'ഞാന്‍ എന്റെ ദൈവത്തില്‍ വിശ്വസിക്കുന്നു, ചില ഷോട്ടുകള്‍ എന്നെയും അത്ഭുതപ്പെടുത്തി;' വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞ് സഞ്ജു സാംസണ്‍
ന്യൂഡല്‍ഹി: ഞാന്‍ എന്റെ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ . ജിയോസ്റ്റാറിനോട് സംസാരിക്കുമ്പോഴാണ് സഞ്ജു തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞത്. വെസ്റ്റിന്‍ഡീസിനെതിരെ 50 പന്തില്‍ 97 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കളിയെപ്പറ്റി സഞ്ജു വിശദീകരിച്ചത് ഇങ്ങനെയായിരുന്നു:
''ഒന്നും ഞാനല്ല ചെയ്തെന്ന് എനിക്കറിയാം. അത് എങ്ങനെ അടിച്ചു എന്ന് ഞാന്‍ അദ്ഭുതപ്പെടുന്ന ചില ഷോട്ടുകള്‍ അതിലുണ്ട്. അത് എന്നിലൂടെ സംഭവിച്ചതിലും ടീമിനെ സഹായിക്കാന്‍ കഴിഞ്ഞതിലും വളരെ നന്ദിയുള്ളവനാണ്. ആ നിമിഷം എന്റെ അവസാന ശ്വാസം വരെ എന്നോടൊപ്പം ഉണ്ടാകും.''
ട്വന്റി20 ലോകകപ്പിന്റെ തുടക്കത്തില്‍ പ്ലേയിങ് ഇലവനില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ തനിക്ക് ഇനിയും ടീമില്‍ സ്ഥാനം കിട്ടുമെന്ന് പറഞ്ഞ രോഹിത് ശര്‍മയുടെ വാക്കുകള്‍ താന്‍ വിശ്വസിച്ചിരുന്നില്ലെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു. പിന്നീട് തന്റെ ആത്മവിശ്വാസം വീണ്ടെടുക്കുകയും വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയെ വിജയി പ്പിക്കാന്‍ കഴിഞ്ഞെന്നും സഞ്ജു പറയുന്നു.
എല്ലാം ഒത്തുവന്ന അപൂര്‍വ ദിവസങ്ങളില്‍ ഒന്നായിരുന്നു എന്നാണ് വെസ്റ്റിന്‍ഡീസിനെതിരെയുള്ള കളിയെ സഞ്ജു സാംസണ്‍ വിശേഷിപ്പിക്കുന്നത്.
വെസ്റ്റിന്‍ഡീസിനെതിരെ വിജയറണ്‍ നേടിയ നിമിഷം ഹെല്‍മറ്റ് ഊരിയെറിഞ്ഞ് സ്റ്റേഡിയത്തില്‍ മുട്ടുകുത്തി കുരിശുവരച്ച് ദൈവത്തിന് നന്ദി പറഞ്ഞതിനെക്കുറിച്ചും സഞ്ജു വിശദീകരിക്കുന്നുണ്ട്.''
അതു വ്യക്തിപരമായ ഒരു ആഘോഷമായിരുന്നു. പക്ഷേ അത് വളരെ പരസ്യമായി മാറി.''
ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കു ശേഷം താന്‍ മാനസികമായി തളര്‍ന്നിരുന്നെന്നും രോഹിത് കാണിച്ചു തന്ന വഴി തനിക്ക് കാണാന്‍ കഴിഞ്ഞില്ലെന്നും സഞ്ജു തുറന്നുസമ്മതിച്ചു.
പ്ലേയിങ് ഇലവനില്‍നിന്ന് ഒഴിവാക്കപ്പെട്ടതിലെ നിരാശ ലോകകപ്പിന്റെ പ്രാരംഭഘട്ടത്തിലുമുണ്ടായിരുന്നെന്നും പെട്ടെന്നു അതു മറികടക്കാന്‍ സാധിച്ചില്ലെന്നും സഞ്ജു വിശദീകരിക്കുന്നുണ്ട്.
ഈ തിരിച്ചടി ഒടുവില്‍ സ്വയം വിലയിരുത്തലിനുള്ള അവസരമായി മാറിയെന്നും, അത് തന്റെ മാനസികാവസ്ഥയെയും കളിക്കാന്‍ തന്നെ പ്രേരിപ്പിച്ച കാരണങ്ങളെയും പുനഃപരിശോധിക്കാന്‍ പ്രേരിപ്പിച്ചതായും സഞ്ജു പറഞ്ഞു.
ലോകകപ്പ് നടക്കുമ്പോള്‍ തന്നെ എന്നെത്തന്നെ വീണ്ടും കണ്ടെത്തുന്നത് പോലെയായിരുന്നു അത്. പിന്നീട് എല്ലാം വീണ്ടും തിരിച്ചുവന്നു.'' സഞ്ജു പറയുന്നു.