ലഖ്നൗവില്‍ കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി ഇരുവരെയും വിവാഹം കഴിപ്പിച്ച് ഭര്‍ത്താവ്; ഭര്‍ത്താവ് തന്നെയാണ് ഭാര്യയെ കാമുകന് കൈപിടിച്ചുകൊടുത്തതും

 
sonali

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി ഇരുവരെയും വിവാഹം കഴിപ്പിച്ച് ഭര്‍ത്താവ്. മലിഹാബാദിലെ പ്രാദേശിക രക്ഷാ ദള്‍ ജവാനായ വിക്കി എന്നയാളാണ് ഭാര്യ സൊണാലിയെ കാമുകനൊപ്പം ജീവിക്കാന്‍ അനുവദിച്ച് വിവാഹം നടത്തിക്കൊടുത്തത്.
നാല് ദിവസം മുന്‍പാണ് സൊണാലി ഭര്‍ത്താവിന്റെ വീട് വിട്ട് കാമുകനൊപ്പം ഹര്‍ദോയിയിലേക്ക് ഒളിച്ചോടിയത്. ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് വിക്കിയും വീട്ടുകാരും പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൊണാലി കാമുകനൊപ്പം ഉണ്ടെന്ന് കണ്ടെത്തിയത്.

ഭര്‍തൃവീട്ടുകാര്‍ പൊലീസിന്റെ മധ്യസ്ഥതയില്‍ സൊണാലിയോടും കാമുകനോടും സംസാരിച്ചു. തനിക്ക് ഭര്‍ത്താവിന്റെയൊപ്പം കഴിയാന്‍ താത്പര്യമില്ലെന്നും കാമുകനൊപ്പം ജീവിച്ചാല്‍ മതിയെന്നും സൊണാലി തീര്‍ത്തുപറഞ്ഞു. 

സ്‌കൂള്‍ പഠനകാലം തൊട്ടേ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കല്യാണത്തിന് സമ്മതിച്ചതെന്നും അവള്‍ പറഞ്ഞു. 

ഒരു വര്‍ഷം മുമ്പായിരുന്നു വിക്കിയുടെയും സൊണാലിയുടെയും വിവാഹം. വിവാഹത്തിന് ശേഷവും കാമുകനുമായുള്ള ബന്ധം സൊണാലി തുടര്‍ന്നിരുന്നു.

സൊണാലിയുടെ തീരുമാനം അറിഞ്ഞ വിക്കി അവളെ നിര്‍ബന്ധിച്ച് കൂടെ നിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. തുടര്‍ന്ന് ഇരു വീട്ടുകാരുടെയും സമ്മതത്തോടെയും ഔദ്യോഗിക നടപടികള്‍ക്ക് ശേഷവും സമീപത്തെ ക്ഷേത്രത്തില്‍ വെച്ച് ഹിന്ദു ആചാരപ്രകാരം സൊണാലിയുടെയും കാമുകന്റെയും വിവാഹം നടത്തിക്കൊടുത്തു.

 വിക്കി തന്നെയാണ് ഭാര്യയെ കാമുകന് കൈപിടിച്ചുകൊടുത്തത്. ചടങ്ങുകള്‍ക്ക് ശേഷം അയാള്‍ ഇരുവരെയും യാത്രയാക്കുകയും ചെയ്തു.

Tags

Share this story

From Around the Web