ലോകസമാധാനത്തിനായി നൂറുകണക്കിന് കുട്ടികള്‍ ലെയോ പാപ്പയോടൊപ്പം ജപമാല ചൊല്ലി പ്രാര്‍ഥിക്കും

 
LEO PAPA


എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (ACN) സംഘടിപ്പിക്കുന്ന 'ദശലക്ഷം കുട്ടികളുടെ ജപമാല പ്രാര്‍ഥന' (One Million Children Praying the Rosary) എന്ന ആഗോള പ്രാര്‍ഥനാ സംരംഭത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഒക്ടോബര്‍ ഒന്നിന് റോമിലെ വിവിധ ഇടവകകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമുള്ള 700 മുതല്‍ 1,000 വരെയുള്ള കുട്ടികള്‍ വത്തിക്കാന്‍ ഗാര്‍ഡനില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്കൊപ്പം ജപമാല പ്രാര്‍ഥനയ്ക്കായി ഒന്നിച്ചുചേരും. അന്നേദിനം വൈകുന്നേരം അഞ്ചുമണിക്ക് വത്തിക്കാനിലെ ലൂര്‍ദ് മാതാവിന്റെ ഗ്രോട്ടോയില്‍ വച്ച് നടക്കുന്ന പ്രാര്‍ഥനയില്‍, കുട്ടികളും മാര്‍പാപ്പയും ലോകമെമ്പാടുമുള്ള കുട്ടികള്‍, കുടുംബങ്ങള്‍, സ്‌കൂളുകള്‍, ക്രിസ്ത്യന്‍ സമൂഹങ്ങള്‍ എന്നിവരോടൊപ്പം ആത്മീയമായി പങ്കുചേരും.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി എസിഎന്‍ (ACN) ഈ സംരംഭം സംഘടിപ്പിക്കുന്നുണ്ടെങ്കിലും, ചരിത്രത്തിലാദ്യമായി ഇത്തവണ ഈ പ്രാര്‍ഥനായജ്ഞം ഒക്ടോബര്‍ ഒന്ന് മുതല്‍ ഏഴ് വരെ ഒരാഴ്ച മുഴുവന്‍ നീണ്ടുനില്‍ക്കും. കുടുംബങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും തങ്ങള്‍ക്ക് അനുയോജ്യമായ ദിവസം തിരഞ്ഞെടുക്കാന്‍ ഇത് അവസരമൊരുക്കുന്നു. ഒക്ടോബര്‍ ഏഴിന് ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തിലാണ് ഈ പ്രാര്‍ഥനാവാരം സമാപിക്കുന്നത്.

വത്തിക്കാനില്‍ മാത്രമല്ല ഈ പ്രാര്‍ഥന നടക്കുന്നത്. ബൊളീവിയന്‍ ആമസോണിലെ ഗോത്രവര്‍ഗ മേഖലകള്‍ മുതല്‍ യുദ്ധവും ദാരിദ്ര്യവും അസ്ഥിരതയും നേരിടുന്ന സുഡാന്‍, സിംബാബ്വെ, മൊസാംബിക്, സിയറ ലിയോണ്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദൈവാലയങ്ങളും ഇതില്‍ പങ്കുചേരും.

സുഡാനിലെ നിരവധി ഇടവകകളും സ്‌കൂളുകളും ഇതിന്റെ ഭാഗമാകും. ബൊളീവിയന്‍ ആമസോണിലെ സിമാനെ (Tsimané) സമൂഹത്തിലെ കുട്ടികള്‍ ഇതിനോടകം തന്നെ തങ്ങളുടെ പ്രാദേശികഭാഷയിലും സ്പാനിഷിലും ജപമാല ചൊല്ലാന്‍ ആരംഭിച്ചിട്ടുണ്ട്. സിംബാബ്വെയിലെ ബുലവായോ അതിരൂപതയിലുള്ള സെന്റ് ക്രിസ്റ്റഫര്‍ ഇടവക ഒക്ടോബര്‍ നാലിന് കുട്ടികളെ ഒന്നിപ്പിച്ചു പ്രാര്‍ഥിക്കും. പരാഗ്വേയിലെ റേഡിയോ പായ് പുക്കു (Radio Pa'i Puku) ഇതിന്റെ തത്സമയ സംപ്രേക്ഷണം നടത്തുമ്പോള്‍, പാരീസിലും വിവിധ കൂട്ടായ്മകള്‍ ഇതില്‍ പങ്കുചേരും.

പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പരിശുദ്ധ അമ്മ ദര്‍ശനത്തില്‍ നല്‍കിയ, 'അവസാനം എന്റെ അമലോദ്ഭവ ഹൃദയം വിജയം വരിക്കും' എന്ന സന്ദേശത്തില്‍ നിന്നാണ് ഇത്തവണത്തെ പ്രാര്‍ഥന പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. ഇന്നത്തെ അക്രമവും പീഡനങ്ങളും ദാരിദ്ര്യവും നിറഞ്ഞ ലോകത്ത്, വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഒന്നിച്ചുപ്രാര്‍ഥിക്കുന്നത് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും വലിയൊരു പ്രതീകമാണെന്ന് സംഘാടകര്‍ ഓര്‍മ്മിപ്പിക്കുന്നു.

2005 ല്‍ വെനസ്വേലയിലാണ് ഈ പ്രാര്‍ഥനാസംരംഭത്തിന് തുടക്കമായത്. ''ഒരു ദശലക്ഷം കുട്ടികള്‍ ജപമാല ചൊല്ലി പ്രാര്‍ഥിക്കുമ്പോള്‍ ലോകം മാറും'' എന്ന വി. പാദ്രെ പിയോയുടെ വാക്കുകളാണ് ഇതിന് പ്രചോദനമായത്. കുട്ടികള്‍ക്കു പുറമെ മാതാപിതാക്കളും അധ്യാപകരും വൈദികരും കുടുംബങ്ങളും ഈ പ്രാര്‍ഥനാശൃംഖലയില്‍ പങ്കുചേരണമെന്ന് എസിഎന്‍ അഭ്യര്‍ഥിക്കുന്നു. മുഴുവന്‍ ജപമാല ചൊല്ലാന്‍ സാധിച്ചില്ലെങ്കിലും ഒരു രഹസ്യമെങ്കിലും ചൊല്ലി ഇതില്‍ പങ്കാളികളാകാവുന്നതാണ്.
 

Tags

Share this story

From Around the Web