ഗുഡ് ഫ്രൈഡേ എങ്ങനെ ദുഃഖ വെളളിയായി ?

കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍ കിടന്ന് സ്വന്തം ജീവന്‍ ബലിയായി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മയ്ക്കായാണ് ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. യേശു കുരിശു ചുമന്ന് കാല്‍വരി കുന്നിലേക്ക് സ്വയം മരണത്തിലേക്ക് നടന്നടുത്തത് മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു. മനുഷ്യകുലത്തിന്റെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് യേശു മുള്‍ക്കിരീടം ചൂടിയതും ചാട്ടവാറടി ഏറ്റതും 136 കിലോയോളം തൂക്കമുണ്ടായിരുന്ന കുരിശ് സ്വയം തോളിലേറ്റി ഗാഗുല്‍ത്താ മലയില്‍ നിന്നു തുടങ്ങിയ യാതനകളുടെ ഭാരം വഹിച്ചതും എല്ലാം മാനവര്‍ക്കുവേണ്ടിയായിരുന്നു.
'യഹൂദന്മാരുടെ രാജാവായ നസ്രായനായ യേശു'(INRI) എന്ന് പടയാളികള്‍ കളിയാക്കി എഴുതി യേശുവിന്റെ കുരിശിന് മുകളില്‍ തൂക്കിയപ്പോഴും ദാഹിച്ച് തൊണ്ട വറ്റിയപ്പോള്‍ കുടിക്കാന്‍ കയ്പ് നീര് കൊടുത്തപ്പോഴും കൂടെയുണ്ടായിരുന്ന ശിഷ്യന്‍ തന്നെ മുപ്പത് വെളളിക്കാശിന് ഒറ്റിയപ്പോഴും ഒന്നും പറയാതെ സഹനത്തിന്റെയും 'ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല, ദൈവമേ ഇവരോട് പൊറുക്കണമേ' എന്ന പ്രാര്‍ഥന ഉരുവിട്ടപ്പോഴും അവന്‍ തന്നെക്കുറിച്ച് ആവലാതിപ്പെട്ടില്ല. അവസാനം മേഘങ്ങള്‍ സൂര്യനെ മറച്ച ഇരുണ്ട ഒരു വെളളിയാഴ്ച മനുഷ്യപുത്രന്‍ ഈ ലോകത്തിന്റെ പാപങ്ങള്‍ക്കു വേണ്ടി കുരിശു മരണം വരിച്ചു.
ഇന്നും യേശു കുരിശില്‍ ചിന്തിയ രക്തത്തിന്റെ കറ മായാതെ കിടക്കുന്നുണ്ടെങ്കിലും അതിന്റെ അനന്തര ഫലം വലിയൊരു നന്മയായി മാറുകയായിരുന്നു. അങ്ങനെ കാല്‍വരിയില്‍ യേശു ജീവാര്‍പ്പണം ചെയ്ത ദിവസം ഇംഗ്ലീഷില്‍ Good Friday (ഗുഡ് ഫ്രൈഡേ/നല്ല വെളളി) എന്നു അറിയപ്പെടാന്‍ തുടങ്ങി.
യേശുവിനെ ക്രൂശിലേറ്റിയ ദിവസം പക്ഷേ നമ്മള്‍ക്ക് ദുഃഖ വെളളിയാണ്. ഇംഗ്ലീഷിലും മലയാളത്തിലും ഭാഷാപരമായി വരുന്ന പൊരുത്തക്കേടുകള്‍ എപ്പോഴെങ്കിലും എല്ലാവരും ചിന്തിച്ചിട്ടുമുണ്ടാകും. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് പാശ്ചാത്യ രാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ചു തുടങ്ങിയത്. God's Friday (ദൈവത്തിന്റെ ദിനം) എന്ന പേരില്‍ നിന്നാണ് ഗുഡ് ഫ്രൈഡേ ആയി മാറിയതെന്നും പറയപ്പെടുന്നു. Holy Friday (വിശുദ്ധ വെളളി), Great Friday (വലിയ വെളളി), Easter Friday (ഈസ്റ്റര്‍ വെളളി) എന്നിങ്ങനെയും പല രാജ്യങ്ങളിലായി ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. ഇവയില്‍ അമേരിക്ക അടക്കം ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ഉപയോഗിച്ചു പോരുന്നത് ഗുഡ് ഫ്രൈഡേ എന്നാണ്.
കുരിശില്‍ യേശു സഹിച്ചത് പീഢകളെങ്കിലും അവയുടെയെല്ലാം അനന്തര ഫലം മാനവരാശിയുടെ രക്ഷ എന്നതായിരുന്നു. അതുകൊണ്ടുതന്നെ യേശുവിന്റെ കുരിശുമരണം വലിയൊരു നന്മയ്ക്കു വേണ്ടിയായിരുന്നു എന്ന അര്‍ഥത്തിലാണ് ഗുഡ് ഫ്രൈഡേ എന്നും മറ്റും അറിയപ്പെടുന്നത്.
അതേസമയം, ജര്‍മനിയില്‍ Sorrowful Friday (ദുഃഖ വെളളി) എന്നു തന്നെയാണ് അറിയപ്പെടുന്നത്. മലയാളത്തിലും ജര്‍മനിയിലും ദുഃഖ വെളളിയായി ആചരിക്കാന്‍ കാരണം യേശുവിന്റെ പീഢാ സഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ്. പെസഹാ വ്യാഴത്തിനു ശേഷം യേശു യാതനകളും പീഢകളും മനുഷ്യകുലത്തിനു വേണ്ടി സഹിച്ചു മരിച്ച ദിനത്തിന്റെ ഓര്‍മ പുതുക്കാനായാണ് ഇവിടങ്ങളിലെ ക്രൈസ്തവര്‍ ഈ പേര് ഉപയോഗിക്കുന്നത്.
പക്ഷേ യഥാര്‍ഥത്തില്‍ ഗുഡ് ഫ്രൈഡേ ആയാലും ദുഃഖ വെളളിയായാലും കുരിശിലൂടെ മാനവ സമൂഹം രക്ഷ പ്രാപിച്ച ദിവസം എന്നാണ് അര്‍ഥമാക്കുന്നത്. പാപത്തിനു മേല്‍ നന്മ വിജയിച്ച ദിവസം എന്നും ഈ ദിനത്തെക്കുറിച്ച് പറയാറുണ്ട്.