വന്ദേഭാരതിന് താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ

വന്ദേഭാരത് ട്രെയിനിൽ നൽകുന്ന ഭക്ഷണത്തിന് ഗുണനിലവാരം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു. യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ജ്യൂസ് നൽകിയതുൾപ്പെടെയുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും കമ്മീഷന്റെ മുന്നറിയിപ്പിൽ പറയുന്നു. വന്ദേഭാരതിൽ കാറ്ററിങ് ചുമതലയേൽപ്പിച്ചിരിക്കുന്ന ഏജൻസി, യാത്രക്കാർക്കുനൽകുന്ന ഭക്ഷണത്തിന്റെ നിലവാരം എന്നിവ റെയിൽവേ കാര്യമായി നിരീക്ഷിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.
വന്ദേഭാരത് ട്രെയിനിൽ മേയ് 25-ന് യാത്രചെയ്തവരാണ് പ്രഭാതഭക്ഷണത്തിനൊപ്പം നൽകിയ ജ്യൂസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്ന് തന്നെ യാത്രക്കാർ പരാതി ഉന്നയിച്ചിരുന്നു. സംഭവത്തിൽ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ റിപ്പോർട്ട് സമർപ്പിച്ചു.
മംഗലാപുരം – തിരുവനന്തപുരം വന്ദേഭാരതിൽ ബൃന്ദാവൻ ഫുഡ് പ്രോഡക്ട്‌സ് എന്ന കമ്പനിക്കാണ് കാറ്ററിങ് ലൈസൻസ് നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ‘മാസാ’ ജ്യൂസിന്റെ കാലാവധി കഴിഞ്ഞതാണെന്ന് മനസ്സിലാക്കി നശിപ്പിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാലാവധി കഴിഞ്ഞ ജ്യൂസ് നൽകിയ ഏജൻസിക്ക് ഒരുലക്ഷം രൂപ പിഴചുമത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.