രാജ്യപുരോഗതിക്കായി മാധ്യമപ്രവര്‍ത്തനത്തെ എങ്ങനെ ഉപയോഗിക്കണം?; നിസ്‌കോര്‍ട്ടില്‍ ദേശീയ മാധ്യമ കോണ്‍ഫ്രന്‍സ്
ന്യൂഡല്‍ഹി: നിസ്‌കോര്‍ട്ട് മീഡിയ കോളേജ് നാലാമത് ദേശീയ മാധ്യമ കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു. ‘സമൃദ്ധ ഭാരതത്തിനായി പരിഹാരധിഷ്ഠിത പത്രപ്രവര്‍ത്തനം’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് കോണ്‍ഫ്രന്‍സ് നടത്തിയത്. കേവലം പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുക എന്നതിനപ്പുറം, രാജ്യപുരോഗതിക്കായി മാധ്യമപ്രവര്‍ത്തനത്തെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാമെന്ന് സമ്മേളനം ചര്‍ച്ച ചെയ്തു.
നിസ്‌കോര്‍ട്ട് മീഡിയ കോളേജ് ചെയര്‍മാനും സിബിസിഐ സമ്പര്‍ക്കമാധ്യമ കമ്മീഷന്‍ അധ്യക്ഷനുമായ ബിഷപ് രായരാല വിജയകുമാര്‍ മുഖ്യാതിഥിയായിരുന്നു. നിസ്‌കോര്‍ട്ട് ഡയറക്ടര്‍ ഫാ. റോബിന്‍സണ്‍ റോഡ്രിഗസ്, പ്രിന്‍സിപ്പല്‍ ഡോ. റിതു ദുബെ തിവാരി, ബി.കെ. സുശാന്ത് എന്നിവര്‍ പ്രസംഗിച്ചു. പ്രമുഖ അക്കാദമിക് വിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, ആത്മീയ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രണ്ട് സെഷനുകളിലായി നടന്ന സമ്മേളനത്തില്‍ ഗവേഷകരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് 15 ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള ശ്യാംലാല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രഫസര്‍ രവി നാരായണന്‍ കര്‍ സമാപന സന്ദേശം നല്‍കി. വിമര്‍ശനങ്ങള്‍ക്കൊപ്പം മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ക്രിയാത്മക ആഖ്യാനങ്ങളും സന്തുലിതമായി കൊണ്ടുപോകാന്‍ മാധ്യമപ്രവര്‍ത്തകക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ ഗവേഷണ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
നിസ്‌കോര്‍ട്ട് മീഡിയ കോളേജും ബ്രഹ്‌മകുമാരീസും സംയുക്തമായാണ് ദേശീയ മാധ്യമ കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചത്. അക്കാദമിക് അറിവുകളും പ്രായോഗിക മാധ്യമ പ്രവര്‍ത്തനവും ആത്മീയ കാഴ്ചപ്പാടുകളും കൂട്ടിയോജിപ്പിച്ചുകൊണ്ട് മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിലൂടെ ശക്തമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനാണ് സമ്മേളനം ലക്ഷ്യമിട്ടതെന്ന് സംഘാടകര്‍ പറഞ്ഞു.