സ്വകാര്യബസുകളുടെ നിയമലംഘനം ഷാഡോ പോലീസിനെ വിന്യസിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

 
bus



കൊച്ചി: നഗരത്തില്‍ മത്സരയോട്ടം നടത്തുന്ന സ്വകാര്യബസുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സ്വകാര്യ ബസുകളില്‍ ഷാഡോ പോലീസിനെ വിന്യസിപ്പിക്കുന്നതിന്റെ പ്രായോഗികത പരിശോധിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.


വഴിയടച്ച് വാഹനം നിര്‍ത്തിയും മറ്റ് വാഹനങ്ങള്‍ക്കിടയിലൂടെ കുത്തിക്കയറ്റിയും മണിക്കൂറുകള്‍ നീളുന്ന ഗതാഗതതടസത്തിന് കാരണമാകുന്ന സ്വകാര്യ ബസുകളെക്കുറിച്ചുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. 


സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം ടൗണ്‍ഹാള്‍ ജംഗ്ക്ഷനിലും കളമശേരിയിലുമുണ്ടായ അപകടങ്ങളില്‍ ജീവന്‍ നഷ്ടമായ സംഭവത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കമ്മീഷന്റെ പരിഗണനയിലാണ്. ഇതിനുപുറമേയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.

അസി. കമ്മീഷണര്‍ ഓഫ് പോലീസ് (ട്രാഫിക്), ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ പരാതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ജില്ലാ പോലീസ് മേധാവിക്കും (സിറ്റി) റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കി.

റോഡിന്റെ ഇടതുവശം ചേര്‍ന്നല്ലാതെ നിര്‍ത്തി ആളെകയറ്റുക, ലെയിന്‍ ട്രാഫിക് പാലിക്കാതിരിക്കുക, ജംഗ്ക്ഷനുകളില്‍ ഫ്രീ ലെഫ്റ്റ് അനുവദിക്കാതെ വഴി തടഞ്ഞുനിര്‍ത്തുക, സൈലന്‍സ് സോണില്‍ നിരോധിത ഹോണ്‍ ഉപയോഗിക്കുക, ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്യുക, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുക, മറ്റ് വാഹനങ്ങള്‍ ഒടിക്കുന്നവരെ ഭയപ്പെടുത്തുക തുടങ്ങിയ പരാതികള്‍ സ്വകാര്യ ബസ് ജീവനക്കാരെ കുറിച്ച് ഉണ്ടായിട്ടും പോലീസ് നിര്‍ജീവമാണെന്നാണ് ആക്ഷേപം. ഇത്തരം പരാതികള്‍ ഗൗരവമായി പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web