പൊലീസ് സ്റ്റേഷനുകളിൽ ഇനി ‘ഹൈബ്രിഡ്’ ഭരണം; സ്റ്റേഷൻ ഹൗസ് ഓഫീസറെ എളുപ്പത്തിൽ തിരിച്ചറിയാൻ പ്രത്യേക ബാഡ്ജുകൾ; സേനയിൽ അടിമുടി മാറ്റവുമായി സർക്കാർ
 

 
2233

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് സബ് ഇൻസ്പെക്ടർ (എസ്.ഐ) ഭരണം തിരിച്ചുവരുന്നു.സ്റ്റേഷൻ ഹൌസ് ഓഫീസർമാരെ പൊലീസ്  സ്റ്റേഷൻ ഭരണം ഏൽപ്പിച്ച മുൻ സർക്കാരിൻെറ തീരുമാനം തിരുത്തിക്കൊണ്ടാണ് പുതിയ തീരുമാനം വരുന്നത്. 

നിലവിലുള്ള ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ  സംവിധാനത്തിൽ മാറ്റം വരുത്തി, മുൻപുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ മേൽനോട്ട സംവിധാനം ഭാഗികമായി തിരികെ കൊണ്ടുവരാനാണ് സംസ്ഥാന പോലീസ് മേധാവി രവത  ചന്ദ്രശേഖർ  സർക്കാരിലേക്ക് സമർപ്പിച്ച  റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നത്

2018-ൽ സർക്കിൾ ഓഫീസുകൾ നിർത്തലാക്കിയതിനെത്തുടർന്ന് ഭൂരിഭാഗം സ്റ്റേഷനുകളുടെയും ഭരണം ഇൻസ്പെക്ടർമാർക്ക് കീഴിലാക്കിയിരുന്നു. എന്നാൽ മാറിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവം, വർദ്ധിച്ചുവരുന്ന സൈബർ-ലഹരിമരുന്ന് ഭീഷണികൾ എന്നിവ കണക്കിലെടുത്ത് നിലവിലെ രീതി പരിഷ്കരിക്കാൻ എ.ഡി.ജി.പി (ഹെഡ്ക്വാർട്ടേഴ്സ്) അധ്യക്ഷനായ സമിതി നടത്തിയ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ 'ഹൈബ്രിഡ് മോഡൽ' നിർദ്ദേശിച്ചിരിക്കുന്നത്.  

സംസ്ഥാന പൊലീസ് മേധാവി അഭ്യന്തര വകുപ്പ് അഡീഷണൽ  സെക്രട്ടറിക്ക് നൽകിയിരിക്കുന്ന റിപോർട്ടിൽ പറയുന്നത്  പുതിയ പോലീസ് ഭരണ പരിഷ്കാരം സുഗമമായി നടപ്പിലാക്കുന്നതിനായി രണ്ട് മാസത്തെ സാവകാശമാണ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ കാലയളവിൽ അടിസ്ഥാന സൗകര്യ വികസനവും ആവശ്യമായ തസ്തിക മാറ്റങ്ങളും പൂർത്തിയാക്കും.SHO ആകാൻ പോകുന്ന സബ് ഇൻസ്പെക്ടർമാർക്ക് രണ്ടാഴ്ചത്തെ പ്രത്യേക റീഫ്രഷർ പരിശീലനം നൽകും. 

പൊതുജനങ്ങൾക്ക് സ്റ്റേഷൻ ഹൗസ് ഓഫീസറെ എളുപ്പത്തിൽ തിരിച്ചറിയാൻ പ്രത്യേക തിരിച്ചറിയൽ ബാഡ്ജുകൾ നൽകാനും ശുപാർശയുണ്ട്. കൂടാതെ വലിയ സ്റ്റേഷനുകളിൽ ക്രമസമാധാനം, കുറ്റന്വേഷണം, പ്രൊസിക്യൂഷൻ എന്നിവയ്ക്കായി പ്രത്യേകം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ/സബ് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തും.

സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായതും, കൃത്യമായ മേൽനോട്ടമുള്ളതുമായ ഒരു ആധുനിക പോലീസ് സംവിധാനം വാർത്തെടുക്കുകയാണ് ഈ സമഗ്ര പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നത് എന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. 

റിപ്പോർട്ട് നിലവിൽ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. സാധാരണ പോലീസ് സ്റ്റേഷനുകളുടെ ചുമതല (SHO) വീണ്ടും സബ് ഇൻസ്പെക്ടർമാർക്ക്  കൈമാറും.നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന എസ്.ഐമാർക്ക് മികച്ച ഫീൽഡ് പരിചയവും നേതൃത്വ പാടവവും ലഭിക്കാൻ ഇത് സഹായിക്കുമെന്നാണ് റിപോർട്ടിൽ പറയുന്നത്. 

കുറ്റകൃത്യ നിരക്ക് കൂടിയതും, വർഗീയ നുഴഞ്ഞുകയറ്റ സാധ്യതയുള്ളതും, നഗരങ്ങളിലെ തന്ത്രപ്രധാനവുമായ 63 പോലീസ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ തന്നെ സ്റ്റേഷൻ ഹൌസ് ഓഫീസർമാരായി തുടരും.

പൊലീസ്  സ്റ്റേഷനുകളുടെ മേൽനോട്ടത്തിനായി 210 പുതിയ സർക്കിൾ ഇൻസ്പെക്ടർ തസ്തികകൾ സൃഷ്ടിക്കും. ഇവർ അന്വേഷണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുകയും ക്രമസമാധാന ഏകോപനം നടത്തുകയും ചെയ്യും.  

നിലവിൽ സബ് ഇൻസ്പെക്ടർ തസ്തികകൾ അനുവദിക്കപ്പെടാത്ത 59 സ്റ്റേഷനുകളിലേക്ക് വിജിലൻസ്, ക്രൈംബ്രാഞ്ച് തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് തസ്തികകൾ പുനർവിന്യസിച്ച് എസ്.ഐമാരെ നിയമിക്കും.  സ്റ്റേഷൻ ഭരണച്ചുമതലയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ഇൻസ്പെക്ടർമാരെ  സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയില്ലാത്ത വിധം വിവിധ സ്പെഷ്യലൈസ്ഡ് വിങ്ങുകളിലേക്ക് പുനർവിന്യസിക്കും. ഇതിനായി 206 അധിക ഇൻസ്പെക്ടർ തസ്തികകൾ കണ്ടെത്തിയിട്ടുണ്ട്. 

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ സൈബർ പോലീസ് സ്റ്റേഷനുകളുടെ മേൽനോട്ടത്തിനായി രണ്ട് വീതം അധിക ഇൻസ്പെക്ടർമാരെ നിയമിക്കും. വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യാൻ ഓരോ ജില്ലയിലെയും ആന്റി-നാർക്കോട്ടിക് സെല്ലിന് കീഴിൽ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ രണ്ട് പ്രത്യേക ഓപ്പറേഷണൽ ടീമുകൾ വീതം രൂപീകരിക്കും. 

സംസ്ഥാന ക്രൈംബ്രാഞ്ചിൽ 14 തസ്തികകളും വിജിലൻസിൽ  32 അധിക ഇൻസ്പെക്ടർ തസ്തികകളും പുതുതായി അനുവദിക്കും. സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ  25 ഇൻസ്പെക്ടർ മാരെക്കൂടി നിയമിക്കും. എല്ലാ പോലീസ് ജില്ലകളിലും ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച്, പ്രൊസിക്യൂഷൻ മോണിറ്ററിംഗ്, ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ് എന്നിവയ്ക്ക് ഓരോ ഇൻസ്പെക്ടർ തസ്തിക വീതം അധികമായി നൽകും. ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ  6 തസ്തികകളും സൃഷ്ടിക്കും.

Tags

Share this story

From Around the Web