മുഖ്യമന്ത്രി കണ്ടെത്തിയ ഗമണ്ഡൻ മാധ്യമപ്രവർത്തകരിൽ എത്ര കോൺഗ്രസുകാർ ഉണ്ട് ? അവർ ആരൊക്കെയാണെന്ന്, എന്തൊക്കെയാണെന്ന് തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്ക് അറിയാം- ജി. ശക്തിധരൻ
കോട്ടയം: മുഖ്യമന്ത്രി കണ്ടെത്തിയ ഗമണ്ഡൻ മാധ്യമപ്രവർത്തകരിൽ എത്ര കോൺഗ്രസുകാർ ഉണ്ട് സുഹൃത്തുക്കളെ? മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ മാധ്യമ പ്രവർത്തകരുടെ നിയമനത്തിൽ വിമർശനവുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ ജി ശക്തിധരൻ.
നിയമിക്കപ്പെട്ടവർ ആരൊക്കെയാണെന്ന്, എന്തൊക്കെയാണെന്ന് തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്ക് അറിയാം. അവരുടെ മൂല്യബോധമേ ഈ മേനോൻ മുഖ്യമന്ത്രിക്ക് ഉള്ളെങ്കിൽ സഹതപ്പിക്കുകയേ നിവർത്തിയുള്ളൂ.
കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി അതിന് വേണ്ടിയുള്ള പിടിവലി നഗരത്തിലെ ഹോട്ടലുകളിൽ നടക്കുകയായിരുന്നു.
സ്ഥാനങ്ങൾ നേടാൻ വേണ്ടി ചിലർ കൻഡോണ്ട്മെന്റ് ഹൌസിൽ പായ് വിരിച്ച് കിടക്കുകയായിരുന്നുവത്രെ. നറുക്ക് വീണവരുടെ പുതിയ ദൌത്യത്തിന് എല്ലാ ആശംസകളും നേരുന്നു. യഥാർത്തത്തിൽ ഏഷ്യാനെറ്റ് ആണ് ഈ പട്ടികയുടെ ഗർഭഗൃഹം. അത് മറച്ചുവെച്ചിട്ട് കാര്യമില്ല.
കഴിഞ്ഞ മൂന്നു മാസത്തോളമായി രാത്രി എട്ടുമണിക്കുള്ള ചർച്ച ഇപ്പോൾ പുതിയ പദവികളുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നവർ അടങ്കൽ എടുത്തിരിക്കുകയായിരുന്നു. ബെല്ലടിക്കുമ്പോൾ ഉയരുന്ന തിരശീലക്ക് മുന്നിലെ ചിത്രം കണ്ടാൽ അതറിയാം. അതിന്റെ പേറ്റു നോവാണ് ഈ ചാനൽ ചർച്ചയിൽ അനുഭവിച്ചുകൊണ്ടിരുന്നത്. ചാനൽ മുതലാളിക്ക് ഇതിൽ അലോസരമില്ലെങ്കിൽ മറ്റുള്ളവർ എന്തിന് ഗ്വ ഗ്വ വിളിക്കണം.
പക്ഷേ ഈ പദവികളിൽ എത്തിയവരുടെ മാധ്യമ പ്രവർത്തന സംഭാവനകളെ കുറിച്ച് ഒന്ന് കണ്ണോടിക്കേണ്ടെ. ചിലർ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഒപ്പമുണ്ടായിരുന്നു എന്ന് തൊട് ന്യായം പറയാം. പക്ഷേ അന്നത്തെ ഉത്തരവാദിത്വങ്ങളാണോ മുഖ്യമന്ത്രിയുടെ തലയിൽ ഇപ്പോൾ വരുന്നത്. പിണറായി വിജയനോടാണ് പോരാടേണ്ടത്.
രാഷ്ട്രീയമായും ധൈഷണികമായും ദാർശനികമായും ജ്ഞാനമില്ലാത്ത ഒരാൾക്കും ഇതിൽ വിജയിക്കാനാകില്ല. പിണറായി വിജയനെ എകെജി സെൻറർറിൽ നിന്ന് നിയമസഭയിലേക്ക് ആനയിക്കുന്നത് ലോകഭൂപടം നിവർത്തി പഠിപ്പിച്ചാകും. അവിടെ മുഖ്യമന്ത്രി ഒരിഞ്ച് തോൽക്കാൻ പാടില്ല. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ടീം ദുർബലമാണെന്ന് തുറന്ന് പറഞ്ഞാൽ കോപിക്കരുതെന്നും ജി. ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം.
“20 ശത്രുക്കളെ കൂടി ഞാൻ സൃഷ്ടിക്കട്ടെ” !
മുഖ്യമന്ത്രിക്ക് പേഴ്സണൽ സ്റ്റാഫായി 20 പേരേ നിയമിച്ച വാർത്ത മാധ്യമങ്ങളിൽ കണ്ടു. അതിൽ മാധ്യമരംഗത്തേക്ക് നിയോഗിക്കപ്പെട്ടവരുമുണ്ട്. അവരാണ് ഈ സർക്കാരിന്റെ ഖ്യാതി ലോകം മുഴുവൻ പരത്തേണ്ട വെള്ളരിപ്രാവുകൾ. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി അതിന് വേണ്ടിയുള്ള പിടിവലി നഗരത്തിലെ ഹോട്ടലുകളിൽ നടക്കുകയായിരുന്നു എന്നത് പ്രസ്ക്ലബിൽ ഒരു ചടങ്ങിൽ ഇന്നലെ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അറിഞ്ഞത്. പൊന്നോരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം എന്ന ചൊല്ലാണ് എനിക്ക് അന്വർഥമായത്.ഒരുകാലത്തും ഇത്തരം സ്ഥാനങ്ങൾ മോഹിച്ചിട്ടില്ല. പട്ടടയിലേക്ക് ഇനി എടുത്തുവെക്കോളവുമില്ല.
സ്ഥാനങ്ങൾ നേടാൻ വേണ്ടി ചിലർ കൻഡോണ്ട്മെന്റ് ഹൌസിൽ പായ് വിരിച്ച് കിടക്കുകയായിരുന്നുവത്രെ. നറുക്ക് വീണവരുടെ പുതിയ ദൌത്യത്തിന് എല്ലാ ആശംസകളും നേരുന്നു. ഇതിൽ പലരും എന്റെ ആത്മമിത്രങ്ങളാണ്.ചിലരോട് മാധ്യമരംഗവുമായി ബന്ധപ്പെട്ട് വലിയ കടപ്പാടുണ്ട്. ഒട്ടേറെപ്പേർ ആശംസകൾ അർപ്പിച്ചു സാമൂഹമാധ്യമങ്ങളിൽ രംഗത്ത് വന്നിട്ടുണ്ട്. എനിക്ക് സഹോദരി തുല്യയായ ഒരു മാദ്ധ്യമ പ്രവർത്തക ഈ പട്ടികയിലെ നെടുംതൂൺ ആയ താരത്തെ പ്രകീർത്തിച്ചിരിക്കുന്നത് പോലുള്ള കടപ്പാട് അല്ല എന്റേത് . അത് വായിച്ചപ്പോൾ സഹതാപം തോന്നിപ്പോയി. റേഷൻ കാർഡ് കിട്ടുക അപ്രാപ്യമായിരുന്ന കാലത്ത് എൺപത് കളിൽ ഈ താരം അത് സംഘടിപ്പിച്ചു കൊടുത്തത് ഇപ്പോഴും ഓർക്കുന്നുണ്ടത്രേ.
യഥാർത്തത്തിൽ ഏഷ്യാനെറ്റ് ആണ് ഈ പട്ടികയുടെ ഗർഭഗൃഹം.അത് മറച്ചുവെച്ചിട്ട് കാര്യമില്ല. കഴിഞ്ഞ മൂന്നു മാസത്തോളമായി രാത്രി എട്ടുമണിക്കുള്ള ചർച്ച ഇപ്പോൾ പുതിയ പദവികളുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നവർ അടങ്കൽ എടുത്തിരിക്കുകയായിരുന്നു.ബെല്ലടിക്കുമ്പോൾ ഉയരുന്ന തിരശീലക്ക് മുന്നിലെ ചിത്രം കണ്ടാൽ അതറിയാം. അതിന്റെ പേറ്റു നോവാണ് ഈ ചാനൽ ചർച്ചയിൽ അനുഭവിച്ചുകൊണ്ടിരുന്നത്. ചാനൽ മുതലാളിക്ക് ഇതിൽ അലോസരമില്ലെങ്കിൽ മറ്റുള്ളവർ എന്തിന് ഗ്വ ഗ്വ വിളിക്കണം. എന്തായാലും സുഖപ്രസവം തന്നെ നടത്തിയെടുത്തതിൽ പ്രിയങ്കാ ഗാന്ധിയോട് നന്ദി പറയണം. ഇത്രേയുള്ളൂ കോൺഗ്രസ്സ് എന്നത് ഒരു തമാശയാണ്.
വിഷയത്തിലേക്ക് വരാം. ഞാൻ ഇതേക്കുറിച്ച് എഴുതി കൂടുതൽ ശത്രുക്കളെ സമ്പാദിക്കുക ആണെന്നറിയാം. ഏറിയാൽ 20 ശത്രുക്കളെ കൂടി! മുഖ്യമന്ത്രി കണ്ടെത്തിയ ഗമണ്ഡൻ മാധ്യമപ്രവർത്തകരിൽ എത്ര കോൺഗ്രസുകാർ ഉണ്ട് സുഹൃത്തുക്കളെ? 10 വർഷം കഴിഞ്ഞുള്ള വീതം വെപ്പല്ലേ. ഇവരിലാരെങ്കിലും ഏതെങ്കിലും കോൺഗ്രസ് ചായ് വുള്ള സംഘടനയിൽ പ്രവർത്തിക്കുന്നവരാണോ? ഗ്ലാസ്മെറ്റ് ആണെന്ന് പറഞ്ഞ് സ്വയം അധ:പ്പതിക്കരുത്. അവർ ആരൊക്കെയാണെന്ന്, എന്തൊക്കെയാണെന്ന് തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്ക് അറിയാം. അവരുടെ മൂല്യബോധമേ ഈ മേനോൻ മുഖ്യമന്ത്രിക്ക് ഉള്ളെങ്കിൽ സഹതപ്പിക്കുകയേ നിവർത്തിയുള്ളൂ.
മുഖ്യമന്ത്രിക്ക് തെറ്റ് പറ്റാം. പക്ഷേ ഈ പദവികളിൽ എത്തിയവരുടെ മാധ്യമ പ്രവർത്തന സംഭാവനകളെ കുറിച്ച് ഒന്ന് കണ്ണോടിക്കേണ്ടെ. ചിലർ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഒപ്പമുണ്ടായിരുന്നു എന്ന് തൊട് ന്യായം പറയാം. പക്ഷേ അന്നത്തെ ഉത്തരവാദിത്വങ്ങളാണോ മുഖ്യമന്ത്രിയുടെ തലയിൽ ഇപ്പോൾ വരുന്നത്. പിണറായി വിജയനോടാണ് പോരാടേണ്ടത്. രാഷ്ട്രീയമായും ധൈഷണികമായും ദാർശനികമായും ജ്ഞാനമില്ലാത്ത ഒരാൾക്കും ഇതിൽ വിജയിക്കാനാകില്ല. പിണറായി വിജയനെ എകെജി സെൻറർറിൽ നിന്ന് നിയമസഭയിലേക്ക് ആനയിക്കുന്നത് ലോകഭൂപടം നിവർത്തി പഠിപ്പിച്ചാകും. അവിടെ മുഖ്യമന്ത്രി ഒരിഞ്ച് തോൽക്കാൻ പാടില്ല. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ടീം ദുർബലമാണെന്ന് തുറന്ന് പറഞ്ഞാൽ കോപിക്കരുത്. ഇത്തരം സ്ഥാനമാനങ്ങൾ ഒപ്പിച്ചെടുക്കാൻ പെടാപ്പാട് പെടുന്നവരുടെ ചെരു പ്പിനൊത്തു കാലു മുറിക്കണോ? വിനു വി ജോണിന്റെ വിദ്വേഷം ഭയന്ന് സത്യം പറയാതിരിക്കാനാകില്ല.
2006 മുതൽ കോൺഗ്രസിന് ഒരു രക്ഷാ കവചമായി പ്രവർത്തിക്കുകയായിരുന്നു ‘ജനശക്തി’. ഐതിഹാസികമായ ഒട്ടേറെ രാഷ്ട്രീയ സംഭവങ്ങൾ മറനീക്കാനും സിപിഎമ്മിലെ അപചയങ്ങളും ജീർണ്ണതയും നയവ്യതിയാനങ്ങളും സധൈര്യം തുറന്ന് കാട്ടാനും ഈ പോരാട്ടം ഞങ്ങൾക്ക് കരുത്ത് പകർന്നിട്ടുണ്ട്. ഇപ്പോൾ ആ ചുതലകൾ നിർവഹിക്കാൻ പ്രാപ്തിയുള്ളവർ മുഖ്യമന്ത്രിയോടൊപ്പം അണിനിരക്കുന്ന സാഹചര്യത്തിൽ ദിനസരി എഴുത്തിൽ നിന്ന് ഞാൻ പിൻവാങ്ങുകയാണ്. അത്യാവശ്യമുള്ളപ്പോൾ മാത്രമേ ഇനി പ്രതികരിക്കൂ. അത്രയും ശത്രുക്കളും കുറഞ്ഞിരിക്കും 2006 ലാണ് ജനശക്തി തിരുവനന്തപുരത്ത് ജന്മം കൊണ്ടത്. ഇത്രയും വർഷം ഞങ്ങളേ സഹിച്ചവരോട് നന്ദി പറയുന്നു.