കന്യാസ്ത്രീകള്‍ക്കെതിരെ മനുഷ്യക്കടത്ത് പരാതി കേരളത്തിലും. കേസ് രജിസ്റ്റര്‍ ചെയ്തത് തൃശ്ശൂര്‍ റെയില്‍വെ പൊലീസ്. കുറ്റാരോപിതരെ വെറുതെവിട്ട് കോടതി

തൃശൂര്‍ : കന്യാസ്ത്രീകള്‍ക്കെതിരെ മനുഷ്യക്കടത്ത് സംബന്ധിച്ച സമാന പരാതി കേരളത്തിലും. തൃശ്ശൂരിലെ റെയില്‍വെ പൊലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കന്യാസ്ത്രീകളെ വെറുതെ വിട്ട് കൊണ്ട് തൃശ്ശൂര്‍ ശസന്‍ഷന്‍സ് കോടതി ഉത്തരവിട്ടു.
പൂമല ഫാത്തിമ കോണ്‍വെന്റ്, അമ്പക്കാട് സെന്റ് ജോസഫ് കോണ്‍വെന്റ് എന്നിവിടങ്ങളിലെ മദര്‍ സുപ്പീരിയറുമാര്‍ക്കെതിരെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലവില്‍ വിധി പ്രഖ്യാപനം നടന്നത്.
ഛത്തീഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകള്‍ നിലവില്‍ റിമാന്റില്‍ കഴിയുകയാണ്.
കേസില്‍ നിര്‍ണായക തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് സെഷന്‍സ് ജഡ്ജി കെ.കമനീസ് ഇരുവരേയും കുറ്റവിമുക്തരാക്കിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 370ാം വകുപ്പ് ഉള്‍പ്പെടെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് തെളിവുകളുടെ അഭാവത്തില്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി കണ്ടെത്തി.
ധന്‍ബാദ്-അലപ്പുഴ എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നത് കണ്ടുവെന്നാരോപിച്ചാണ് പരാതി ഫയല്‍ ചെയ്തത്. പ്രാദേശിക കോണ്‍വെന്റുകളിലെ ചില സന്യാസിനികളും അവിടെ ഉണ്ടായിരുന്നു.
കന്യാസ്ത്രീകള്‍ക്കെതിരെ 370(1), 370(2), 370(5) എന്നീ മനുഷ്യക്കടത്ത് സംബന്ധിച്ച വകുപ്പുകളും, കൂട്ടായ ഉദ്ദേശത്തോടെ നടത്തിയ പ്രവൃത്തികളെ സംബന്ധിക്കുന്ന 34-ാം വകുപ്പും ചുമത്തിയിരുന്നു. കൂടാതെ, ബാലനീതിനിയമത്തിലെ 26-ാം വകുപ്പും പരിഗണനയിലെടുത്തിരുന്നു.
എന്നാല്‍, പെണ്‍കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെയും അവരുടെ സ്വന്തം ഇച്ഛപ്രകാരം കൊണ്ടുവന്നതാണെന്ന് കോടതി നിരീക്ഷിച്ചു. 'കുട്ടികളെ ബന്ധനത്തിലാക്കിയെന്നോ, അപകടകരമായ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയെന്നോ, വഞ്ചിച്ചെന്നോ തെളിവൊന്നും ഇല്ല,'' എന്ന് കോടതി വിധിയില്‍ വ്യക്തമാക്കി.
സാക്ഷികളില്‍ ആരും പോലും പീഡനമോ, തട്ടിക്കൊണ്ടുപോകലോ, വഞ്ചനയോ നടന്നതായി മൊഴി നല്‍കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അടിമത്തത്തിന് സമാനമായ സാഹചര്യം ഉണ്ടെന്ന് തെളിയിക്കുന്ന കാര്യവും കണ്ടെത്താനായിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഇതോടെയാണ് കോടതി കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കിയത്.