എഫ്‌സിആര്‍എ നിയമ ഭേദഗതി സാധാരണക്കാരനെ  എങ്ങനെ ബാധിക്കും ? എഫ്‌സിആര്‍എ വഴി വരുന്നത് വിദേശ ഫണ്ട് മാത്രമൊ ?  അറിയേണ്ടതെല്ലാം

 
Fcra bill

കോട്ടയം: എഫ്‌സിആര്‍എ നിയമ ഭേദഗതി വിഷയം ചൂടേറിയ ചര്‍ച്ചയായിരിക്കുന്നതിനിടയില്‍ സാധാരണക്കാരെ ഇത് എങ്ങനെ ബാധിക്കുമെന്ന വൈദീകന്റെ കുറിപ്പ് വൈറലാകുന്നു. ചങ്ങനാശേരി അതിരൂപതയിലെ വൈദികനായ ഫാ. ജയിംസ് കൊക്കാവയലില്‍ എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

കുറിപ്പ് ഇങ്ങനെ:

എഫ്‌സിആര്‍എയുമായി ബന്ധപ്പെട്ട് എന്നെ ഏറ്റവും അധികം വേദനിപ്പിച്ച ഒരു പോസ്റ്റ് ഒരു സംഘടന ഇറക്കിയതാണ്. 'FCRA നിയമഭേദഗതി സാധാരണക്കാരെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല' എന്നതാണ് അതിലെ വാചകം. ആരാണ് സാധാരണ ക്രിസ്ത്യാനി? ആരാണ് അസാധാരണ ക്രിസ്ത്യാനി? സഭയില്‍ വിഭാഗീയത ഉണ്ടാക്കാനായി ബോധപൂര്‍വം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇത്. ക്രിസ്ത്യാനികളെ മാത്രമല്ല മറ്റു മതങ്ങളിലെ ആയിരക്കണക്കിനു സാധാരണക്കാരെക്കൂടി ബാധിക്കുന്ന പ്രശ്‌നമാണ് ഇതെന്നതാണ് യാഥാര്‍ഥ്യം.

എന്തായിരുന്നു ലക്ഷ്യം?

വിദേശസഹായങ്ങള്‍ കേരളസഭ/ഭാരതസഭ സ്വീകരിക്കാന്‍ ആരംഭിച്ചതിന്റെ പ്രധാനലക്ഷ്യം തന്നെ ദാരിദ്ര്യനിര്‍മാര്‍ജനമായിരുന്നു. വിദേശസഹായത്തോടെ ഭക്ഷ്യധാന്യങ്ങളും പോഷകാഹാരങ്ങളും സഭ ധാരാളമായി വിതരണം ചെയ്യുകയും ഈ നാട്ടില്‍നിന്നു പട്ടിണിയെ പടിയകറ്റുകയും ചെയ്തിരുന്നു. ഇതു സാധാരണകാരുടെയും പാവങ്ങളുടെയും ഇടയിലുള്ള പ്രവര്‍ത്തനമല്ലായിരുന്നോ?

സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ഉള്‍നാടന്‍ പ്രദേശങ്ങളിലെ സാധാരണക്കാര്‍ക്കുവേണ്ടി ആരംഭിച്ചവയാണ്. ഇവയ്ക്കു തുടക്കത്തില്‍ വിദേശസഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. സഭയുടെ പ്രവര്‍ത്തനങ്ങള്‍ വഴിയായി ആ നാടും വളര്‍ന്നു സ്ഥാപനങ്ങളും വളര്‍ന്നു. ഇന്നും അവയില്‍ ജോലി ചെയ്ത് ഉപജീവനം കഴിക്കുന്നതും അവയുടെ സേവനങ്ങള്‍ സ്വീകരിക്കുന്നതും സാധാരണക്കാരല്ലേ?

ഭാരതകത്തോലിക്കാ സഭയ്ക്ക് 5000ല്‍ പരം കാരുണ്യ ഭവനങ്ങള്‍ ഉണ്ട്. അനാഥരെയും വൃദ്ധരെയും ഭിന്നശേഷിക്കാരെയും മാനസികപ്രശ്‌നങ്ങള്‍ ഉള്ളവരെയും മറ്റും സംരക്ഷിക്കുന്ന ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വിദേശസഹായം ലഭിക്കുന്നുണ്ട്. ഇവയുടെ സേവനം സ്വീകരിക്കുന്ന അശരണരായ വ്യക്തികളെ സാധാരണക്കാരുടെ കൂട്ടത്തില്‍ കൂട്ടിയിട്ടുണ്ടോ?

കുടില്‍ വ്യവസായങ്ങള്‍

എല്ലാ രൂപതകള്‍ക്കും സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ ഉണ്ട്. ഇവ വഴി സാധാരണക്കാര്‍ക്ക് എത്രമാത്രം സഹായങ്ങള്‍ ലഭിക്കുന്നുണ്ട് എന്നത് എണ്ണിത്തിട്ടപ്പെടുത്തുക പ്രയാസകരമാണ്. ധാരാളം കൂടില്‍ വ്യവസായങ്ങള്‍ തുടങ്ങി സാധാരണ വീട്ടമ്മമാര്‍ക്കും മറ്റും ജോലി കൊടുക്കാനും സ്വയം തൊഴില്‍ നല്‍കാനും ഇവയ്ക്കു സാധിക്കുന്നു. ചങ്ങനാശേരി അതിരൂപതയില്‍ വിദേശ സഹായത്തോടെ ഒരു ടിഷ്യു പേപ്പര്‍ യൂണിറ്റ് ആരംഭിച്ചത് ഈ മാര്‍ച്ച് മാസത്തിലാണ്. ഇതുപോലെ നൂറുകണക്കിനു പ്രസ്ഥാനങ്ങള്‍ സാധാരണക്കാര്‍ക്കു തൊഴില്‍ നല്‍കുന്നു. ലഹരി വിരുദ്ധ ഡി - അഡിക്ഷന്‍ സെന്ററുകളിലും വിദേശസഹായം ലഭിക്കുന്നുണ്ട്.

നിത്യജീവിതത്തില്‍

വിദേശസഹായത്തിന്റെ വലിപ്പം കണ്ട് കണ്ണുമിഴിച്ചു പോയത് 2018 ലെ പ്രളയകാലത്താണ്. Goonj എന്ന ഒരു എന്‍ജിഒ കുട്ടനാട്ടിലെ പ്രളയബാധിതരെ സഹായിക്കാന്‍ മുന്നോട്ടുവന്നു. ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തില്‍ അവര്‍ക്ക് പ്രവര്‍ത്തന സൗകര്യം കൊടുത്തു. അവര്‍ ഭക്ഷ്യധാന്യങ്ങള്‍, വസ്ത്രം, മറ്റ് അവശ്യസാധനങ്ങള്‍ തുടങ്ങിയവ ഇറക്കിവച്ചത് ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുമ്പിലുള്ള മുറ്റത്തായിരുന്നു.

ഏതാണ്ട് പതിനായിരം സ്വയര്‍ഫീറ്റ് സ്ഥലത്തു രണ്ടുനില കെട്ടിടത്തിന്റെ വലിപ്പത്തിലായിരുന്നു സാധങ്ങള്‍ അടുക്കിയിരുന്നത്. ഇത് എന്നു വിതരണം ചെയ്തു തീരുമെന്ന് അതിശയിച്ചിട്ടുണ്ട്. തീരുന്തോറും വീണ്ടും വന്നു കൊണ്ടിരുന്നു. കുട്ടനാട്ടില്‍ ധാരാളം കുടിവെള്ള പ്ലാന്റുകള്‍ നിര്‍മിക്കാനും വീടുകള്‍ വയ്ക്കാനും ഒക്കെ ഈ കാലയളവില്‍ വിദേശസഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. നാട്ടില്‍നിന്നു ധാരാളം സഹായങ്ങള്‍ ഇപ്രകാരം ലഭിച്ചിട്ടുണ്ട്. ഇവയൊക്കെ സാധാരണക്കാരുടെ അനുദിന ജീവിതത്തിനു ലഭിച്ചിട്ടുള്ള സഹായങ്ങളാണ്.

നേരിട്ടു സഹായം

വിദേശസഹായത്തോടെ പ്രവര്‍ത്തിച്ചു സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കു നേരിട്ട് ധനസഹായം നല്‍കുന്ന ഏതാനും പ്രോജക്ടുകളെക്കുറിച്ചു കൂടി പറയാം. Save a Family Plan എന്ന കനേഡിയന്‍ പ്രോജക്ട് വഴി കേരളത്തിലെ അതിദരിദ്രരായ പതിനായിരക്കണക്കിനു കുടുംബങ്ങള്‍ക്കു ധനസഹായം നല്‍കിവരുന്നു.

ചങ്ങനാശേരി അതിരൂപതയിലെ ഒരു വൈദികന്‍ താന്‍ ജര്‍മനിയില്‍ ശുശ്രൂഷ ചെയ്ത കാലയളവിലെ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് ചങ്ങനാശേരി അതിരൂപതയിലെ അതിദരിദ്രരായ നൂറ് കുടംബങ്ങള്‍ക്കു വര്‍ഷം 20000 (ഇരുപതിനായിരം) രൂപ വീതം നല്‍കുന്ന ഇരുപതു ലക്ഷം രൂപയുടെ വാര്‍ഷിക ബഡ്ജറ്റ് ഉള്ള ഡെയ്ലി ബ്രഡ് എന്ന പദ്ധതി നടപ്പാക്കിവരുന്നു.

ഫാ. സെബാസ്റ്റ്യന്‍ കുന്നത്ത് എന്ന വൈദികനും തന്റെ വിദേശശുശ്രൂഷയുടെ സമ്പാദ്യമുപയോഗിച്ചു പാവപ്പെട്ട കുട്ടികള്‍ക്കു വിദ്യാഭ്യാസസഹായം നല്‍കിവരുന്നു. ഇവയൊക്കെ സാധാരണക്കാര്‍ക്കും പാവപ്പെടവര്‍ക്കും നേരിട്ടു സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതികളാണ്.

ഇതുപേലെ നൂറുകണക്കിനു പദ്ധതികള്‍ വിവിധ രൂപതകളില്‍ നടപ്പാക്കിവരുന്നു. അവയെല്ലാം പൂര്‍ണമായും എഴുതിത്തീര്‍ക്കാന്‍ സാധിക്കുകയില്ല. എത്ര ചെയ്താലും ആവശ്യക്കാര്‍ ഇനിയും ബാക്കിയാണെന്നതും ലഭിച്ചവര്‍ പലരും തൃപ്തരല്ല എന്നതുമാണ് യാഥാര്‍ഥ്യം. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്നറിഞ്ഞുകൊണ്ടും അസംതൃപ്തരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടുമാണ് ഈ സേവനം.

ഇത്തരം സേവനങ്ങള്‍ക്കു പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍, ഇവയൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല, സാധാരണക്കാര്‍ക്ക് ഇവകൊണ്ട് ഒരു പ്രയോജനവുമില്ല എന്നൊക്കെയുള്ള വാദഗതികള്‍ ഉയര്‍ത്തിക്കൊണ്ട് നിസംഗരായി നില്‍ക്കുന്നതും വിമര്‍ശിക്കാന്‍ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തേണ്ടതില്ല എന്നു ചിന്തിക്കുന്നതും ഈ സാധാരണക്കാരോടു ചെയ്യുന്ന ക്രൂരത കൂടിയാണ്.

വിദേശികളുടെ ഫണ്ട് മാത്രമല്ല

എഫ്‌സിആര്‍എ വഴി വിദേശ ഏജന്‍സികളുടെ ഫണ്ട് മാത്രമാണ് വരുന്നതെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ അങ്ങനെയല്ല. വിദേശത്തു ജോലി ചെയ്യുന്ന വൈദികരുടെയും സന്യസ്തരടെയും വരുമാനം രൂപതകള്‍ക്കും സന്യാസസമൂഹങ്ങള്‍ക്കും ലഭിക്കുന്നത് എഫ്‌സിആര്‍എ വഴിയാണ്. കൂടാതെ വിദേശത്തു ജോലി ചെയ്യുന്ന അല്മായര്‍ക്കും ഇടവകയെയോ രൂപതയെയോ ഏതെങ്കിലും പ്രവര്‍ത്തനങ്ങളെ അവിടെനിന്നു സഹായിക്കണമെങ്കില്‍ ഈ അക്കൗണ്ട് വഴി മാത്രമാണ് പണം അയയ്ക്കാന്‍ സാധിക്കുന്നത്.

ഇപ്രകാരമുള്ള വസ്തുതകള്‍ മനസ്സിലാക്കാതെ എഫ്‌സിആര്‍എയ്ക്ക് സാധാരണക്കാരുമായി ബന്ധമില്ലെന്ന തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണ്. വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണ്. സഭയ്ക്ക് സ്ഥപനങ്ങളുണ്ട്. അവ സാധാരണക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കാനുള്ള ഉപകരണങ്ങളാണ്. അവകൊണ്ട് ഒത്തിരി സാധാരണക്കാര്‍ ജീവിച്ചു പോകുന്നുണ്ട്. സഭാംഗങ്ങള്‍ മാത്രമല്ല, മറ്റു മതവിഭാഗങ്ങളിലുള്ളവരും അവകൊണ്ട് ജീവിക്കുന്നുണ്ട്. അവരെ പ്രതിസന്ധിയിലാഴ്ത്തരുതത്

Tags

Share this story

From Around the Web