മരണമടഞ്ഞവര്‍ ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിച്ചുവെന്ന് ഭൂമിയിലുള്ളവര്‍ എങ്ങനെ അറിയും?

 
jesus

മരണമടഞ്ഞ വ്യക്തി ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിച്ചു എന്ന് ഭൂമിയിലുള്ളവര്‍ എങ്ങനെ അറിയും? ഭൂമിയിലുള്ളവര്‍ക്ക് അത് അറിയാനുള്ള പ്രത്യേകവഴികളൊന്നും ഉള്ളതായി സഭ നമ്മെ പഠിപ്പിക്കുന്നില്ല. 

മറിച്ച് ശുദ്ധീകരണാത്മാക്കള്‍ സ്വര്‍ഗ്ഗത്തിലെത്തി കഴിയുമ്പോള്‍ അവര്‍ സ്വര്‍ഗത്തില്‍ നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുകയും നമുക്ക് പ്രത്യേകമായി ദൈവാനുഗ്രഹം ലഭിച്ചു തുടങ്ങുകയും ചെയ്യും എന്നാണ് വിശുദ്ധര്‍ നമ്മെ പഠിപ്പിക്കുന്നതും ഇതിനൊരു തെളിവായിട്ട് നാം മനസ്സിലാക്കേണ്ടതും.

ഈ ചോദ്യത്തിന്റെ പിന്നിലുള്ള ഉദ്ദേശ്യം ഇതാണ് നമ്മള്‍ എത്രകാലം ശുദ്ധീകരണാത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം അവിടെ നിന്നും അവര്‍ കയറിപ്പോയോ ഇല്ലയോ എന്നുള്ളത് എപ്രകാരമാണെന്നറിയുക. 

മരിച്ചുപോയ എല്ലാ ആത്മാക്കളും സഭ ഔദ്യോഗികമായി വിശുദ്ധര്‍ എന്ന് പ്രഖ്യാപിക്കുന്നതുവരെയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കണം. 

പല ശുദ്ധീകരണാത്മാക്കളും അതിനു മുമ്പേ സ്വര്‍ഗ്ഗത്തിലെത്തിയിട്ടുണ്ടാകും. ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത വിശുദ്ധാത്മാക്കളും സ്വര്‍ഗ്ഗത്തിലുണ്ട് എന്ന് തന്നെയാണ് തിരുസഭയുടെ പഠനം.

പില്‍ക്കാല തലമുറയ്ക്ക് അവരുടെ ജീവിതം മാതൃകാപരമാണ് എന്ന് സ്വര്‍ഗം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതുവരെ മാത്രമേ ഔദ്യോഗികമായി സഭ വിശുദ്ധരായി പ്രഖ്യാപിക്കുകയുള്ളൂ. 

മരിച്ചുപോയവരും വിശുദ്ധീകരണസ്ഥലത്തുള്ളവരും സ്വര്‍ഗ്ഗത്തിലെത്തികഴിഞ്ഞാല്‍ നമ്മുടെ പ്രാര്‍ത്ഥന വെറുതെയാകില്ലേ എന്നു ചോദിച്ചാല്‍ ഇല്ല. 

കാരണം നാം നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നാം നടത്തുന്നത് കേവലം വ്യക്തിപരമായ പ്രാര്‍ത്ഥനയല്ല. ഈ ഭൂമിയിലെ സമരസഭ ശുദ്ധീകരണ സ്ഥലത്തിലെ സഹനസഭയ്ക്കു വേണ്ടി നടത്തുന്ന മദ്ധ്യസ്ഥപ്രാര്‍ത്ഥനയാണ്. 

അതുകൊണ്ടു തന്നെ ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കും നമ്മുടെ പ്രാര്‍ത്ഥനയുടെ ഗുണം ലഭിക്കുന്നുണ്ട്. 

അതിനാല്‍ നമ്മുടെ ജീവിതാന്ത്യം വരെയും മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടരുന്നത് ഏറ്റം അനുഗ്രഹപ്രദമാണ്. ഇതിലൂടെ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുടെയും വിശുദ്ധീകരണം സാധ്യമാകുന്നു എന്നുകൂടി തിരിച്ചറിയണം.

കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍

Tags

Share this story

From Around the Web