അമ്മയെ കൊല്ലാൻ ശ്രമിച്ച പിതാവിനോട് എങ്ങനെ ക്ഷമിക്കും? ബാഴ്‌സലോണയിൽ കണ്ണീരണിയുന്ന ചോദ്യവുമായി ഡെസിറേ; കരുണയുടെ സന്ദേശവുമായി പാപ്പ

 
33333

ബാഴ്‌സലോണ: ജീവിതത്തിന്റെ ഏറ്റവും ഇരുളടഞ്ഞ നിമിഷങ്ങളിൽ തകർന്നുപോയ ഒരു പെൺകുട്ടിയുടെ ഹൃദയഭേദകമായ ചോദ്യത്തിന് മുന്നിൽ ബാഴ്‌സലോണയിലെ ഒളിമ്പിക്സ് സ്റ്റേഡിയം നിശബ്ദമായി. സ്പെയിൻ സന്ദർശനത്തിനിടെ ലിയോ 14-ാമൻ മാർപാപ്പ യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഡെസിറേ എന്ന യുവതി തന്റെ ജീവിത ദുരന്തം തുറന്നുപറഞ്ഞുകൊണ്ട് മാർപാപ്പയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത്.

സ്വന്തം അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ്, ലഹരിക്ക് അടിമയായി തകർന്ന അമ്മ, ഒടുവിൽ ജുവനൈൽ ഹോമിലെ ഒറ്റപ്പെടൽ- തന്റെ ജീവിതം തകർത്ത ഈ സാഹചര്യങ്ങൾ വിവരിച്ചുകൊണ്ട് ഡെസിറേ ചോദിച്ചു: "കുഞ്ഞായിരുന്നപ്പോൾ ദൈവം എവിടെയായിരുന്നു? എന്നെ ഇത്രയേറെ വേദനിപ്പിച്ച പിതാവിനോട് ഞാൻ എങ്ങനെ ക്ഷമിക്കും?" ചോദ്യം അവസാനിച്ചപ്പോൾ ആ സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് കണ്ണുകൾ ഈറനണിഞ്ഞു.

ഡെസിറേയുടെ ചോദ്യങ്ങളെ അത്യന്തം ഗൗരവത്തോടെയും ആർദ്രതയോടെയും സ്വീകരിച്ച മാർപാപ്പ നൽകിയ മറുപടി മാനവികതയുടെ വലിയ പാഠമായിരുന്നു. മനുഷ്യന്റെ അക്രമങ്ങൾക്കും തിന്മകൾക്കും ദൈവത്തെ കുറ്റപ്പെടുത്താനാവില്ലെന്ന് പാപ്പ വ്യക്തമാക്കി. "മനുഷ്യന് ബുദ്ധിയും സ്വാതന്ത്ര്യവും നൽകിയ ദൈവം സ്നേഹത്തിന്റെ വഴി കാണിച്ചുതന്നു. 'ദൈവം എവിടെയായിരുന്നു' എന്ന് ചോദിക്കുന്നതിനേക്കാൾ നാം എങ്ങനെ തിന്മയുടെ തടവുകാരായി എന്ന് സ്വയം ചോദിക്കുകയാണ് വേണ്ടത്," പാപ്പ പറഞ്ഞു.

"ക്ഷമിക്കുക എന്നാൽ അക്രമിയെ വീണ്ടും കൂടെക്കൂട്ടുക എന്നല്ല. മറിച്ച് ഹൃദയത്തിൽ നിന്ന് പകയും പ്രതികാരചിന്തയും എടുത്തുമാറ്റുക എന്നതാണ്. അവർക്കായി പ്രാർത്ഥിക്കാൻ ശ്രമിക്കുക. ചെറിയ ചുവടുകളിലൂടെ ക്ഷമയുടെ വഴിയിൽ നമുക്ക് മുന്നോട്ട് പോകാം."പാപ്പ ഓർമ്മിപ്പിച്ചു.

അതിക്രമങ്ങൾക്കിടയിലും വിശ്വാസം മുറുകെപ്പിടിച്ച ഡെസിറേയെ ആശ്വസിപ്പിച്ച മാർപാപ്പ പ്രത്യാശ കൈവിടരുതെന്ന ഉപദേശത്തോടെയാണ് മറുപടി അവസാനിപ്പിച്ചത്. ബാഴ്‌സലോണയിലെ ഈ കൂടിക്കാഴ്ച തിന്മയുടെ ലോകത്ത് ക്ഷമയുടെയും സഹനത്തിന്റെയും വലിയൊരു സന്ദേശമായാണ് ലോകം നോക്കിക്കാണുന്നത്.

Tags

Share this story

From Around the Web