കുട്ടികളില്‍ കരുണയും സഹാനുഭൂതിയും വളര്‍ത്താം: മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു കുട്ടി നല്ലൊരു മനുഷ്യനായി വളരുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് അഥവാ 'സഹാനുഭൂതി' പരിപോഷിപ്പിക്കുക എന്നതാണെന്ന് പ്രശസ്ത വിദ്യാഭ്യാസ പ്രൊഫസര്‍ വില്യം ഡാമണ്‍ പറയുന്നു. ദുരിതമനുഭവിക്കുന്നവരോട് സഹതാപം തോന്നുന്നത് ഒരു സാര്‍വത്രിക ധാര്‍മ്മികതയുടെ അടിസ്ഥാനമാണ്. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കാര്യം, കുട്ടികളില്‍ സ്വാഭാവികമായിത്തന്നെ ഈ ഗുണം അടങ്ങിയിട്ടുണ്ട് എന്നതാണ്. ദൈനംദിന ജീവിതത്തിലെ ലളിതമായ ഇടപെടലുകളിലൂടെ ഇത് മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും.
1. ഒരുമിച്ച് കഥകള്‍ വായിക്കുക, സിനിമ കാണുക
കുട്ടികളോടൊപ്പം സിനിമ കാണുന്നതോ കഥകള്‍ വായിക്കുന്നതോ ആയ സമയങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്താം. ഇത്തരം സന്ദര്‍ഭങ്ങളില്‍, ''ആ കഥാപാത്രത്തിന് ഇപ്പോള്‍ എന്ത് തോന്നിയിട്ടുണ്ടാകും?'' എന്ന് കുട്ടികളോട് ചോദിക്കുന്നത് അവരുടെ ചിന്താശേഷിയെ ഉണര്‍ത്തും. ഇതില്‍ ശരിയോ തെറ്റോ ആയ ഉത്തരങ്ങളില്ല; മറിച്ച്, മറ്റൊരാളുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇത്തരം കുഞ്ഞുകാര്യങ്ങള്‍ ഭാവിയില്‍ സ്വാര്‍ഥതയ്ക്ക് പകരം അനുകമ്പയോടെ പ്രവര്‍ത്തിക്കാന്‍ അവരെ സഹായിക്കും.
2. ഒരു സഹോദരനോ സുഹൃത്തിനോ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ അവരുടെ വികാരങ്ങള്‍ പൂര്‍ണ്ണമായി പ്രകടിപ്പിക്കാന്‍ അനുവദിക്കുക
മറ്റൊരു പ്രധാന കാര്യം, കുട്ടികള്‍ തമ്മിലോ സുഹൃത്തുക്കളോടോ തര്‍ക്കമുണ്ടാകുമ്പോള്‍ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കുക എന്നതാണ്. എതിര്‍വശത്ത് നില്‍ക്കുന്ന വ്യക്തിക്ക് എന്ത് തോന്നിയിട്ടുണ്ടാകുമെന്ന് അവരോട് തന്നെ ചോദിച്ചു നോക്കുക. ഇത് കുട്ടിയുടെ വികാരങ്ങളെ തള്ളിക്കളയാനല്ല, മറിച്ച് സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ വിപുലമായ ഒരു ധാരണ അവര്‍ക്ക് നല്‍കാനാണ് സഹായിക്കുന്നത്. തന്റെ പ്രവൃത്തികള്‍ മറ്റുള്ളവരില്‍ എന്ത് സ്വാധീനമുണ്ടാക്കുന്നു എന്ന് തിരിച്ചറിയാന്‍ ഇത് അവരെ പ്രാപ്തരാക്കും.
3. നിങ്ങളുടെ കുട്ടിക്ക് സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക
സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ധാര്‍മ്മിക വികസനത്തിലെ മറ്റൊരു പ്രധാന ഘട്ടം. കുട്ടികള്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ ശാന്തമായി പ്രതികരിക്കാന്‍ ശ്രദ്ധിക്കണം. തെറ്റ് സമ്മതിക്കുമ്പോള്‍ അമിതമായി ദേഷ്യപ്പെടുകയോ വൈകാരികമായി തളര്‍ത്തുകയോ ചെയ്യുന്നത് കുട്ടികളെ പിന്നീട് സത്യം മറച്ചുവെക്കാന്‍ പ്രേരിപ്പിക്കും. തെറ്റിന്റെ ഫലങ്ങള്‍ അവര്‍ അനുഭവിക്കണമെങ്കിലും, അത് സുരക്ഷിതവും സ്‌നേഹനിര്‍ഭരവുമായ അന്തരീക്ഷത്തിലായിരിക്കണം. അതുകൊണ്ട് തന്നെ അവര്‍ അവരുടെ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ നിങ്ങള്‍ ആത്മസംയമനത്തോടെ ആയിരിക്കുമെന്ന ഒരു ഉറപ്പ് അവര്‍ക്ക് നല്‍കുക.
4. നല്ലൊരു ശ്രോതാവായിരിക്കുക
ഏറ്റവും പ്രധാനമായി, മാതാപിതാക്കള്‍ നല്ലൊരു ശ്രോതാവായിരിക്കണം. കുട്ടികളുമായി തുറന്ന സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും അവരുടെ സംശയങ്ങള്‍ക്ക് സത്യസന്ധമായ മറുപടി നല്‍കുകയും ചെയ്യുക. മറ്റുള്ളവരെ ബഹുമാനിക്കുന്നതിനെക്കുറിച്ചും പരിഗണിക്കുന്നതിനെക്കുറിച്ചും സംസാരിക്കാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കാം. മാതാപിതാക്കള്‍ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുന്ന മാതൃകയാണ് വാക്കുകളേക്കാള്‍ വേഗത്തില്‍ കുട്ടികള്‍ സ്വാംശീകരിക്കുന്നത്.