ദൈവത്തിന് നമ്മോടുള്ള സ്നേഹമെങ്ങനെയാണ്? 

 
 love

'മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല' (ഏശ 49: 15).


ദൈവത്തിന് നമ്മോടുള്ള സ്നേഹം അമ്മയുടേത് പോലെയാണെന്ന് പറയുന്നതു സത്യമാണ്. ഇക്കാര്യം ഏശയ്യാ പ്രവാചകനിലൂടെ അവിടുന്ന് സമര്‍ത്ഥിക്കുന്നുണ്ട്, 'ഒരമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ മറക്കാനാവുമോ?'. ദൈവസ്നേഹം അലിവാര്‍ന്നതും, കരുണാര്‍ദ്രവുമാണ്. 

വിശുദ്ധ ഗ്രന്ഥത്തിലും സഭയുടെ സജീവ സ്മരണയില്‍ ദൈവസ്നേഹം വര്‍ണ്ണിച്ചിരിക്കുന്നതും അനുഭവപ്പെട്ടിരിക്കുന്നതും സംശയലേശമന്യേ ഒരമ്മയുടെ കരുണാമയമായ സ്നേഹമായിട്ടാണ്.

ജറുസലെമിനെ പ്രതി വിലപിക്കുന്നതിലൂടെ യേശു തന്റെ കരുണാര്‍ദ്രമായ സ്നേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അവന്‍ ഇപ്രകാരം പറഞ്ഞു, 'ജറുസലേമേ, ജറുസലേമേ! പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നത് പോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു'.

 കര്‍ത്താവില്‍ പ്രിയ സ്നേഹിതരേ, മനുഷ്യഭാഷയുടെയും, അവന്റെ ഗ്രഹണശക്തിയുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് പോകുന്നത്ര വലുതാണ് ദൈവസ്നേഹം! അത് ദൈവപുത്രനായ യേശുക്രിസ്തുവിലും അവന്റെ ശരീരമായ തിരുസഭയിലും മാംസം ധരിച്ചു.

വേര്‍തിരിവുകളില്ലാതെ, അതിരുകളില്ലാതെ, ദൈവം നിങ്ങളെ എല്ലാവരേയും സ്നേഹിക്കുന്നു. നിങ്ങളുടെയിടയില്‍ പ്രായത്തിന്റെ ഭാരം പേറുന്ന വയോധികരെ അവന്‍ സ്നേഹിക്കുന്നു. നിങ്ങളിലെ രോഗികളേയും, എയിഡ്‌സ് പോലെയുള്ള രോഗത്താല്‍ ദുരിതമനുഭവിക്കുന്നവരേയും അവന്‍ സ്നേഹിക്കുന്നു.


 രോഗികളുടെ ബന്ധുക്കളേയും, സുഹൃത്തുക്കളേയും, അവരെ ശുശ്രൂഷിക്കുന്നവരേയും അവന്‍ സ്നേഹിക്കുന്നു. നമ്മെ എല്ലാവരേയും വ്യവസ്ഥയില്ലാതെ, എന്നെന്നേക്കുമായി അവന്‍ സ്നേഹിക്കുന്നു.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, സാന്‍ അന്റോണിയോ, ടെക്സാസ് 13.10.87).

Tags

Share this story

From Around the Web