പ്രിയദർശിനി പദ്ധതിക്ക് വൻ ജനപിന്തുണ; ഒരൊറ്റ ഓർഡിനറി ബസും സിറ്റി ഫാസ്റ്റാക്കിയിട്ടില്ലെന്ന് മന്ത്രി സി.പി ജോൺ, 'വിഷമമുള്ളവർ ബസിൽ കയറാതിരിക്കാം'

 
C P JOHN


തിരുവനന്തപുരം: സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പ്രിയദര്‍ശിനി പദ്ധതിക്ക് സംസ്ഥാനത്തുടനീളം വന്‍ ജനപിന്തുണ ലഭിക്കുന്നതായി ഗതാഗത മന്ത്രി സി.പി ജോണ്‍. പദ്ധതി സ്ത്രീകള്‍ ഉത്സവാന്തരീക്ഷത്തോടെയാണ് ഏറ്റെടുത്തതെന്നും, മാധ്യമങ്ങളുടെ ഭാഗത്തുനിന്നും മികച്ച സഹകരണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരൊറ്റ ഓര്‍ഡിനറി ബസ്സുകളും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല. സ്വകാര്യ ബസുകളുമായി യുദ്ധപ്രഖ്യാപനത്തിനും ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി.

പണം കൊടുക്കാന്‍ താല്‍പര്യമുള്ള സ്ത്രീകള്‍ ഓര്‍ഡിനറി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ഉദ്ദേശിച്ച പോലെയാണ് കാര്യങ്ങള്‍ പോകുന്നത്. സ്ത്രീകളുടെ സൗജന്യം സ്ത്രീകള്‍ അനുഭവിക്കുക, അതില്‍ വിഷമമുള്ളവര്‍ ബസില്‍ കയറാതിരിക്കുകയെന്നും മന്ത്രി പറഞ്ഞു. ഓര്‍ഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റാക്കിയിട്ടില്ലെന്ന് മാത്രമല്ല, പൊഴിയൂര്‍-അഞ്ചുതെങ്ങ്, പപ്പാനം കോട്-വികാസ്ഭവന്‍ എന്നീ സിറ്റി ഫാസ്റ്റ് ബസുകള്‍ ഓര്‍ഡിനറി ആക്കിയതായും മന്ത്രി വ്യക്തമാക്കി.

ബസുകള്‍ തിരിച്ചറിയാനാണ് സ്റ്റിക്കറുകള്‍ ഒട്ടിച്ചത്. ഇന്നലെ മാത്രം ഓര്‍ഡിനറിയില്‍ 11.84 ലക്ഷം സ്ത്രീകള്‍ കയറി. 2.46 കോടി സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് കൊടുക്കണം. തിരിച്ചടവിന് ബുദ്ധിമുട്ടില്ലെന്നും, വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും കേരളത്തിലെ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ പൂര്‍ണ്ണമായും സൗജന്യമായി യാത്ര ചെയ്യാന്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രിയദര്‍ശിനി. ജൂണ്‍ 15 മുതലാണ് പദ്ധതി നടപ്പിലായത്.

Tags

Share this story

From Around the Web