ക്വാര്‍ട്ടര്‍ ഗ്ലാസ് കിട്ടിയില്ല; കെഎസ്ആര്‍ടിസി ബസിന്റെ ബ്ലൈന്‍ഡ് സ്‌പോട്ട് തകര ഷീറ്റ് കൊണ്ട് അടച്ചെന്ന് പരാതി. ക്വാര്‍ട്ടര്‍ ഗ്ലാസ് ഇല്ലാതിരുന്നത് ഡ്രൈവറുടെ കാഴ്ചയെ ബാധിച്ചതായാണ് ആരോപണം

 
ksrtc


തിരുവനന്തപുരം: അപകടം ക്ഷണിച്ചുവരുത്തി കെഎസ്ആര്‍ടിസി? ചേര്‍ത്തലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്തെ ക്വാര്‍ട്ടര്‍ ഗ്ലാസ് ഇല്ലാത്തതിനാല്‍ ഭാഗം തകര ഷീറ്റ് ഉപയോഗിച്ച് മറച്ചതായി പരാതി.
ബസിന്റെ ബ്ലൈന്‍ഡ് സ്‌പോട്ട് കാണാന്‍ സഹായിക്കുന്ന ക്വാര്‍ട്ടര്‍ ഗ്ലാസ് ഇല്ലാതിരുന്നത് ഡ്രൈവറുടെ കാഴ്ചയെ ബാധിച്ചതായാണ് ആരോപണം. ഇതിനുപുറമെ റിയര്‍വ്യൂ മിററിന്റെ സ്ഥാനവും മാറ്റേണ്ടിവന്നു. ഇതോടെ വലതുവശത്തെയും പിന്നില്‍നിന്ന് വരുന്ന വാഹനങ്ങളെയും കാണാന്‍ ഡ്രൈവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നാണ് വിവരം.


സ്‌പെയര്‍ പാര്‍ട്‌സ് ലഭിക്കാത്തതിനാലാണ് തകര ഷീറ്റ് ഉപയോഗിച്ച് ഭാഗം അടച്ചതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ സര്‍വീസ് മുടങ്ങരുതെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ബസ് ഓടിക്കേണ്ടിവന്നതായും, വളരെ ബുദ്ധിമുട്ടിയാണ് വാഹനം ഓടിച്ചതെന്നും ഡ്രൈവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

സുരക്ഷയെ നേരിട്ട് ബാധിക്കുന്ന തരത്തില്‍ ബസ് സര്‍വീസ് നടത്തിയതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. സംഭവം സംബന്ധിച്ച് കെഎസ്ആര്‍ടിസി അധികൃതരുടെ വിശദീകരണം ലഭ്യമല്ല.

Tags

Share this story

From Around the Web