ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയും ചെയ്യും - സന്ധ്യാപ്രാര്‍ത്ഥന

പരിശുദ്ധ അമ്മേ ഞങ്ങളുടെ ആശ്രയമേ... ഈശോയെ പരിപാലിക്കുവാന്‍ ഭാഗ്യം ലഭിച്ച അമ്മയുടെ മാദ്ധ്യസ്ഥം ഞങ്ങള്‍ തേടുന്നു. തിരുക്കുടുംബത്തിന്റെ നാഥയായ മേരി മാതാവേ. ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കുവാന്‍ ഈശോയുടെ പക്കല്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിക്കുവാന്‍ അമ്മ സദാ സന്നദ്ധയാണെന്ന് ഞങ്ങള്‍ അറിയുന്നു. ആരൊക്കെ ഞങ്ങളെ വിട്ട് അകന്നാലും ഒറ്റപ്പെടുന്ന ജീവിതവ്യഥകള്‍ക്കിടയിലും പ്രയാസങ്ങളുടെ കൊടുമുടി അനുഭവത്തിലും ഞങ്ങള്‍ക്ക് ആശ്രയവുമായി അമ്മ കടന്നുവരുന്ന കാരുണ്യത്തെ ഓര്‍ത്ത് നന്ദി പറയുന്നു... വിശ്വാസജീവിതത്തിലെ സംശയങ്ങള്‍ക്കിടയില്‍. ആത്മീയമേഖലയിലെ മരവിപ്പിനുമേല്‍ അങ്ങേ നീലമേലങ്കി വീശി ഞങ്ങളെ ഉജ്ജീവിപ്പിക്കണമേ. പാപികളുടെ സങ്കേതവും ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ സഹായവുമായ മാതാവേ ഞങ്ങള്‍ക്ക് നിരന്തരം ശക്തിയായി കൂടെ നില്‍ക്കേണമേ. ഞങ്ങളുടെ കുടുംബങ്ങള്‍ സമാധാനത്തിലും സന്തോഷത്തിലും അങ്ങ് ചേര്‍ത്തുപിടിക്കണമേ. അങ്ങേ മാതൃസ്‌നേഹത്തിന്റെ ശോഭയില്‍, നീലക്കാപ്പയുടെ സംരക്ഷണത്തില്‍ ഈ ലോകം മുഴുവന്‍ കാത്തുപാലിക്കുവാന്‍ ഇടയാക്കണമേ. അവിടുത്തെ തിരുക്കുമാരന്റെ പക്കല്‍ ഞങ്ങളുടെ എളിയ അര്‍ത്ഥനകളും പ്രാര്‍ത്ഥനാ നിയോഗങ്ങളും സമര്‍പ്പിച്ച് ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ...
നിത്യപിതാവിന്റെ സ്‌നേഹവലയത്തില്‍, പുത്രനായ യേശുവിന്റെ കാരുണ്യത്തില്‍, പരിശുദ്ധ റൂഹായുടെ സഹവാസത്തില്‍ ഇന്നും എന്നേക്കും... ആമേന്‍