വിശുദ്ധ ബൈബിളിന്റെ ഉറവിടം എങ്ങനെ? 'ബൈബിള്‍' എന്ന പദം ഏത് വാക്കില്‍ നിന്നും ഉരുത്തിരിഞ്ഞു?

 
bible

ബൈബിള്‍ എന്ന പദം 'ബിബ്ലിയ' എന്ന ഗ്രീക്ക് വാക്കില്‍നിന്നും ഉരുത്തിരിഞ്ഞതാണ്. ഈ വാക്കിന്റെ അര്‍ത്ഥം 'പുസ്തകങ്ങള്‍' എന്നാണ്. ഇതിന്റെ ഏക വചനമായ ''ബിബ്ലിയോണ്‍' എന്ന പദം 'ബിബ്ലോസ്' എന്ന ഗ്രീക്ക് പദത്തിന്റെ ഒരു രൂപമാണ്. 

ബിബ്ലോസ് ലെബനോനിലെ ഒരു തുറമുഖപട്ടണമായിരുന്നു. ഈ തുറമുഖത്തിലെ ഒരു പ്രധാന കയറ്റുമതി ഉത്പന്നമായിരുന്നു പപ്പിറസ്. രചനയ്ക്കായി ഉപയോഗിച്ചിരുന്ന വസ്തുവായിരുന്നു പപ്പിറസ്. 

അങ്ങനെ പപ്പിറസില്‍ എഴുതിയിരുന്നവയ്ക്ക് അവ കൊണ്ടുവന്ന സ്ഥലവുമായി ബന്ധപ്പെടുത്തി(ബിബ്ലോസ്) ബിബ്ലിയോണ്‍/ ബിബ്ലിയ എന്ന നാമം നല്‍കപ്പെട്ടു.

ഇസ്രായേല്‍ ജനത്തിന്റെയും ആദിമസഭയുടെയും ഗ്രന്ഥശേഖരമാണ് ഇന്ന് 'ബൈബിള്‍' എന്നറിയപ്പെടുന്നത്. എഡി 400 മുതലാണ് ബൈബിള്‍ എന്ന പേര് പ്രധാനമായും ഈ അര്‍ത്ഥത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് എന്ന് കരുതപ്പെടുന്നു. 

ആയിരത്തിലേറെ വര്‍ഷമെടുത്താണ് ബൈബിള്‍ പുസ്തകരൂപമെടുത്തത്, ദൈവാരൂപിയാല്‍ പ്രേരിതരായ മനുഷ്യര്‍ വ്യത്യസ്ത കാലഘട്ടങ്ങളിലും സാഹചര്യങ്ങളിലും രചിച്ചവയാണ് ബൈബിളിലെ പുസ്തകങ്ങള്‍, മോശമുതല്‍ യോഹന്നാന്‍ സ്ലീഹാവരെയുള്ള കാലഘട്ടത്തിനിടയിലാണ് (ബി. സി. 1300 മുതല്‍ എ. ഡി. 100 വരെ) ബൈബിളിലെ 73 ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത് എന്നാണ് പണ്ഡിതരുടെ അഭിപ്രായം.

ദൈവിക വെളിപാടാണ് ബൈബിളിന്റെ ഉള്ളടക്കം, ഇത് മറ്റു ഗ്രന്ഥങ്ങളില്‍നിന്ന് വ്യത്യസ്ഥമാണ്. ഇതിലെ ലിഖിതങ്ങള്‍ ദൈവാത്മാവിന്റെ നിവേശനഫലമാണെന്ന് ബൈബിളില്‍ത്തന്നെ തെളിവുകള്‍ കാണാം (2 തിമോത്തി 3:16-17, 2 പത്രോസ് 1:21, 3:16) ദൈവം തന്നെ എഴുതുവാന്‍ നിര്‍ദ്ദേശിക്കുന്നതായി പഴയനിയമത്തില്‍ കാണുന്നുണ്ട് (പുറപ്പാട് 17:14, 34:27 ഏശയ്യാ 30:8 ജറെമിയ 30:2, 36:2) ദൈവം തന്നെയും എഴുതിയതായിട്ടുമുള്ള പരാമര്‍ശങ്ങള്‍ ഉണ്ട് (പുറപ്പാട് 32:16; 34:1). 

ആദിമസഭ വിശുദ്ധ ലിഖിതങ്ങളിലുള്ള ദൈവാത്മാവിന്റെ നിവേശനവും (പ്രേരണയും) ദൈവമാണ് ഈ ലിഖിതങ്ങളുടെ കര്‍ത്താവും ഉറവിടവുമെന്നുള്ള വിശ്വാസവും പുലര്‍ത്തിയിരുന്നു. അതുകൊണ്ടാണ് ''ബൈബിള്‍ എന്നത് ദൈവവചനം മനുഷ്യന്റെ ഭാഷയില്‍ എഴുതപ്പെട്ടതാണെന്ന്'' എന്ന് പൊതുവായി പറയുന്നത്.

കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍

Tags

Share this story

From Around the Web