നേരിട്ടെത്താന്‍ കഴിഞ്ഞില്ല; ജന്തര്‍ മന്തറിലെ സമരക്കാര്‍ക്ക് 67000 രൂപക്ക് 150 പിസ്സകള്‍ ഓണ്‍ലൈനില്‍ ഓഡര്‍ ചെയ്ത് നല്‍കി യുവാവ്
ന്യൂഡല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് 2000 കിലോ മീറ്റര്‍ അപ്പുറത്ത് നിന്ന് വ്യത്യസ്തമായൊരു ഐക്യദാര്‍ഢ്യം.
സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് 150 പിസ്സകളും ബിസ്‌കറ്റുകളും ഉള്‍പ്പടെ 70,000 രൂപയോളം രൂപയുടെ ഭക്ഷണങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു കൊടുത്താണ് നാഗാലാന്റില്‍ നിന്നുള്ള ത്സാ-ലൂ എന്ന യുവാവ് സമരത്തോട് ഐക്യപ്പെട്ടിരിക്കുന്നത്.
150 'ചീസ് ബര്‍സ്റ്റ്' പിസ്സകളാണ് ഡൊമിനോസില്‍ നിന്ന് ഇദ്ദേഹം സമരവേദിയിലേക്ക് ഓര്‍ഡര്‍ ചെയ്ത് നല്‍കിയത്. പിസ്സയുടെ ഓര്‍ഡറിന് മാത്രം 67,734.18 രൂപയാണ് ബില്ല് വന്നിട്ടുള്ളത്. ത്സാ-ലൂ തന്നെയാണ് ബില്ലിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
ജൂലൈ 22 ന് വൈകീട്ട് നാലരയോടെയാണ് യുവാവ് ജന്തര്‍മന്തറിലേക്കുള്ള ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു.
' ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്ന് അകന്ന്, മെച്ചപ്പെട്ട ഭാവിക്കും നീതിയുക്തമായ വിദ്യാഭ്യാസ സമ്പ്രദായത്തിനും വേണ്ടി ജന്തര്‍ മന്തറില്‍ പോരാടുന്‌പോള്‍ ഞാന്‍ ഇവിടെ നാഗാലാന്‍ഡില്‍ ഇരിക്കുകയാണ്.
എനിക്ക് അവര്‍ക്കൊപ്പം നേരിട്ട് നില്‍ക്കാന്‍ കഴിഞ്ഞില്ല, അതിനാല്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിത്,'
ഓര്‍ഡര്‍ ആര്‍ക്കാണ് നല്‍കേണ്ടതെന്ന് ചോദിച്ച് ഡൊമിനോസില്‍ നിന്ന് ഡെലിവറി ചെയ്യാന്‍ പോയ ആള്‍ വിളിച്ചപ്പോള്‍ 'ഭക്ഷണം കഴിക്കാത്ത ആര്‍ക്ക് വേണമെങ്കിലും ഇത് നല്‍കുക' എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
' പ്രശംസ പിടിച്ചുപറ്റാനല്ല താന്‍ ഈ പോസ്റ്റ് പങ്കുവെച്ചത്. തങ്ങളാല്‍ കഴിയുന്ന രീതിയില്‍ മറ്റുള്ളവരെ സഹായിക്കാന്‍ ഇത് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് പോസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നീട് പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ വിദ്യാര്‍ഥികള്‍ക്കായി 5,000 രൂപയുടെ ബിസ്‌കറ്റുകള്‍ കൂടി ഓര്‍ഡര്‍ ചെയ്തതായി അദ്ദേഹം പറയുന്നുണ്ട്.