സമാധാനം നഷ്ടപ്പെടാതെ വ്യാജ ആരോപണങ്ങളെ എങ്ങനെ നേരിടാം?
നാം ചെയ്യാത്ത ഒരു കാര്യം വ്യാജമായി നമ്മുടെമേല്‍ ആരോപിക്കപ്പെടുന്നത് നമ്മുടെ മാനസികാവസ്ഥയെ വളരെ സാരമായി ബാധിക്കുന്ന ഒന്നാണ്. ചിലര്‍ അതിനോട് വളരെ രൂക്ഷമായ രീതിയില്‍ പ്രതികരിക്കും.
മറ്റുചിലര്‍ വളരെയധികം നിരാശയിലാണ്ടുപോകും. എന്നാല്‍, ഇത്തരം കാര്യങ്ങളെ സമചിത്തതയോടെ വേണം അഭിമുഖീകരിക്കാന്‍. അതിനായി നമ്മെ സഹായിക്കുന്ന അഞ്ച് കാര്യങ്ങള്‍ ഇതാ:
1. പെട്ടെന്ന് പ്രതികരിക്കാതിരിക്കുക
ഒരു വ്യാജ ആരോപണം നേരിടുമ്പോള്‍ ആദ്യം തോന്നുന്ന വികാരം അതിനോട് ഉടന്‍ തന്നെ പ്രതികരിക്കുക എന്നതാണ്. നിഭാഗ്യവശാല്‍, ദേഷ്യം വന്നിരിക്കുമ്പോള്‍ സംസാരിക്കാന്‍ എളുപ്പമാണ്; എന്നാല്‍ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ അത് ഒട്ടും സഹായിക്കില്ല. അല്പം സമയം എടുത്ത് ശാന്തനാകുന്നത് അനീതിക്ക് കീഴടങ്ങലല്ല, മറിച്ച് വൈകാരികമായിട്ടല്ലാതെ വിവേകത്തോടെ പ്രതികരിക്കാന്‍ സ്വയം ഒരു അവസരം നല്‍കലാണ്
2. വസ്തുതകള്‍ തിരുത്തുക, അതിനുശേഷം നിര്‍ത്തുക
ആദ്യത്തെ ദേഷ്യം മാറിയ ശേഷം, യഥാര്‍ഥ വസ്തുതകള്‍ വ്യക്തമായും ശാന്തമായും തുറന്നു പറയുക. ആവശ്യമെങ്കില്‍ തെളിവുകള്‍ നല്‍കാം. തെറ്റിധാരണകള്‍ തിരുത്താം. എന്നാല്‍, ആ വിഷയം വീണ്ടും വീണ്ടും വരുമ്പോഴെല്ലാം കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ ശ്രമിക്കരുത്. ആളുകള്‍ക്ക് വിശ്വാസം തോന്നുന്നത് നമ്മുടെ നിലപാടുകളിലെ സ്ഥിരതയിലാണ്, അല്ലാതെ നമ്മുടെ വിശദീകരണങ്ങളിലല്ല.
3. ആരോപണം നിങ്ങളുടെ വ്യക്തിത്വമല്ലെന്ന് ഓര്‍ക്കുക
ആരെങ്കിലും നമ്മെക്കുറിച്ച് വ്യാജമായി ആരോപണം ഉന്നയിക്കുമ്പോള്‍, അവര്‍ തെറ്റുകാരാണെന്ന് തെളിയിക്കാന്‍ നമ്മള്‍ അമിതമായി ശ്രമിക്കാറുണ്ട്. പിന്നീടും നമ്മള്‍ ആ സംഭാഷണങ്ങള്‍ മനസ്സില്‍ ആവര്‍ത്തിക്കുകയും ഭാവനയിലെ ജഡ്ജിമാര്‍ക്ക് മുന്നില്‍ തെളിവുകള്‍ നിരത്തുകയും ചെയ്യും. ഓര്‍ക്കുക, ആരോപണം നമുക്ക് സംഭവിച്ച ഒരു കാര്യം മാത്രമാണ്, അല്ലാതെ അത് നമ്മളല്ല. ഒരു ആരോപണം നമ്മുടെ ജീവിതത്തെ നിര്‍വചിക്കാന്‍ അനുവദിച്ചാല്‍, നമ്മളെത്തന്നെ വെറുക്കുന്ന ഒരു വ്യക്തിയായി നമ്മള്‍ മാറിപ്പോയേക്കാം. നമ്മള്‍ പൂര്‍ണ്ണമായും ശരിയാണെങ്കില്‍ പോലും, കയ്പ്പും വിദ്വേഷവും ഒന്നിനും ഒരു പരിഹാരമാകില്ല.
4. ''എനിക്ക് യഥാര്‍ഥത്തില്‍ എന്തിനെയൊക്കെ നിയന്ത്രിക്കാന്‍ കഴിയും'' എന്ന് സ്വയം ചോദിക്കുക
മറ്റുളളവരുടെ ചിന്തകളെ നമുക്ക് ഒരിക്കലും നിയന്ത്രിക്കാന്‍ കഴിയില്ല എന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നാമത്തെ പാഠം. നമുക്ക് സത്യം പറയാം, സത്യസന്ധമായി ജീവിക്കാം, തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാം. എന്നാല്‍ നമ്മളെ വിശ്വസിക്കാന്‍ മറ്റൊരാളെ നിര്‍ബന്ധിക്കാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ട് ജീവിതത്തിലെ പോരാട്ടങ്ങള്‍ വിവേകത്തോടെ തിരഞ്ഞെടുക്കുക. ആ പരിമിതി തിരിച്ചറിയുന്നത് മനസ്സിന് വലിയൊരു ആശ്വാസം നല്‍കും.
5. ക്രിസ്തുവിലേക്ക് നോക്കുക
ജീവിതത്തില്‍ ഒരുപാട് അവഹേളനങ്ങളും നിന്ദനങ്ങളും തെറ്റിധാരണകളും അനുഭവിച്ച യേശുക്രിസ്തുവിനെയാണ് ക്രൈസ്തവരായ നാമും അനുഗമിക്കുന്നത്. എന്നാല്‍ തന്റെ ജീവിതകാലം മുഴുവന്‍ എല്ലാ തെറ്റിദ്ധാരണകള്‍ക്കും പിന്നാലെ പോയി ഈശോ സമയം കളഞ്ഞില്ല. അവിടുന്ന് സത്യം സംസാരിച്ചു, തന്റെ ദൗത്യത്തില്‍ വിശ്വസ്തനായി തുടര്‍ന്നു, ബാക്കിയെല്ലാം ദൈവത്തിന് സമര്‍പ്പിച്ചു. ചില സമയങ്ങളില്‍ അവിടുന്ന് തികച്ചും നിശബ്ദനായിരിക്കാനും തയ്യാറായി. മറ്റുള്ളവരാല്‍ മനസിലാക്കപ്പെടാത്ത അവസരങ്ങളില്‍ യേശുവിന്റെ ഈ മാതൃക നമുക്ക് അനുകരിക്കാം
ഇതൊന്നും വ്യാജ ആരോപണങ്ങള്‍ നല്‍കുന്ന വേദന കുറയ്ക്കുന്നില്ല. എങ്കിലും, തെറ്റിദ്ധരിക്കപ്പെടുക എന്നാല്‍ നമ്മള്‍ തെറ്റുകാരാണ് എന്ന് അര്‍ഥമില്ല എന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആഴത്തില്‍ ചിന്തിച്ചാല്‍, നമ്മള്‍ നിരപരാധികളാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിലൂടെയല്ല യഥാര്‍ഥ സമാധാനം ലഭിക്കുന്നത്. നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം മുഴുവനായി അറിയുന്ന ഒരു ദൈവമുണ്ട് എന്ന ചിന്തയില്‍ നിന്നാണ് ആ സമാധാനം ഉണ്ടാകുന്നത്. അതിനാല്‍, ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കാം. അവിടുന്ന് അറിയാതെ നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കുകയില്ലെന്ന് പൂര്‍ണ്ണമായി വിശ്വസിക്കാം.