ദനത്തിനുശേഷം കഴുത്തിലും വയറ്റിലും കടുത്ത വേദന അനുഭവപ്പെട്ട യാമിനി ഭര്‍ത്താവിനോട് വേദനസംഹാരികള്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടു. കൃഷ്ണലാല്‍ മെഡിക്കല്‍ സ്റ്റോറില്‍ പോയെങ്കിലും കട അടച്ചിരുന്നതിനാല്‍ മരുന്ന് വാങ്ങാതെ വീട്ടിലേക്ക് മടങ്ങി. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതരമായ പരിക്കുകള്‍ കാരണം യാമിനിയുടെ വയര്‍ വീര്‍ക്കാന്‍ തുടങ്ങുകയും നില കൂടുതല്‍ വഷളാവുകയും ചെയ്തു.

പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പോലീസ് അപകടമരണത്തിന് കേസെടുക്കുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിലെ അസ്ഥി ഒടിഞ്ഞതായും കുടലിന് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചതായും കണ്ടെത്തി. ഈ കണ്ടെത്തലുകളെ തുടര്‍ന്നാണ് പോലീസ് കൃഷ്ണലാലിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തത്. ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
പ്രതിക്കെതിരേ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തുടര്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Tags

Share this story

From Around the Web