ബിന്ദുവിന്റെ കുടുംബത്തിനൊപ്പമുണ്ട്. ബിന്ദുവിന്റെ വീട് നവീകരിക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയായി. വീട് സന്ദർശിച്ച് മന്ത്രി ആർ ബിന്ദു

 
R bindhu

തലയോലപ്പറമ്പ്: മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഉപയോഗശൂന്യമായ പഴയ ശുചിമുറി കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ മന്ത്രി ആർ ബിന്ദു സന്ദർശിച്ചു. 

ചൊവ്വാഴ്ച രാവിലെയാണ് മന്ത്രി ബിന്ദുവിന്റെ വീട്ടിലെത്തിയത്. ഭര്‍ത്താവ് വിശ്രുതന്‍, അമ്മ സീതാലക്ഷ്മി, മകന്‍ നവനീത് എന്നിവരെ മന്ത്രി ആശ്വസിപ്പിച്ചു. കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

'ബിന്ദുവിന്റെ വീട് നവീകരിക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയായി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് വീട്‌ നവീകരിക്കുന്നത്. 

എന്‍എസ്എസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അന്‍സാറും എംജി യൂണിവേഴ്‌സിറ്റി കോര്‍ഡിനേറ്റര്‍ ഡോ ശിവദാസും എംഎല്‍എ സി കെ ആശയും ഞാനും അടങ്ങുന്ന കമ്മറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകും. 

വീടിന്റെ പ്ലാനും എസ്‌റ്റിമേറ്റും കഴിഞ്ഞ ദിവസം തയ്യാറാക്കി. 12 ലക്ഷത്തി എണ്‍പതിനായിരം (12,80000) രൂപയുടെ എസ്‌റ്റിമേറ്റാണ് ഇപ്പോള്‍ തയ്യാറാക്കിയുട്ടുള്ളത്. 50 ദിവസത്തിനകം വീടു പണി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 

എൻഎസ്എസ് കുട്ടികൾ വീട് നിർമാണത്തിന് ആവശ്യമായ തുക കണ്ടെത്തും. കോട്ടയത്തെ സുമനസുകളും ഇതിൽ സഹകരിക്കുമെന്നാണ് പ്രതീക്ഷ'- മന്ത്രി ആർ ബിന്ദു പറഞ്ഞു.

പുതിയ അടുക്കള, വർക്ക് ഏരിയ നിർമിക്കാനും ഷീറ്റ് ഇട്ടിരിക്കുന്ന ഭാഗം പൊളിച്ചുമാറ്റി കോൺക്രീറ്റ് ചെയ്ത് ബാത്റൂം നിർമിക്കാനുമാണ് തീരുമാനമായത്.

വീടിന്റെ അകവും മുറ്റവും ടൈൽ പാകാനും ഇലക്ട്രിക്കൽ, പ്ലമ്പിങ്‌ വർക്കുകൾ മുഴുവനായും പുതുതായി ചെയ്യാനും തീരുമാനിച്ചു. പുരയിടത്തിന്റെ മുൻഭാഗത്ത് സംരക്ഷണഭിത്തി നിർമിച്ച ശേഷം അര മതിൽ നിർമിക്കും.

Tags

Share this story

From Around the Web